Image

അത്ലാന്റിക്കിലെ അനുഭവം: മധ്യരേഖ/ഡി. ബാബുപോള്‍

Published on 22 August, 2012
അത്ലാന്റിക്കിലെ അനുഭവം: മധ്യരേഖ/ഡി. ബാബുപോള്‍
പത്തുപന്ത്രണ്ടു ദിവസം അമേരിക്കയിലായിരുന്നു. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലുമുള്ള പ്രവാസി മലയാളി സംഘടനകളുടെ മുത്തുക്കുടകളില്‍ ഒന്നായ 'ഫോമാ'യുടെ സമ്മേളനത്തിനാണ് പോയത്. ഏഴു പ്രസംഗങ്ങള്‍. ചെല്ലുന്നതറിഞ്ഞ് ക്ഷണിച്ചവര്‍ക്കുവേണ്ടി നാല്.
എന്റെ കുടുംബാംഗങ്ങളും ഞങ്ങളുടെ പെണ്ണുങ്ങള്‍ ഗൃഹനായികമാരായ കുടുംബങ്ങളിലെ അംഗങ്ങളും ചേര്‍ന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട് അമേരിക്കയില്‍. രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരുനാള്‍ ഒത്തുകൂടും. നൂറോളം വരും കുടുംബങ്ങള്‍. അമ്പതറുപത് കൂട്ടരെങ്കിലും വരും സമാഗമത്തിന്. ഇത്തവണ ന്യൂയോര്‍ക്കില്‍ ഒരു വീട്ടു പരിസരത്തായിരുന്നു ഒത്തുചേര്‍ന്നത്. ഐക്യരാഷ്ട്രസഭയില്‍ അത്യുന്നത തലത്തില്‍ -ശശി തരൂരിനെപോലെ പരീക്ഷ ജയിച്ച്- ജോലി ചെയ്തിരുന്ന ഒരാള്‍ ഉണ്ട്: എന്റെ അച്ഛന്റെ അനന്തരവന്‍, അച്ഛന്റെ പേര് പേറുന്ന പൗലോസ് പീറ്റര്‍. ആ വീട്ടിലായിരുന്നു ഞാന്‍ താമസിച്ചതും. ന്യൂയോര്‍ക് നഗരം എന്ന് തോന്നുകയേ ഇല്ല. ആ കോളനികളില്‍ ആകെ എട്ട് വീടുകള്‍. ഓരോന്നും ഈരണ്ട് ഏക്കര്‍ വളപ്പില്‍. അതില്‍ ഒന്നരയേക്കര്‍ വനമായി സംരക്ഷിച്ചുകൊള്ളണമെന്ന വ്യവസ്ഥയിലാണ് വില്‍പന. ബാക്കി അര ഏക്കര്‍വെട്ടിത്തെളിച്ച് വീട് വെക്കാം.
പണ്ട് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ എന്നതുപോലെ പന്തലിട്ടായിരുന്നു പരിപാടി. യോഗവും പരിപാടികളും നടക്കുമ്പോള്‍ കനത്ത മഴയുണ്ടായി. അഞ്ചാം ക്ളാസില്‍ പഠിച്ച 'മലങ്കാട്ടിലെ മഴക്കാലം' എന്ന കവിത ഓര്‍മവന്നു. അത് ഏത് കൃതിയില്‍ നിന്നെടുത്തതായിരുന്നു എന്നറിയാവുന്നവരെ തേടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒരു കാരശ്ശേരിയും പറഞ്ഞു തരുന്നില്ല. മലയാള പണ്ഡിതന്മാര്‍ ആരെങ്കിലും ഇനിയെങ്കിലും പറഞ്ഞുതരുമോ?
ആ കവിതയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അറുപതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറവും ഏതോ മരച്ചുവട്ടില്‍ ഏതോ ഇലച്ചാര്‍ത്തിനടിയില്‍ ഇറ്റിറ്റ് വീഴുന്ന മഴത്തുള്ളികളില്‍ അഭിരമിച്ചു നില്‍ക്കുന്നതായി തോന്നുന്നുണ്ട്. മഴ അനുഭവമാണ്, എല്ലാവര്‍ക്കും. കവി അതിനെ അനുഭൂതിയാക്കുന്നു. കാടിന്റെ പശ്ചാത്തലത്തില്‍ മഴ ആര്‍ത്തലച്ചപ്പോള്‍ മഴയുടെ റൊമാന്‍സ് സ്ഥലകാലഭേദമില്ലാത്തതാണെന്ന് തിരിച്ചറിയാനായി.
പിറ്റേന്ന് മൂന്നു പ്രസംഗങ്ങള്‍. ഒന്ന് ഖുതുബ. മറ്റ് രണ്ട് പ്രസംഗങ്ങള്‍ കേരള സെന്ററില്‍. അമേരിക്കയിലെ മലയാള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ്ക്ളബിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തപ്പോള്‍ കണ്ട സദസ്സ് തന്നെ അടുത്ത ചടങ്ങിലും ഇരുന്നുതന്നു. നനഞ്ഞിറങ്ങിയാല്‍ കുളിച്ചുകയറുകതന്നെ എന്ന് ചിന്തിച്ചവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നിരിക്കണം. നല്ല സദസ്സ്.
രണ്ടാമത്തെ ചടങ്ങ് ഒരു പുസ്തകപ്രകാശനമായിരുന്നു. പുസ്തകത്തിന്റെ പേര് 'ഇന്‍ട്രഡക്ഷന്‍ ടു കേരള സ്റ്റഡീസ്'. നൂറോളം ലേഖനങ്ങള്‍. ഭൂമിശാസ്ത്രം, ചരിത്രം, ജൈവവൈവിധ്യം, മതം, നരവംശശാസ്ത്രം, വര്‍ത്തമാനകാല രാഷ്ട്രീയം തുടങ്ങി കേരളത്തിന്റെ സമഗ്രമായ ഒരു ചിത്രം നല്‍കാന്‍ പോന്ന രചനകള്‍. വിദേശ സര്‍വകലാശാലകളില്‍ പാഠപുസ്തകമായി ഉപയോഗിക്കപ്പെടുമാറാണ് രൂപകല്‍പന. നല്ലൊരു റഫറന്‍സ് കൃതി.
ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് ആന്‍ഡ് അക്കാദമിക് കൊളാബറേഷന്‍ എന്ന വായിലൊതുങ്ങാത്ത പേരാണ് പ്രസാധകരുടേതായി കാണുന്നത്. ആയിരത്തഞ്ഞൂറ് പേജുകള്‍ രണ്ട് വാല്യങ്ങളായി തുന്നിക്കെട്ടിയിരിക്കുന്നു. വില കൃത്യമായി ഓര്‍മ വരുന്നില്ല: എനിക്ക് സൗജന്യമായി എത്തിച്ചുതരാമെന്ന് പറഞ്ഞുവെങ്കിലും കിട്ടിയിട്ടില്ല കൈയില്‍. ഇരുന്നൂറ് ഡോളറില്‍ താഴെ എന്നാണ് മനസ്സില്‍ പതിഞ്ഞതെന്ന് തോന്നുന്നു. അത് പതിനായിരം രൂപ കവിയും. പണം ഉണ്ടെങ്കില്‍ സംഗതി നഷ്ടമല്ല എന്നതിന് ഞാന്‍ സാക്ഷി: എല്ലാ ലേഖനങ്ങളെയും സ്പര്‍ശിക്കുന്ന ആമുഖ ലേഖനം എഴുതാന്‍ വേണ്ടി അത് മുഴുവന്‍ തന്നെ പരിശോധിക്കേണ്ടി വന്നു എനിക്ക്. ശശി തരൂരിനെ പോലെ കൃതഹസ്തരായ എഴുത്തുകാരും വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള പണ്ഡിത പ്രകാണ്ഡങ്ങളും അണിനിരന്നിരിക്കുന്നു ഈ താളുകളില്‍. ദുബൈയിലും സിംഗപ്പൂരിലും കേരളത്തിലും ഒക്കെ കിട്ടും. എവിടെ കിട്ടുമെന്ന് എന്നോട് ചോദിക്കരുത്. പുസ്തകത്തിന്റെയും പ്രസാധകരുടെയും പേര് ഉപയോഗിച്ച് ഗൂഗ്ള്‍ ചെയ്താല്‍ മതി.
പ്രധാന പരിപാടി ഫോമയുടെ സമ്മേളനം ആയിരുന്നു. അമേരിക്കയില്‍ മലയാളി സംഘടനകള്‍ പെരുകിയപ്പോള്‍ 'ഫെക്കോന' എന്ന ഒരു മുത്തുക്കുട നിവര്‍ന്നു. കുറേക്കാലം കഴിഞ്ഞപ്പോള്‍ ആദമിന്റെ വാരിയെല്ല് പോലെ മുത്തുക്കുടയുടെ ഒരു കമ്പി ഊരിപ്പോയി. അങ്ങനെ ഉണ്ടായതാണ് 'ഫോമ' വാരിയെല്ല് വളര്‍ന്ന് ആദത്തിന് ആപ്പിള്‍ കൊടുക്കുന്നവളായതുപോലെ 'ഫോമ'യും വളര്‍ന്നു. ആദ്യമാദ്യം അല്‍പസ്വല്‍പം പോരോക്കെ ഉണ്ടായിരുന്നെന്ന് തോന്നുന്നു. ഇപ്പോള്‍ സപത്നികളുടെ സഹവര്‍ത്തിത്വം പോലെ ആയിട്ടുണ്ട്. അറുപതുകളിലെ ബന്ധമല്ലല്ലോ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലോ രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലോ ഇന്നുള്ളത്. അതുപോലെ 'ഫൊക്കാന'ക്കും 'ഫോമ'ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാറായിട്ടുണ്ടെന്ന് തോന്നുന്നു. വീണ്ടും യോജിക്കണമെന്നില്ലല്ലോ സഹകരിക്കാന്‍. ഫോമയുടെ കോശസ്ഥിതിയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ടെന്ന് തോന്നി. വെറുതെ തോന്നിയതാവാം.
ഫോമയുടെ ഈ സംഗമം ഒരു കപ്പലില്‍ വെച്ചായിരുന്നു. ടൈറ്റാനിക് പണ്ടുപോയ വഴികളിലൂടെ ഒരാഴ്ച. 1960ല്‍ ആണ് ഞാന്‍ ഇതിനുമുമ്പ് കപ്പലില്‍ യാത്ര ചെയ്തത്. അത് ഫ്രാന്‍സില്‍ നടന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി സംഘത്തിന്റെ അംഗം എന്ന നിലക്ക്. അന്ന് യാത്രക്കപ്പലുകള്‍ സുസാധാരണവും വിമാനയാത്ര താരതമ്യേന അസാധാരണവുമായിരുന്നു. കൊച്ചിയില്‍നിന്നാണ് കപ്പലില്‍ കയറിയത്. പതിനെട്ടു ദിവസമെടുത്തു യൂറോപ്പിലെത്താന്‍. അഞ്ചാംനാള്‍ ഏദന്‍, ഇപ്പോഴത്തെ യെമന്‍, പിന്നെ മസാവ, സൂയസ് തോട്, മാള്‍ട്ട, സിസിലി, ഇറ്റലി. വിദ്യാര്‍ഥികള്‍ക്ക് ഡെക്കിലാണ് ടിക്കറ്റ്. നമ്മുടെ തീവണ്ടികളിലെ ത്രീടയര്‍ സംവിധാനം പോലെ. ആദ്യം കടല്‍ച്ചൊരുക്ക്. പിന്നെ രസംതന്നെ. എങ്കിലും കപ്പല്‍ ഇളകുമ്പോള്‍ നമ്മളും വിവരം അറിയും.
ഇത്തവണ യാത്രചെയ്ത കപ്പല്‍ അമ്മാതിരിയുള്ളതല്ല. പതിനാലുനിലയാണ്. ഒട്ടേറെ ഭോജനശാലകള്‍. യോഗങ്ങള്‍ നടത്താന്‍ ചെറുതും വലുതുമായി ഓഡിറ്റോറിയങ്ങള്‍. ചൂതാട്ടം മുതല്‍ നിഷ്കളങ്കമായ നീന്തല്‍ക്കുളം വരെ വിവിധ വിനോദോപാധികള്‍. ഭക്ഷണം സൗജന്യം. കള്ള് വേണമെങ്കില്‍ കാശ് വേറെ കൊടുക്കണമെന്നു മാത്രം. ഫോമയുടെ ആളുകള്‍തന്നെ ആയിരത്തോളം. വേറെ ഒരു മൂവായിരം. അങ്ങനെ പത്ത് നാലായിരം ജനം.
മുഖ്യാതിഥി ആയിരുന്നതിനാല്‍ എനിക്ക് നല്ല കാബിന്‍ കിട്ടി. ബാല്‍ക്കണിയില്‍ ഇരുന്നാല്‍ പ്രപഞ്ചസ്രഷ്ടാവിനെ വാഴ്ത്താന്‍ തോന്നും. ഗഗനമെന്തൊരദ്ഭുതം, സമുദ്രമെന്തൊരുദ്ഭുതം, സകലജീവജാല ജീവനെന്നന്തൊരുദ്ഭുതം. ജെറ്റ്ലാഗ് എന്ന കുന്തം കുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ഭക്ഷണം കഴിക്കാനും പ്രസംഗം പറയാനും അല്ലാതെ കാബിന്‍ വിട്ട് ഇറങ്ങിയില്ല. അത് നന്നായി. ബാല്‍ക്കണിയിലെ സന്ധ്യകളും നിലാവുള്ള നിശകളും അസാധാരണമായ ഒരു ആധ്യാത്മികാനുഭവം ആയിരുന്നു സമ്മാനിച്ചത്. പത്തൊമ്പതാം വയസ്സില്‍ തോന്നിയ ഉത്സാഹമോ ഉന്മേഷമോ അല്ലല്ലോ ഈ പ്രായത്തില്‍ തോന്നേണ്ടതും.
അമേരിക്കന്‍ മലയാളികളുടെ സര്‍ഗവാസനകളും സാഹിത്യ കൗതുകങ്ങളും എന്നും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത്തവണയും സ്ഥിതി ഭിന്നമായില്ല. രാജു മൈലപ്രയുടെ 'അറുപതില്‍ അറുപത്' എന്ന കൃതി മറിച്ചുനോക്കി മാറ്റിവെക്കാം എന്ന് കരുതിയാണ് കൈയിലെടുത്തതെങ്കിലും കമ്പോട് കമ്പ് വായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇ.വിയെ ഓര്‍മിപ്പിക്കുന്ന നര്‍മബോധം. നമ്പൂരിത്തം തെളിയിക്കുന്ന മട്ടില്‍ സ്വയം പരിഹസിക്കാനുള്ള കഴിവ്. 'ചുവപ്പുനാട', 'ഏണിപ്പടികള്‍', 'യന്ത്രം' എന്നീ കൃതികളെ ആധാരമാക്കിയുള്ള സാഹിത്യവിചാരം അവിസ്മരണീയമായി. ഡോ. എം.വി. പിള്ള എന്ന സാഹിത്യ മര്‍മജ്ഞനായ അര്‍ബുദ വൈദ്യനാണ് വിഷയം നിര്‍ദേശിച്ചതും അവതരിപ്പിച്ചതും. അമേരിക്കന്‍ മലയാളികളുടെ ഭാഷാ സ്നേഹത്തിനും വായനശീലത്തിനും തെളിവായി തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍.
അമേരിക്കയിലെ മലയാള മാധ്യമങ്ങള്‍ ഒരു പുതിയ സാഹചര്യം നേരിടുന്നുണ്ട് ഇപ്പോള്‍. ഈ ദിവസങ്ങളിലൊക്കെ മനോരമയും മാധ്യമവും എന്റെ ഐപാഡില്‍ വായിക്കുന്നുണ്ടായിരുന്നു ഞാന്‍. പിന്നെ അമേരിക്കയിലെ മലയാളം പത്രങ്ങള്‍ എന്തിനാണ്? അവ തുടരുകതന്നെ വേണം. എന്നാല്‍, അവ സ്വയം ഒരു പുനര്‍നിര്‍വചനം നടത്തേണ്ടതുണ്ടെന്ന് തോന്നുന്നു. നാട്ടിലെ പത്രങ്ങളില്‍നിന്ന് വാര്‍ത്തകള്‍ ഉദ്ധരിക്കാന്‍ പോയാല്‍ പ്രസക്തി നഷ്ടപ്പെടും. മലയാളം ഇ-പേപ്പറുകളും ടി.വി ചാനലുകളും ഇന്റര്‍നെറ്റും ഉണ്ടെന്ന തിരിച്ചറിവോടെയാണ് അമേരിക്കയിലെ മലയാള മാധ്യമരംഗത്ത് പുതിയ രൂപകല്‍പന ഉണ്ടാകേണ്ടത്. ജോയിച്ചന്‍ പുതുക്കുളം വെട്ടുന്ന പുതിയ കളം ഒരു മാതൃക ആവാം. വേറെയും ഉണ്ടാവാം മാതൃകകള്‍. ചിരിയരങ്ങിനിടെ തലയറിഞ്ഞ് ചിരിച്ച ഒരു നാവികനെ കണ്ടു. അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് ഇടുക്കി ജില്ലയിലെ കുര്യന്‍ കാരശ്ശേരി എന്ന വ്യക്തിയെ. കപ്പലിലെ ചീഫ് സെക്യൂരിറ്റി ഓഫിസര്‍. വേറെയും ഉണ്ടായിരുന്നു മലയാളികള്‍. അവരെയൊക്ക 'ഫോമ' ആദരിക്കുകയും ചെയ്തു.
പണ്ട് കപ്പല്‍യാത്ര കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു പുസ്തകമെഴുതി. 'ഒരു യാത്രയുടെ ഓര്‍മകള്‍' ആ കൃതിയുടെ കനകജൂബിലി വര്‍ഷമാണിത്. ഒരു ജൂബിലിപ്പതിപ്പ് വരുന്നുണ്ട്. 'അച്ഛനും അമ്മയും ചെറിയ ബിന്ദുക്കളായി. കപ്പല്‍ പ്രയാണം ആരംഭിച്ചുകഴിഞ്ഞിരുന്നു' എന്നായിരുന്നു തുടക്കം. ഇനിയെന്നെങ്കിലും ഇന്ത്യവിട്ട് യാത്ര ഉണ്ടാവുമോ എന്ന് ചോദിച്ചുകൊണ്ട് ഒടുക്കവും. ഇത്തവണയും വേണമെങ്കിലും എഴുതാം. എന്നാല്‍, വയ്യ. ഒരു യാത്രാ വിവരണം എഴുതാന്‍ ബാല്യം പോര. എവിടെ തുടങ്ങിയാലും ആധ്യാത്മികതയിലും പുരാണങ്ങളിലും എത്തുന്നു. എങ്കിലും 'ഫോമ' നല്‍കിയ 'കപ്പല്‍യാത്രയുടെ റീമേക്ക്' മനസ്സില്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഈ അമേരിക്കന്‍ യാത്ര വീണ്ടും 'മധ്യരേഖ'യില്‍' കടന്നുവന്നേക്കാം!

Read in Madhyamam
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക