Image

ദിയാനയും മരണത്തിന് കീഴടങ്ങി; തുംരൈത്ത് അപകടത്തില്‍ മരിച്ചവര്‍ മൂന്നായി

Published on 24 August, 2012
ദിയാനയും മരണത്തിന് കീഴടങ്ങി; തുംരൈത്ത് അപകടത്തില്‍ മരിച്ചവര്‍ മൂന്നായി
സലാല: ഒമാനിലെ സലാലക്കടുത്ത് തുംരൈത്തില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പിഞ്ചുകുഞ്ഞ് ദിയാനയും (ഒന്ന്) മരണത്തിന് കീഴടങ്ങി. ഇതോടെ തിങ്കളാഴ്ച നടന്ന തുംരൈത്ത് വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ദിയാനയുടെ മാതാവും വടകര മുട്ടുങ്ങല്‍ വെസ്റ്റ് പടിഞ്ഞാറെ താഴേക്കുനിയില്‍ ഷാജിയുടെ ഭാര്യയുമായ ദീപ (30), മലപ്പുറം പെരിന്തല്‍മണ്ണ വണ്ടിക്കാരന്‍വീട്ടില്‍ അബ്ദുല്‍കരീം റസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് സല്‍ജാസ് (ഒന്നര) എന്നിവര്‍ സംഭവദിവസം മരിച്ചിരുന്നു.

അപകടത്തില്‍ പരിക്കേറ്റ മറ്റ് അഞ്ചുപേരും ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. അഞ്ചുദിവസത്തോളം വെന്റിലേറ്ററില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞ കുഞ്ഞുദിയാന വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് മരിച്ചത്.

ഭാര്യ ദീപയുടെയും മകള്‍ ദിയാനയുടെയും മരണത്തോടെ ഈ കുടുംബ്ധില്‍ ഗൃഹനാഥന്‍ ഷാജി തനിച്ചായി. ദിയാനയെ പ്രസവിക്കാനായി നാട്ടില്‍ പോയിരുന്ന ദീപ മകളെയും കൂട്ടി അപകടം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് മാത്രമാണ് മസ്‌കത്തിലെത്തിയത്.സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ദീപയുടെയും ദിയാനയുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ച നാട്ടിലെത്തിക്കാനാണ് ശ്രമം.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് മസ്‌കത്തില്‍ നിന്ന് സലാലയിലേക്ക് വിനോദയാത്രക്ക് പോയ റുസൈല്‍ പച്ചക്കറി മാര്‍ക്കറ്റ് ജീവനക്കാരായ വടകര സ്വദേശി ഷാജി, പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍കരീം എന്നിവരുടെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. ടയര്‍പൊട്ടിയതിനെ തുടര്‍ന്ന് ഇവരുടെ ഹോണ്ട കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന അബ്ദുല്‍കരീം, ഭാര്യ റസിയ, ഇവരുടെ മക്കളായ മുഹമ്മദ് ഷഫ്വാന്‍ (ഒമ്പത്), സന്‍ഹ കരീം (മൂന്ന്), ഷാജി എന്നിവര്‍ക്കും സാരമല്ലാത്ത പരിക്കേറ്റിരുന്നു. സംഭവദിവസം മരിച്ച സല്‍ജാസിന്റെ മൃതദേഹം സലാലയില്‍ തന്നെ ഖബറടക്കി. ദിയാന ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനാല്‍ ദീപയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ സലാലയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ദിയാനയും മരണത്തിന് കീഴടങ്ങി; തുംരൈത്ത് അപകടത്തില്‍ മരിച്ചവര്‍ മൂന്നായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക