Image

സൂപ്പര്‍മാര്‍ക്കറ്റ്‌ തട്ടിപ്പ്‌: മൂന്നുപേര്‍ ചാവക്കാട്‌ അറസ്റ്റില്‍

Published on 23 August, 2012
സൂപ്പര്‍മാര്‍ക്കറ്റ്‌ തട്ടിപ്പ്‌: മൂന്നുപേര്‍ ചാവക്കാട്‌ അറസ്റ്റില്‍
ദോഹ: ഖത്തറില്‍ സൂപ്പര്‍മാര്‍ക്കറ്റ്‌ തുടങ്ങാനെന്ന വ്യാജേന ദോഹയിലെ വ്യാപാരികളില്‍ നിന്ന്‌ വന്‍തുക തട്ടിയെടുത്ത്‌ മുങ്ങിയ കേസില്‍ മുഖ്യപ്രതിയായ ആബിദിന്‍െറ രണ്ട്‌ കൂട്ടാളികള്‍ കൂടി അറസ്റ്റിലായി. മാറഞ്ചേരി കരിങ്കല്ലത്താണി കാഞ്ഞിരമുക്ക്‌ ആലുങ്ങല്‍ മുസ്‌തഫ (34), ചാവക്കാട്‌ തെക്കേ പാലയൂര്‍ പണിക്കവീട്ടില്‍ സുനോജ്‌ (32) എന്നിവരെയാണ്‌ കേസില്‍ ജാമ്യത്തിലിറങ്ങിയ ആബിദിനൊപ്പം ചാവക്കാട്‌ സി.ഐ കെ. സുദര്‍ശനും സംഘവും പുതിയ പരാതിയെത്തുടര്‍ന്ന്‌ അറസ്റ്റ്‌ ചെയ്‌തത്‌. രാത്രി വൈകി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.

ഖത്തറിലെ വ്യാപാരിയായ വടക്കേക്കാട്‌ ഹൈദര്‍ ഹാജി വടക്കേക്കാട്‌ പോലിസിലും ചാവക്കാട്‌ സ്വദേശി മുഹമ്മദ്‌ ഇഖ്‌ബാല്‍ ചാവക്കാട്‌ പോലിസിലും നല്‍കിയ പരാതിയിലാണ്‌ അറസ്റ്റ്‌. കഴിഞ്ഞ ഞായറാഴ്‌ച ഇവരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇന്നലെയാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. ആബിദിനെയും മുസ്‌തഫയെയും മാറഞ്ചേരിയില്‍ നിന്നും സുനോജിനെ ചാവക്കാട്‌ നിന്നുമാണ്‌ പിടികൂടിയത്‌. ഇപ്പോള്‍ ഖത്തറിലുള്ള ചാവക്കാട്‌ സ്വദേശി സക്കീര്‍ ഹുസൈന്‍ എന്ന നഹാസിനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന്‌ സി.ഐ സുദര്‍ശന്‍ പറഞ്ഞു. ഇതുവരെ ലഭിച്ച കണക്കുകള്‍ പ്രകാരം പത്ത്‌കോടി രൂപയുടെ തട്ടിപ്പ്‌ നടന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തട്ടിപ്പിലെ ഒന്നാം പ്രതി ആബിദിനെ വ്യാജ പാസ്‌പോര്‍ട്ട്‌ കേസില്‍ കൂടി പ്രതി ചേര്‍ത്ത്‌ ഈ മാസം 16ന്‌ പെരുമ്പടപ്പ്‌ പോലിസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. എന്നാല്‍, പരാതിക്കാരായ മൂന്ന്‌ പേര്‍ക്ക്‌ ഉന്നതര്‍ ഇടപെട്ട്‌ പണം മടക്കി നല്‍കാന്‍ ധാരണയുണ്ടാക്കി. വ്യാജ പാസ്‌പോര്‍ട്ട്‌ സമ്പാദിച്ച കേസില്‍ ആബിദില്‍ നിന്ന്‌ പിഴ ഈടാക്കുകയും ചെയ്‌തു. പണം തിരികെ ലഭിച്ചവര്‍ പരാതി പിന്‍വലിച്ചതോടെ പൊന്നാനി കോടതി ആബിദിന്‌ ജാമ്യം അനുവദിക്കുകയായിരുന്നു. പുതിയ പരാതി ലഭിച്ചാല്‍ തുടര്‍നടപടികളുണ്ടാകുമെന്നാണ്‌ അന്ന്‌ പോലിസ്‌ വ്യക്തമാക്കിയിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ തട്ടിപ്പിനിരയായ മറ്റ്‌ രണ്ട്‌ പേരുടെ പരാതികള്‍ ചാവക്കാട്‌ പോലിസിന്‌ ലഭിച്ചത്‌. ഖത്തറിലുള്ള തന്‍െറ സ്ഥാപനത്തില്‍ നിന്ന്‌ 23 ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ സംഘം മുങ്ങിയെന്നാണ്‌ ഹൈദര്‍ ഹാജി നല്‍കിയ പരാതിയില്‍ പറയുന്നത്‌. തന്‍െറ മകന്‍ മുഹമ്മദ്‌ ഇഖ്‌ബാലിനെ ഇടനിലക്കാരനാക്കി ഖത്തറിലെ സ്ഥാപനത്തില്‍ നിന്ന്‌ ലക്ഷക്കണക്കിന്‌ സാധനങ്ങള്‍ വാങ്ങിയ ശേഷം മൂന്നുപേരും മുങ്ങിയതോടെ മകനെ സ്‌പോണ്‍സര്‍ നാട്ടിലയക്കാതെ ശമ്പളത്തില്‍ നിന്ന്‌ തുക ഈടാക്കുകയാണെന്നും ഇതുമൂലം മകന്‍ ദുരിതത്തിലാണെന്നുമായിരുന്നു ഇബ്രാഹിമിന്‍െറ പരാതി. പെരുമ്പടപ്പ്‌ പോലിസ്‌ ദ്രുതഗതിയില്‍ അവസാനിപ്പിച്ച കേസ്‌ പുതിയ അറസ്‌റ്റോടെ വഴിത്തിരിവിലെത്തിയിരിക്കുകയാണ്‌.

മാധ്യമം പെരുമ്പടപ്പ്‌ ലേഖകന്‍ അന്‍വര്‍ റഷീദ്‌ തുടരുന്നു: സംഭവത്തെക്കുറിച്ച്‌ പോലിസ്‌ പറയുന്നതിങ്ങനെ2006 മുതല്‍ ആബിദും മുസ്‌തഫയും സുനോജും അടങ്ങുന്ന മൂവര്‍സംഘം വ്യാജ പാസ്‌പോര്‍ട്ടെടുത്ത്‌ തട്ടിപ്പ്‌ നടത്തിവരികയാണ്‌. വ്യാജവിലാസത്തില്‍ സമ്പാദിച്ച പാസ്‌പോര്‍ട്ടുമായാണ്‌ ആബിദ്‌ ഖത്തറിലെത്തിയത്‌. ഖത്തറിലെ മൈദറില്‍ `അല്‍ശംസി' എന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റ്‌ തുറക്കാനെന്ന പേരില്‍ ഗ്യാരണ്ടി ചെക്ക്‌ മാത്രം നല്‍കി വ്യാപാരികളില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്‌ നടത്തുകയായിരുന്നു. 30ഓളം മൊത്ത വ്യാപാരികളില്‍ നിന്ന്‌ വന്‍കിട കമ്പനികളുടെ സാധനങ്ങള്‍ വാങ്ങി ശേഖരിച്ചു. സൂപ്പര്‍മാര്‍ക്കറ്റിനായി പ്രതിമാസം 70,000 റിയാല്‍ വാടകക്ക്‌ കെട്ടിടമെടുത്ത്‌ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിവിധ കമ്പനികളുടെ സെയില്‍സ്‌ എക്‌സിക്യൂട്ടീവുമാരാണ്‌ 10 കോടി രൂപയോളം വിലവരുന്ന സാധനങ്ങള്‍ എത്തിച്ചുകൊടുത്തത്‌. ഇതിനിടയില്‍ അഞ്ച്‌ കോടിയോളം രൂപയുടെ സാധനങ്ങള്‍ കണ്ടെയ്‌നറില്‍ ശ്രീലങ്കയിലേക്ക്‌ കയറ്റിയയച്ച്‌ പണം കൈക്കലാക്കി.

ഇതിനൊപ്പം ഗോഡൗണില്‍ സൂക്ഷിച്ച സാധനങ്ങള്‍ കുറഞ്ഞ വിലക്ക്‌ ദോഹയില്‍ തന്നെ വിറ്റഴിച്ചു. വാടക നല്‍കേണ്ട ദിവസം അടുത്തതോടെ മൂന്ന്‌ പേരും ഖത്തറില്‍ നിന്ന്‌ മുങ്ങി. സൂപ്പര്‍മാര്‍ക്കറ്റിലേക്ക്‌ ജോലിക്കാരെ റിക്രൂട്ട്‌ ചെയ്യാന്‍ നേപ്പാളിലേക്ക്‌ പോകണമെന്ന്‌ പറഞ്ഞാണ്‌ സ്‌പോണ്‍സറില്‍ നിന്ന്‌ എക്‌സിറ്റ്‌ പെര്‍മിറ്റ്‌ വാങ്ങിയത്‌. ദിവസങ്ങള്‍ കഴിഞ്ഞ്‌ തട്ടിപ്പിനിരയായ വ്യാപാരികള്‍ ഇന്ത്യന്‍ എംബസി വഴി മലപ്പും ജില്ലാ പോലിസ്‌ സൂപ്രണ്ടിന്‌ ഇമെയിലില്‍ പരാതി നല്‍കി. പോലിസ്‌ നടത്തിയ അന്വേഷണത്തില്‍ മാറഞ്ചേരി കരിങ്കല്ലത്താണി ആബിദ്‌ മുഹമ്മദ്‌ ആണ്‌ കൊച്ചന്നൂരിലെ വ്യാജ വിലാസത്തില്‍ ഹാഫിസ്‌ മുഹമ്മദ്‌ എന്ന പേരില്‍ പാസ്‌പോര്‍ട്ട്‌ സമ്പാദിച്ച്‌ തട്ടിപ്പ്‌ നടത്തിയ ശേഷം ഖത്തറില്‍ നിന്ന്‌ മുങ്ങിയതെന്ന്‌ കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്‌.
സൂപ്പര്‍മാര്‍ക്കറ്റ്‌ തട്ടിപ്പ്‌: മൂന്നുപേര്‍ ചാവക്കാട്‌ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക