Image

പ്രവാസി പെന്‍ഷന്‍ പദ്ധതി: യു.എ.ഇയിലെ ഏജന്‍സി ബാങ്ക്‌ ഓഫ്‌ ബറോഡ

Published on 25 August, 2012
പ്രവാസി പെന്‍ഷന്‍ പദ്ധതി: യു.എ.ഇയിലെ ഏജന്‍സി ബാങ്ക്‌ ഓഫ്‌ ബറോഡ
അബൂദബി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി പെന്‍ഷന്‍ പദ്ധതി യു.എ.ഇയില്‍ ബാങ്ക്‌ ഓഫ്‌ ബറോഡ മുഖേന നടപ്പാക്കും. പദ്ധതി ആരംഭിക്കാനുള്ള അന്തിമഘട്ട നടപടികളുടെ ഭാഗമായി പ്രവാസികാര്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം സെപ്‌റ്റംബറില്‍ യു.എ.ഇയിലെത്തും. അംഗങ്ങളെ ചേര്‍ക്കാനുള്ള ഗള്‍ഫിലെ ആദ്യ എന്‍റോള്‍മെന്‍റ്‌ സെന്‍റര്‍ ദുബൈയിലായിരിക്കും. ദുബൈ ഇന്ത്യന്‍ വര്‍ക്കേഴ്‌സ്‌ റിസോഴ്‌സ്‌ സെന്‍ററി (ഐ.ഡബ്‌ളിയു.ആര്‍.സി)ന്‍െറ ഭാഗമായാണ്‌ ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.

യു.എ.ഇയില്‍ ഏറ്റവും മികച്ച സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്ക്‌ എന്ന നിലയിലാണ്‌ ഇവിടെ ഏജന്‍സിയായി ബാങ്ക്‌ ഓഫ്‌ ബറോഡയെ തെരഞ്ഞെടുത്തത്‌. പ്രവാസികാര്യ മന്ത്രാലയവും ബാങ്കും തമ്മില്‍ ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും ബാങ്കിന്‍െറ ചുമതലകള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. സെപ്‌റ്റംബറില്‍ സന്ദര്‍ശനത്തിന്‌ എത്തുന്ന പ്രവാസികാര്യ മന്ത്രാലയ സംഘം ഇതേകുറിച്ച്‌ ബാങ്ക്‌ അധികൃതരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ ഔദ്യാഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂ.

പ്രവാസി പെന്‍ഷന്‍ പദ്ധതിക്ക്‌ യു.എ.ഇയിലെ അംഗങ്ങളെ ചേര്‍ക്കാനുള്ള എന്‍റോള്‍മെന്‍റ്‌ സെന്‍റര്‍ ദുബൈയിലെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ്‌ റിസോഴ്‌സ്‌ സെന്‍ററില്‍ സ്ഥാപിക്കാനാണ്‌ തീരുമാനം. യു.എ.ഇയിലെ ഇന്ത്യക്കാരില്‍ 75 ശതമാനം ദുബൈ, വടക്കന്‍ എമിറേറ്റുകളിലായതിനാലാണ്‌ ദുബൈയില്‍ സെന്‍റര്‍ സ്ഥാപിക്കുന്നത്‌. ജൂലൈ 21ന്‌ കൊച്ചിയിലും തിരുവനന്തപുരത്തും എന്‍റോള്‍മെന്‍റ്‌ സെന്‍റര്‍ ആരംഭിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ ജയ്‌പൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിലാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ ശ്രമഫലമായി വിദേശത്തെ ഇന്ത്യക്കാര്‍ക്ക്‌ ആവിഷ്‌കരിച്ച പദ്ധതിയുടെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക വീട്ടുവേലക്കാരികള്‍, ഹൗസ്‌ െ്രെഡവര്‍മാര്‍, തോട്ടത്തിലും മറ്റും ജോലി ചെയ്യുന്നവര്‍, നിര്‍മാണത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ്‌. ഇന്ത്യയില്‍നിന്ന്‌ വിദേശത്ത്‌ ജോലിക്ക്‌ പോകാന്‍ എമിഗ്രേഷന്‍ ക്‌ളിയറന്‍സ്‌ ആവശ്യമുള്ള (ഇ.സി.ആര്‍) വിഭാഗങ്ങളിലുള്ളവരെയാണ്‌ മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന എന്ന പേരിലുള്ള പെന്‍ഷന്‍ ആന്‍ഡ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഫണ്ട്‌ (പി.എല്‍.ഐ.എഫ്‌) പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. അവിദഗ്‌ധര്‍ക്കും വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കുമാണ്‌ ഇ.സി.ആര്‍ പാസ്‌പോര്‍ട്ട്‌ നല്‍കുന്നത്‌. പദ്ധതിയില്‍ വനിതകള്‍ക്ക്‌ പ്രത്യേക പരിഗണനയുണ്ട്‌. പെന്‍ഷന്‍, ഭാവിയിലേക്കുള്ള നിക്ഷേപം, ലൈഫ്‌ ഇന്‍ഷുറന്‍സ്‌ എന്നിങ്ങനെ മൂന്നു ഭാഗങ്ങളുള്ളതാണ്‌ പദ്ധതി. വാര്‍ധക്യ കാലത്ത്‌ പെന്‍ഷന്‍, പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയാല്‍ പുനരധിവാസ സഹായം, മരണമുണ്ടായാല്‍ ആശ്രിതര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ സംഖ്യ എന്നിങ്ങനെയാണിത്‌. നിശ്ചിത കാലപരിധിയില്‍ ഇന്ത്യക്ക്‌ പുറത്തെ സ്വാഭാവിക മരണത്തിന്‌ ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുണ്ടെന്നതാണ്‌ പദ്ധതിയുടെ പ്രധാന നേട്ടം.
പ്രവാസി പെന്‍ഷന്‍ പദ്ധതി: യു.എ.ഇയിലെ ഏജന്‍സി ബാങ്ക്‌ ഓഫ്‌ ബറോഡ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക