Image

വിസ വാഗ്ദാനം ചെയ്തും സുനോജ് ദോഹയില്‍ നിന്ന് വന്‍ തുക തട്ടിയെടുത്തു

Published on 24 August, 2012
വിസ വാഗ്ദാനം ചെയ്തും സുനോജ് ദോഹയില്‍ നിന്ന് വന്‍ തുക തട്ടിയെടുത്തു
ദോഹ: സൂപ്പര്‍മാര്‍ക്കറ്റിന്റെ മറവില്‍ ദോഹയില്‍ നിന്ന് പത്ത് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ നാലംഗ സംഘത്തിലെ കണ്ണിയായ ചാവക്കാട് തെക്കന്‍ പാലയൂര്‍ പണിക്കവീട്ടില്‍ സുനോജ് (32) വിസ നല്‍കാമെന്ന് പറഞ്ഞും ദോഹയിലുള്ള പലരില്‍ നിന്നായി വന്‍ തുക തട്ടിയെടുത്തു. വിസയെടുത്തുകൊടുക്കാനെന്ന പേരിലും വിസിറ്റ് വിസ സ്ഥിരം വിസയാക്കി നല്‍കാമെന്ന് പറഞ്ഞുമാണ് പലരില്‍ നിന്നുമായി അയ്യായിരം റിയാല്‍ മുതല്‍ ഇയാള്‍ അഡ്വാന്‍സ് വാങ്ങിയത്. തട്ടിപ്പിനിരയായവരില്‍ പലരും താഴ്ന്ന വരുമാനക്കാരായ മലയാളികളാണ്. സുനോജ് മുങ്ങിയതോടെ രാപ്പകല്‍ ജോലി ചെയ്ത് സമ്പാദിച്ച തുകയുടെ നല്ലൊരു വിഹിതമാണ് ഇവര്‍ക്ക് നഷ്ടമായിരിക്കുന്നത്.

മഅ്മൂറിയിലായിരുന്നു സുനോജിന്റെ താമസം. ഇടക്കാലത്ത് കുടുംബവും ഒപ്പമുണ്ടായിരുന്നു. എഞ്ചിന്‍ ഓയില്‍ കടകളില്‍ എത്തിച്ചുകൊടുക്കുന്ന ജോലിയാണ് തനിക്കെന്നാണ് സുനോജ് മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ഫാമിലി വിസ ശരിയാക്കി നല്‍കുന്നതിന് 12,000 രൂപ വരെ സുനോജ് വാങ്ങിയിരുന്നത്രെ. രണ്ട് മാസത്തിനകം ഫാമിലി വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് പലരോടും അഡ്വാന്‍സായി 5000 റിയാല്‍ വീതം വാങ്ങിയിരുന്നു. തന്റെ സഹോദരന്‍ എമിഗ്രേഷനിലെ ഉന്നതോദ്യോഗസ്ഥനുമായി നല്ല ബന്ധമുണ്ടെന്നും അതുവഴി വിസ ശരിയാക്കാമെന്നുമാണ് ഇയാള്‍ പലരെയും പറഞ്ഞുവിശ്വസിപ്പിച്ചത്. പണം നല്‍കിയവരോട് വിസ ശരിയാക്കിക്കൊടുക്കാന്‍ ആദ്യമൊക്കെ കുറെ അവധികള്‍ ഇയാള്‍ പറഞ്ഞെങ്കിലും നടക്കാതെ വന്നതോടെ ചിലര്‍ക്ക് പണം മടക്കി നല്‍കാമെന്ന് സമ്മതിച്ചു. അഡ്വാന്‍സായി വാങ്ങിയ തുക റമദാനില്‍ തിരിച്ചുകൊടുക്കാമെന്ന് ഇയാള്‍ പലരോടും പറഞ്ഞിരുന്നു. ആരുമറിയാതെ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് കടന്ന സുനോജ് ദോഹയിലെ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം നാട്ടില്‍ ചാവക്കാട് പോലിസിന്റെ പിടിയിലാകുകയായിരുന്നു. അറസ്റ്റ് വാര്‍ത്ത ഇന്നലെ പത്രങ്ങളില്‍ വന്നതോടെയാണ് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് തങ്ങളോട് വാങ്ങിയ പണവുമായി ഇയാള്‍ നാട്ടിലേക്ക് കടന്നതായി തട്ടിപ്പിനിരയായവര്‍ അറിയുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പിലെ മുഖ്യപ്രതി മാറഞ്ചേരി കരിങ്കല്ലത്താണി ഐനിച്ചിറ സ്വദേശി ആബിദ് (32), സൂത്രധാരന്‍ മാറഞ്ചേരി കാഞ്ഞിരമുക്ക് ആലുങ്ങല്‍ മുസ്തഫ (32) എന്നിവരും സുനോജിനൊപ്പം പിടിയിലായിട്ടുണ്ട്.

കേസിലെ മറ്റൊരു പ്രതിയായ ചാവക്കാട് സ്വദേശി സക്കീര്‍ ഹുസൈന്‍ നഹാസ് മുഹമ്മദ് എന്ന പേരില്‍ ഖത്തറില്‍ തന്നെയുണ്ടെന്നാണ് പോലിസ് പറയുന്നത്. അറസ്റ്റിലായ മൂന്ന് പേര്‍ക്കും കുന്നംകുളം മജിസ്‌ട്രേറ്റ് കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുകയാണ്.

വിസ വാഗ്ദാനം ചെയ്തും സുനോജ് ദോഹയില്‍ നിന്ന് വന്‍ തുക തട്ടിയെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക