Image

ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ മറവില്‍ 20 കോടിയുടെ തട്ടിപ്പ്

Published on 22 August, 2012
ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ മറവില്‍ 20 കോടിയുടെ തട്ടിപ്പ്
ചാവക്കാട്: ഗള്‍ഫ് നാടുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ച് 20 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുള്‍പ്പെട്ട നാലംഗസംഘത്തിലെ മൂന്നുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മാറഞ്ചേരി സ്വദേശികളായ കോഞ്ചാടത്ത് ആബിദ് (32), ആലുങ്ങല്‍ മുസ്തഫ (32), ചാവക്കാട് തെക്കന്‍ പാലയൂര്‍ പണിക്കവീട്ടില്‍ സുനോജ് (32) എന്നിവരെയാണ് ചാവക്കാട് സിഐ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

കേസിലെ നാലാംപ്രതി തെക്കന്‍ പാലയൂര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ ഇപ്പോള്‍ ഖത്തറിലാണ്. ഗള്‍ഫിലെ ഫാമിലി ഫുഡ് സെന്റര്‍ ഉടമ വടക്കേക്കാട് പെരുമ്പുള്ളിപ്പാട്ട് പയ്യൂരയില്‍ അന്‍സര്‍, തെക്കന്‍ പാലയൂര്‍ മുഹമ്മദ് ഇക്ബാലിന്റെ പിതാവ് അബൂബക്കര്‍ എന്നിവര്‍ തൃശ്ശൂര്‍ എസ്പി പി.എച്ച്. അഷറഫിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് ചാവക്കാട് സി.ഐ.യും സംഘവും നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 

മലപ്പുറം സ്വദേശി ആബിദ് 2006ലാണ് വടക്കേകാട് കൊച്ചനൂര്‍ കിഴക്കുംതറയില്‍ വീട്ടില്‍ ആഫിസ് മുഹമ്മദ് എന്ന പേരില്‍ കൊച്ചിന്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത്. ഇതിന് അന്നത്തെ വടക്കേകാട് പോലീസിന്റെയും പോസ്റ്റല്‍ വകുപ്പിന്റെയും ഒത്താശയുണ്ടായിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. നാലുപേരും ചേര്‍ന്ന് ആബിദ് ആഫിസ് മുഹമ്മദെന്ന പേരില്‍ ഖത്തറില്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി. ബാങ്ക് അക്കൗണ്ടും തുടങ്ങി. ബഹുരാഷ്ട്ര കമ്പനികളിലെ മലയാളികളായ പ്രതിനിധികളെ ഉപയോഗപ്പെടുത്തി വിവിധ കമ്പനികളില്‍നിന്ന് സൂപ്പര്‍ മാര്‍ക്കറ്റിലേക്കാവശ്യമായി കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ക്രഡിറ്റില്‍ വാങ്ങിക്കൂട്ടി. ഇവ പലതും കുറഞ്ഞവിലയ്ക്ക് മറ്റുള്ളവര്‍ക്ക് വിറ്റു. ലക്ഷങ്ങളുടെ സാധനങ്ങള്‍ സിങ്കപ്പൂരിലേയ്ക്ക് കയറ്റി അയച്ചു.

സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്ക് ഫാമിലി ഫുഡ് സെന്ററില്‍നിന്ന് സാധനങ്ങള്‍ എടുത്തിരുന്നു. ഇതിനായി ഒന്നര ലക്ഷം റിയാലിന്റെ ചെക്കും ഫുഡ് സെന്റര്‍ ഉടമയ്ക്ക് നല്‍കി. അതുപോലെ തെക്കന്‍ പാലയൂര്‍ സ്വദേശി അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഇക്ബാല്‍ സെയില്‍സ്മാനായി ജോലിചെയ്യുന്ന കടയില്‍നിന്ന് 9 ലക്ഷം രൂപയുടെ സാധനങ്ങള്‍ മുഹമ്മദ് ഇക്ബാല്‍ വഴി കടം വാങ്ങിയിരുന്നു. പണം കിട്ടാത്തതിനെത്തുടര്‍ന്ന് കടയുടമയായ അറബി ഇക്ബാലിനെ നാട്ടില്‍ പോകാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചു. മുഹമ്മദ് ഇക്ബാലിന്റെ പിതാവ് അബൂബക്കറാണ് ഒരു പരാതിക്കാരന്‍.

കേസ്സിലെ നാലാംപ്രതി സക്കീര്‍ ഹുസൈന്‍ നഹാസ് മുഹമ്മദ് എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയാണ് ഖത്തറില്‍ എത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. സംഘാംഗങ്ങളില്‍ രണ്ടുപേര്‍ സന്ദര്‍ശകവിസയ്ക്കാണ് ഗള്‍ഫിലെത്തിയത്. ഖത്തറില്‍ 10 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളില്‍നിന്നെടുത്ത സാധനങ്ങളുടെ തുക തിരിച്ചടക്കേണ്ട സമയവും കടയുടെ വാടകയും നല്‍കേണ്ട സമയമാകുമ്പോള്‍ ഇവര്‍ മുങ്ങുകയാണ് പതിവ്. ഖത്തറില്‍ നടത്തിയ തട്ടിപ്പിന് സമാനമായ തട്ടിപ്പുകള്‍ വഴി അബുദാബിയിലും ദുബായിലും നിന്നുമായി 10 കോടിരൂപയോളം തട്ടിയിട്ടുണ്ട്.

ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായവര്‍ പാസ്‌പോര്‍ട്ടുകള്‍ വ്യാജപ്പേരില്‍ സംഘടിപ്പിച്ച് വിദേശത്തേക്ക് കടക്കുന്നുണ്ട്. 10,000 മുതല്‍ 50,000 രൂപവരെ നല്‍കിയാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന സംഘവും കേരളത്തിലുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.


ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ മറവില്‍ 20 കോടിയുടെ തട്ടിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക