Image

പത്താം തരം തുല്യതാ കോഴ്‌സ്:പ്രവാസികളുടെ രജിസ്‌ട്രേഷന്‍ അടുത്ത മാസം മുതല്‍

Published on 22 August, 2012
പത്താം തരം തുല്യതാ കോഴ്‌സ്:പ്രവാസികളുടെ രജിസ്‌ട്രേഷന്‍ അടുത്ത മാസം മുതല്‍
ദോഹ: ഗള്‍ഫ് നാടുകളിലെ പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്‌സിന്റെ ഖത്തറിലെ രജിസ്‌ട്രേഷന്‍ അടുത്തമാസം പകുതിയോടെ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ഗോവിന്ദന്‍കുട്ടിയും സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. പി. ആലസ്സന്‍കുട്ടിയും അറിയിച്ചു. കോഴ്‌സ് തുടങ്ങുന്നതിന് മുന്നോടിയായ സാധ്യതാപഠനവുമായി ബന്ധപ്പെട്ട ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ദോഹയിലെത്തിയ ഇരുവരും ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്.

വിവിധ കാരണങ്ങളാല്‍ പഠനം പൂര്‍ത്തിയാക്കാനാവാതെ ഗള്‍ഫിലെത്തേണ്ടിവന്ന പ്രവാസി മലയാളികള്‍ക്ക് പത്താം ക്‌ളാസ് യോഗ്യത നേടാന്‍ സഹായിക്കുന്ന കോഴ്‌സ് ആദ്യഘട്ടമെന്ന നിലയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ഖത്തറിലൂം യു.എ.ഇയിലുമാണ് ആരംഭിക്കുന്നത്. സ്‌കൂളില്‍ നിന്ന് ഏഴാം ക്‌ളാസോ സാക്ഷരതാമിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതാ കോഴ്‌സോ പാസായ, 17 വയസ്സ് തികഞ്ഞ ആര്‍ക്കും പത്ത്മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന് ചേരാം. ഇത് തെളിയിക്കുന്ന രേഖ രജിസ്‌ട്രേഷനുള്ള അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. സംസ്ഥാനത്ത് 2006ല്‍ ആരംഭിച്ച പത്താംതരം തുല്യതാ കോഴ്‌സില്‍ അഞ്ച് ബാച്ചുകളിലായി 93,600ഓളം പേര്‍ ഇതുവരെ പഠനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആറാമത്തെ ബാച്ചിലേക്ക് ഇതുവരെ 32,592 പേര്‍ രജിസ്റ്റര്‍ ചെയ്തു. തീയതി നീട്ടി നല്‍കി ഈ ബാച്ചില്‍ തന്നെ പ്രവാസികള്‍ക്ക് പഠനത്തിന് അവസരം നല്‍കാനാണ് തീരുമാനം.
ഖത്തറിലെ തെരഞ്ഞെടുക്കപ്പെടുന്ന ഒരുഅംഗീകൃത ഇന്ത്യന്‍ സ്‌കൂള്‍ വഴി ഇന്ത്യന്‍ എംബസിയുടെ കൂടി സഹകരണത്തോടെയായിരിക്കും കോഴ്‌സ് നടത്തുക. ഈ സ്‌കൂളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരടങ്ങുന്ന റിസോഴ്‌സ് ടീം കോഴ്‌സിന് നേതൃത്വം നല്‍കും. രജിസ്‌ട്രേഷന് അപേക്ഷകര്‍ നിശ്ചിത ഫീസ് അടക്കണം. പഠനസാമഗ്രികള്‍ ബന്ധപ്പെട്ട സ്‌കൂള്‍ വഴി പഠിതാക്കള്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്യും. കോഴ്‌സില്‍ ചേരുന്നവര്‍ക്കായി അവധി ദിവസങ്ങളിലോ വൈകുന്നേരങ്ങളിലോ സമ്പര്‍ക്ക പഠനക്‌ളാസുകള്‍ സംഘടിപ്പിക്കും. പൊതുപരീക്ഷാ ബോര്‍ഡാണ് പരീക്ഷ നടത്തി അതത് രാജ്യത്തെ ഇന്ത്യന്‍ എംബസികള്‍ വഴി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. എസ്.എസ്.എല്‍.സിക്ക് തല്യമായി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റായിരിക്കും വിജയികള്‍ക്ക് നല്‍കുക.

തോല്‍ക്കുന്നവര്‍ക്കായി ഒരു മാസത്തിനകം ‘സേ’ പരീക്ഷ നടത്തും. കോഴ്‌സിന് വേണ്ടി എസ്.ഇ.ആര്‍.ടിയുടെ സഹകരണത്തോടെ വിദഗ്ധരും പരിചയസമ്പന്നരുമായ അധ്യാപകരാണ് പാഠപുസ്തകങ്ങളും പഠനസഹായികളും തയാറാക്കിയിരിക്കുന്നത്.മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി, സാമൂഹികശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, വിവര വിനിമയ സാങ്കേതികവിദ്യ എന്നിങ്ങനെ ഒമ്പത് വിഷയങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലയാളമാണ് പഠനമാധ്യമം.
തുല്യതാ കോഴ്‌സ് പാസാകുന്നവര്‍ക്ക് പ്രമോഷന്‍, ഉപരിപഠനം എന്നിവക്കും സാധ്യതകളുണ്ട്. പഠിതാക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫില്‍ തന്നെ പരീക്ഷാകേന്ദ്രങ്ങള്‍ ഒരുക്കും. രജിസ്‌ട്രേഷന്‍, സമ്പര്‍ക്ക പഠനക്‌ളാസ്, പരീക്ഷാ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഗള്‍ഫിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയമാനുസൃതമായ നീക്കുപോക്കുകളുണ്ടാകും. ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.

കോഴ്‌സ് ആരംഭിക്കുന്നതിനെക്കുറിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായി ഇന്നലെ വിശദമായ ചര്‍ച്ച നടത്തിയതായും എല്ലാ സഹകരണവും എംബസി അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഗോവിന്ദന്‍ കുട്ടി അറിയിച്ചു.
12ാം പഞ്ചവല്‍സര പദ്ധതി അവസാനിക്കുന്ന 2017 മാര്‍ച്ച് 31ന് മുമ്പായി എല്ലാ മലാളികളെയും പത്താം ക്‌ളാസ് പാസായവരാക്കി മാറ്റുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യമെന്ന് ആലസന്‍കുട്ടി വിശദീകരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക