Image

അരുതേ ദുശ്ശാസനാ-ജോസഫ് നമ്പിമഠം (മുന്‍ കാല ക്രുതികള്‍)

ജോസഫ് നമ്പിമഠം Published on 23 August, 2012
അരുതേ ദുശ്ശാസനാ-ജോസഫ് നമ്പിമഠം (മുന്‍ കാല ക്രുതികള്‍)
ഉത്തരാധുനികതയുടെ തല തോട്ടപ്പ൯" ഡോക്ടര്‍ അയ്യപ്പ പണിക്കര്‍ കടന്നു പോയിട്ട്  ആറു വര്ഷം. എന്റെ ആദ്യ കവിതാ സമാഹാരത്തിനു അവതാരിക കുറിപ്പ് എഴുതിയ മഹാ മനസ്കതയുടെ മുന്നില്‍ പ്രണാമങ്ങള്‍. എന്റെ കവിതകള്‍ കേരള കവിതയില്‍ ചേര്‍ത്ത തിന്, മൂന്ന് പുസ്തകങ്ങളുടെ
പ്രകാശനം നടത്തിയതിനു ഒക്കെയും നന്ദി.
മലയാളത്തിന്റെ പ്രിയകവി അയ്യപ്പപ്പണിക്കര്‍ ഓര്‍മയായിട്ട് ആഗസ്റ്റ് 23-ന് 6 വര്‍ഷം.
---------------------------------------------------------------------------
ജോസഫ് നമ്പിമഠത്തിന് ആശംസ-അയ്യപ്പപ്പണിക്കര്‍ (മുന്‍ കാല ക്രുതികള്‍)

തീക്ഷ്ണമായ വാക്കുകളില്‍ തീവ്രമായ വികാരങ്ങള്‍ക്ക് ആവിഷ്‌ക്കാരം നല്‍കന്നതും ഇന്നത്തെ ഭാരതീയ(ലോക)വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതും ഇന്നും പെരുകിവരുന്ന ദുശ്ശാസനന്മാര്‍ക്കു നല്‍കുന്ന കവി ശാസനവുമാണ് 'അരുതേ ദുശ്ശാസനാ' എന്ന ആദ്യകവിത.

മണ്ണിന്റെ ആര്‍ദ്രതയില്‍
എന്നെ സ്‌നേഹിച്ചവരുടെ കണ്ണീരിന്റെ ഉപ്പുരസം
വായുവിലെ സ്പന്ദനങ്ങളില്‍
എന്റെ മുന്‍ഗാമികളുടെ
നഷ്ടസൗഭാഗ്യങ്ങളുടെ നിശ്വാസങ്ങള്‍
ജലത്തിന്റെ ആഴങ്ങളില്‍
ആടിയുലയുന്ന ശ്ലഥബിംബങ്ങളില്‍
മരിച്ചുപോയ എന്റെ പ്രിയപ്പെട്ടവരുടെ
ആത്മാക്കളായി മാറിയ നക്ഷത്രവ്യൂഹങ്ങള്‍
തീയിന്റെ ചുവപ്പ്
അവരുടെ കഠിനജീവതത്തിന്റെ
മുള്‍മുനയില്‍പ്പൊടിഞ്ഞ ജീവരക്തം
ഭൂമിയുടെ ഉള്‍ഗൃഹങ്ങളിലെ നീരുറവകള്‍
അമ്മമാരുടെ ഗര്‍ഭപാത്രങ്ങള്‍ പൊട്ടിയ ജീവജലം…

പഞ്ചഭൂതങ്ങളിലൂടെ നമ്പിമഠം ഉള്‍ക്കൊണ്ട ജീവിതാവബോധത്തിന്റെ സമ്മര്‍ദ്ദം ആത്മാര്‍ത്ഥമായി പ്രകടിപ്പിക്കുന്ന ഈ വരികള്‍ മതി ഈ കവിയെ തിരിച്ചറിയാന്‍. അകലെ അകലെ താമസിക്കുമ്പോഴും തന്റെ നാടിനെയും ജനതയെയും സംസ്‌ക്കാരത്തെയും നമ്പുന്ന ഈ കവി ചൂടുപിടിച്ച വാക്കുകളിലൂടെ തന്റെ ഭാവനയക്കു സ്മാരകം പണിയുന്നു.

വാക്കുകളിലും അവയുടെ ക്രമീകരണത്തിലും മാത്രമല്ല, ബിംബങ്ങളുടെ മൗലികതയിലും ജോസഫ് നമ്പിമഠം ശ്രദ്ധേയനാണ്. ബൈബിള്‍ പുരാവൃത്ത സൂചകങ്ങളെക്കൊണ്ട് സമകാലിക ജീവിതത്തിന്റെ വിമര്‍ശം നടത്താനും അദ്ദേഹത്തിനു കഴിയുന്നു. ആ സൂചകങ്ങള്‍ തന്നെ സമകാലികമാകുന്നു. രൂക്ഷമായ അസഹ്യതതന്നെ പല കവിതകളിലും അനുഭവപ്പെടുന്നു. 'ഭ്രൂണം മുതല്‍' അനുഭവിക്കുന്ന വ്യഥകള്‍ അശ്ലീലമെന്നു മുദ്ര കുത്താവുന്ന ബിംബങ്ങള്‍കൊണ്ട്, വാങ്മയങങള്‍കൊണ്ട്, യാതൊരു മറയുംമയവുമില്ലാതെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ 'തൊലിയുരിച്ചു' കാണിക്കുന്നു. അമേരിക്കന്‍ ജീവിതത്തിന്റെയും മാധ്യമസംസ്‌കാരത്തിന്റെയും അതിപ്രസരമായിട്ടുമാത്രമേ ചിലരിതിനെ കാണുകയുള്ളൂ. ഒരു പക്ഷേ പ്രത്യക്ഷചിത്രീകരണങ്ങള്‍ക്കു പിന്നില്‍ പരോക്ഷമായ ഒരു ചെറുത്തുനില്പ്പും പ്രതിരോധവും കൂടി വായനക്കാര്‍ കാണേണ്ടതല്ലേ? ഇന്ത്യയിലും കേരളത്തില്‍തന്നെയും നമ്മുടെ കാലത്ത് ഇവിടെ പറയുന്ന ജീവിതവൈകൃതങ്ങള്‍ തീരെ കുറവൊന്നുമല്ലല്ലോ. നാമെല്ലാം അതിനു സാക്ഷികള്‍, മൂകമായെങ്കിലും അതിന് അതിരുനില്‍ക്കുന്നു എന്നും തോന്നിപ്പോകുന്നു. പൊതുവേയുള്ള ജാഡതയ്ക്കും ജളതയ്ക്കും ഈ കവിതകള്‍ മിക്കവയും പ്രതിബിംബങ്ങളാകുന്നതിനു കാരണവും അതാകാം. "നിസ്വനായ പക്ഷി"യിലെ ആദ്യചിത്രം ഇങ്ങനെ.

മനസ്സ് ഒരു നിസ്വനായ പക്ഷിയാണ്
ചിറകുനനഞ്ഞ് അതുചിലപ്പോള്‍
ഇലകളില്ലാത്ത നരച്ചവൃക്ഷക്കൊമ്പില്‍ ചേക്കേറുന്നു
പഴുത്ത ഞാവല്‍ പഴങ്ങള്‍കണ്ടാലും
നിസ്സംഗനായി, നഷ്ടബോധത്തോടെ
കുമ്പിട്ടതലയുമായി ഒരു മുനിയെപ്പോലെ ഇരിക്കുന്നു.

സൗമ്യശീതളമായ ഈ ഭാഷയില്‍ത്തന്നെ ഗൗരവം നിറഞ്ഞ ഒരു പ്രതിരോധം, ഉപരോധം മുഴുങ്ങുന്നുണ്ട്. 'ഇതു നഗരമാണ് തിരിഞ്ഞുനില്ക്കരുത്' എന്ന കവിതയില്‍ .

വഴിയോരങ്ങളില്‍ ആക്‌സിഡന്റുകള്‍
ശ്രദ്ധിക്കാന്‍ എനിക്കുകഴിയാതായിരിക്കുന്നു

എന്ന വരികളിലെ നിസ്സംഗമായ ക്രൂരത നമ്മുടെ കാലത്ത് ഒരു ജീവിതശൈലി-അല്ല, മുഖ്യജീവിതമാതൃക തന്നെ-ആയിരിക്കുന്നു. ഇനി എന്തിനു കവിത എന്നുപോലും ചോദിക്കാന്‍ തോന്നുന്ന അവസ്ഥയിലാണ് കവിതയ്ക്കു പ്രസക്തി എന്ന് ഈ കവിതകളെല്ലാം സൂചിപ്പിക്കുന്നു, സ്ഥാപിക്കുന്നു.

ഒരേ സമയം അമേരിക്കന്‍ അനുഭവങ്ങളും കേരളീയ സ്മൃതിചിത്രങ്ങളും ആവഹിക്കുന്ന നമ്പിമഠത്തിന്റെ കവിതകള്‍ ഇന്നത്തെ വായനക്കാര്‍ ആവര്‍ത്തിച്ചു വായിക്കേണ്ടതാണ്. തുഞ്ചന്റെ കിളിമകളെ ആവാഹിക്കുന്ന കവിതയിലും ഇരട്ടക്കാഴ്ച കാണാം. പഴമ-പുതുമ; വിദേശം-സ്വദേശം; സൗമ്യം-രൂക്ഷം തുടങ്ങിയ ഇരട്ടക്കാഴ്ചകള്‍ക്ക് അനുഗുണമായി ഇംഗ്ലീഷും മലയാളവും ഇടകലര്‍ന്ന ഭാഷതന്നെ ഒരു ബിംബമായി മാറുന്നു. വെറും മാധ്യമം മാത്രമല്ല ജീവിതനിലവാര സൂചികതന്നെ.

അരുതേ ദുശ്ശാസനാ
ഈ മണ്ണിന്റെ ആര്‍ദ്രതയില്‍,
എന്നെ സ്‌നേഹിച്ചവരുടെ കണ്ണീരിന്റെ ഉപ്പുരസം.
ഈ വായുവിലെ സ്പന്ദനങ്ങളില്‍,
എന്റെ മുന്‍ഗാമികളുടെ,
നഷ്ട സൗഭാഗ്യങ്ങളുടെ നിശ്വാസങ്ങള്‍.
ഈ ജലത്തിന്റെ ആഴങ്ങളില്‍,
ആടിയുലയുന്ന ശ്ലഥബിംബങ്ങളില്‍,
മരിച്ചുപോയ എന്റെ പ്രിയപ്പെട്ടവരുടെ,
ആത്മാക്കളായി മാറിയ നക്ഷത്രവ്യൂഹങ്ങള്‍.
ഈ തീയിന്റെ ചുവപ്പ്,
അവരുടെ കഠിനജീവിതത്തിന്റെ ,
മുള്‍മുനയില്‍പ്പൊടിഞ്ഞ ജീവരക്തം.
ഈ ഭൂമിയുടെ ഉള്‍ഗൃഹങ്ങളിലെ നീരുറവകള്‍,
അമ്മമാരുടെ ഗര്‍ഭപാത്രങ്ങള്‍ പൊട്ടിയ ജീവജലം.
ഭാഷകൊണ്ടുവേര്‍തിരിച്ച ഈ നാടിന്റെ,
അതിര്‍വരമ്പുകള്‍
എന്റെ ഭ്രാന്തന്‍ തലയിലെ ശിരോലിഖിതങ്ങള്‍.
ഈ അക്ഷരങ്ങളുടെ വടിവകള്‍,
എന്റെ ഭാവിജീവിതത്തിന്റെ കൈരേഖകള്‍.
ഈ മണ്ണില്‍ ഇഴയുന്ന പട്ടണിക്കോലങ്ങള്‍,
എന്റെ ദിവാസ്വപ്നങ്ങളിലെ പേക്കിനാവുകള്‍.
തെരുവുയുദ്ധങ്ങളില്‍ മരിച്ചു വീഴുന്നവര്‍.
ചിന്തകളില്‍ ചുറ്റിവരിയുന്ന കിനാവള്ളികള്‍.
എന്റെ മോഹങ്ങളുടെ മന്തുകാലുകളില്‍,
ജീര്‍ണ്ണസംസ്‌ക്കാരത്തിന്റെ തേരട്ടകള്‍.
ഇവിടെ, മാറിവരുന്ന ഭരണകൂടങ്ങള്‍,
ക്ഷയം പിടിച്ചവന്റെ ശ്വാസകോശങ്ങളില്‍ നിന്നുള്ള,
ഫലം പുറപ്പെടുവിക്കാത്ത വെറും ചുമകള്‍.
ഇവിടത്തെ സ്ഥിതിസമത്വ പ്രവര്‍ത്തനങ്ങള്‍ ,
മന്ത് മറുകാലിലാക്കുന്ന ഭ്രാന്തന്‍ പരിഷ്‌ക്കാരങ്ങള്‍.
വര്‍ഗ്ഗസമരം കൊടിനാട്ടിയ
തൊഴില്‍ശാലകളില്‍ നിന്ന്
പുറത്തേക്കു വരുന്നത്
മൂര്‍ച്ചയില്ലാത്ത ബ്ലേഡുകള്‍.
അവകൊണ്ടു മുറിക്കപ്പെടുന്നത്,
രക്തമില്ലാത്ത തൊഴിലാളിയുടെ
ഒട്ടിയ ഞരമ്പുകള്‍.
ഇവിടെ ഉയരുന്ന
രമ്യഹര്‍മ്മ്യങ്ങള്‍ക്കു മുകളില്‍
ചൂഷകസമ്പത്തിന്റെ
തിളങ്ങുന്ന താഴികക്കുടങ്ങള്‍.
ഇവിടെ കൊടികുത്തി വാഴുന്ന പെണ്‍വാണിഭങ്ങള്‍,
ഭോഗസംസ്‌കാരത്തിന്റെ പ്ലേഗു ബാധകള്‍
ഇവിടെ,
ബലാത്സംഗം ചെയ്യപ്പെടുന്ന ബാല്യങ്ങള്‍,
എന്റെ ഹൃദയപേശികളില്‍ ഇഴയുന്ന,
ഭീമന്‍ എട്ടുകാലികല്‍.
നിര്‍വ്വികാര ലിംഗങ്ങള്‍ക്കും
കൊഴുത്ത കാളക്കുട്ടികളുടെ
മാംസദാസത്തിനുമിടയില്‍-
നിസ്സഹായമായ ചോദ്യചിഹ്നം പോലെ,
ഉണങ്ങി നീരറ്റ ഭാരതാംബ പോലു
ഉടുതുണിയുരിയപ്പെടാതിരിക്കാന്‍,
“അരുതേ ദുശ്ശാസനാ”
എന്ന് വിലപിച്ചുകൊണ്ടേയിരിക്കുന്നു.
അരുതേ ദുശ്ശാസനാ-ജോസഫ് നമ്പിമഠം (മുന്‍ കാല ക്രുതികള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക