Image

ഒരു പിതാവിന്റെ പുത്രീവിലാപം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 22 August, 2012
ഒരു പിതാവിന്റെ പുത്രീവിലാപം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
അത്യന്ത വ്യഥിതമാ മായിരമോര്‍മ്മകള്‍തന്‍
കൂറ്റന്‍ കല്ലോലങ്ങള്‍ കുതിക്കും സ്‌മൃതിമണ്ഡലം
മീതേ നിശ്ചല നീലസാഗരമെന്‍ മാനസം
നിത്യദുഃഖമാം ഗര്‍ത്തമായ്‌ത്തീര്‍ന്നെന്‍ ജീവനാളം
ഓമനപ്പുത്രിതന്‍ അകാലനിര്യാണമിന്നെന്‍
ഓര്‍മ്മയില്‍പ്പടര്‍ന്നെന്റെ മത്തിഷ്‌ക്കം തപിക്കുന്നു
ജീവിതമെന്നുമൊരു ഘോഷയാത്രയായെന്റെ
കോവിലിലുത്സവമനുസ്യൂതം കളിയാടി
നാലുഭാഗത്തുനിന്നും നാദസ്വരമുയര്‍ന്നെന്‍
നാലമ്പലത്തിലെന്നും ദീപങ്ങള്‍ ജ്വലിച്ചുനിന്നു,
നിത്യോത്സവ ജീവിത ക്ഷേത്രത്തിലെഴുന്നള്ളീ
പുത്തന്‍ നിലാവായെന്‍ ജന്മത്തിന്‍ കൈവിളക്കായ്‌ നീ
അമ്പാരി കെട്ടിയൊരു കൊമ്പനാനപ്പുറത്ത്‌
തമ്പുരാട്ടിയെപ്പോലെന്‍ പൊന്നുമോളെഴുന്നള്ളീ
പൂരിതജന്മമായെന്‍ കണ്ണില്‍ സായൂജ്യമായ്‌
കൈരവസ്‌മിതം കണ്ടു ജന്മസാഫല്യം നേടി;
ദീപാവലിദിനത്തിലെന്‍ ക്ഷേത്രമിടിഞ്ഞതിന്‍
ദീപങ്ങളണഞ്ഞുപോയ്‌ കുറ്റാക്കുറ്റിരുട്ടായി
എന്‍ ജീവക്ഷേത്രമൊരു പട്ടടയായി മാറി
എന്‍ പേതം വെന്തെരിയും കാഴ്‌ചയും കണ്ടുനിന്ന
കൈമുതലിഷ്ടപ്പടിക്കേല്‌പിച്ചു വിരമിക്കാന്‍
കച്ചവടം നിറുത്തി ഭാരമിറക്കിവച്ച്‌
വിശ്രമം കൊള്ളാനായി തമ്പുരു മീട്ടുമ്പോഴെന്‍
തന്ത്രികള്‍ തകര്‍ത്തല്ലോ വിധിതന്‍ താഡനത്താല്‍
ഭദ്രവും ശുദ്ധവുമാ യെന്‍തപോവനത്തിലെ
ഭദ്രദീപമായെന്റെ `കനകശ്രീ' വളര്‍ന്നു
കാലത്തിന്‍ കൂരമ്പേറ്റ്‌ ആ പ്രാണന്‍ പിടഞ്ഞതും
കണ്ടുനില്‍ക്കാനായ്‌ വിധി ഈ പാപിക്കൊരുക്കീ ഹാ!
അമ്പിളിയമ്മാവനെ കൈക്കുമ്പിളില്‍ക്കൊടുക്കാന്‍
താരകങ്ങളെക്കോര്‍ത്ത്‌ കാല്‍ച്ചിലങ്കകള്‍ വാര്‍ക്കാന്‍
ചക്രവാളം തുരന്ന്‌ ചപ്രച്ചയരഞ്ഞാണം,
വര്‍മഴവില്ലു കീറി പാവാടയുമൊരുക്കാന്‍,
ആശിച്ചു മോഹിച്ചു ഞാനാര്‍ത്തിപൂണ്ടിരുന്നപ്പോള്‍
ക്രൂരനാം വിധി തട്ടിപ്പറിച്ചെന്‍ പൊന്‍മുത്തിനെ;
എന്നിലെ ജീവാത്മാവും പ്രാണവായുവുമായോള്‍
എന്നിലെ സങ്കല്‌പവും കാവ്യസിദ്ധിയുമായോള്‍
ഇന്നവള്‍ സ്വര്‍ക്ഷത്തിലെ റാണിയായ്‌ വിളങ്ങുന്ന
ഇന്നവള്‍ സിംഹാസനസ്ഥയായി തിളങ്ങുന്ന
ഉര്‍വ്വശി മേനകകള്‍ ഗന്ധര്‍വ്വ കന്യകകള്‍
നാകീയ വിഭൂഷകള്‍ ചൂടിച്ചൊരുക്കിടുന്നു
കാണുന്നു ഞാനിന്നെന്റെ പൊന്‍മകള്‍ രാജ്ഞിതുല്യം
സ്വര്‍ണ്ണച്ചാമരത്തിന്‍ കീഴ്‌ സാനന്ദം വാഴുന്നതും !
എന്‍ സര്‍വ്വ സ്‌നേഹസ്വത്തൊരേ ബാങ്കില്‍ നിക്ഷേപിച്ചു
ഈശ്വരനാബാങ്കിന്റെ ചെയര്‍മാനായിരുന്നു,
കണ്ണീരിലെഴുതിയൊരു പാസ്സുബുക്കും പിന്നെ
എണ്ണമറ്റോര്‍മ്മകള്‍തന്‍ ചെക്കുബുക്കും ശേഷിപ്പൂ,
ഇന്നു ഞാന്‍ തകര്‍ന്നൊരു പൂജ്യമായ്‌ ശേഷിക്കുന്നു
ഈശ്വരശിക്ഷയ്‌ക്കുുള്ള സാക്ഷ്യമോ ശങ്കിപ്പൂ ഞാന്‍ !!

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Yohannan.elcy@gmail.com
ഒരു പിതാവിന്റെ പുത്രീവിലാപം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക