Image

ഒമാനില്‍ രണ്ട്‌ വ്യത്യസ്‌ത വാഹനാപകടങ്ങളില്‍ 12 മലയാളികള്‍ മരിച്ചു

Published on 22 August, 2012
ഒമാനില്‍ രണ്ട്‌ വ്യത്യസ്‌ത വാഹനാപകടങ്ങളില്‍ 12 മലയാളികള്‍ മരിച്ചു
മസ്‌കറ്റ്‌: ഒമാനിലുണ്ടായ രണ്ട്‌ വ്യത്യസ്‌ത വാഹനാപകടങ്ങളില്‍ 12 മലയാളികള്‍ മരിച്ചു. ഒമാനിലെ ഹൈമയിലും യു.എ.ഇയിലെ റാസല്‍ഖൈമയിലുമാണ്‌ ഇന്ന്‌ പ്രദേശിക സമയം രാവിലെയുണ്ടായ വാഹനാപകടത്തിലാണ്‌ മരണം. ഒമാനിലെ ഖദറയില്‍ 'സഹറത്‌ അല്‍ ഹൈല്‍' എന്ന സ്ഥാപനം നടത്തുന്ന കുറ്റിപ്പുറം സ്വദേശി മുസ്‌തഫ, ഭാര്യ റുഖിയ, മകള്‍ മുഹ്‌സിന, ഇദ്ദേഹത്തിന്റെ സഹോദരന്‍ അന്‍വര്‍,ബിദായയില്‍ കോഫിഷോപ്പ്‌ നടത്തുന്ന കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശി ഖാലിദ്‌ മൗലവി, ഭാര്യ ഷഫ്‌നാസ്‌, മക്കളായ അനസ്‌, ഹാഷിം, ഫാത്തിമ എന്നവരാണ്‌ മരിച്ചതെന്നാണ്‌ പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

സലാല സന്ദര്‍ശിച്ച്‌ മടങ്ങവെ കുടുംബം സഞ്ചരിച്ചിരുന്ന ടൊയോട്ട കാംറി കാര്‍ ഹമ്മറുമായി കൂട്ടിയിടിച്ചാണ്‌ അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങളിലൊന്നിന്‌ തീപിടിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഏഴ്‌ മൃതദേഹങ്ങള്‍ അല്‍പം മുമ്പ്‌ നിസ്വ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്ന്‌ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. രണ്ട്‌ മൃതദേഹങ്ങള്‍ ഹൈമ ആശുപത്രിയിലാണ്‌. ഹമ്മറില്‍ യാത്രചെയ്‌തിരുന്ന രണ്ട്‌ ഒമാനികളും മരിച്ചതായി സൂചനയുണ്ട്‌.

റാസല്‍ ഖൈമയില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ച മൂന്നുപേരും കൊല്ലം സ്വദേശികളാണ്‌. കൊല്ലം ഓച്ചിറ ക്‌ളാപ്പന സ്വദേശി പൂക്കുഞ്ഞ്‌ അബ്ദുല്‍ റഷീദ്‌(42),ഷെമീര്‍ ഇസ്‌മായില്‍(23),ഹാഷിം അബ്ദുറഹ്മാന്‍(21) എന്നിവരാണ്‌ മരിച്ചത്‌. ദുബൈയില്‍ നിന്ന്‌ അല്‍ജീറിലേക്ക്‌ വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ റാസല്‍ഖൈമ അല്‍റംസില്‍ കോര്‍ക്ക്വയര്‍ ഇന്‍ഡസ്‌ട്രിയല്‍ ഏരിയക്ക്‌ മുമ്പായി അപകടത്തില്‍പെടുകയായിരുന്നു. പരിക്കേറ്റ സ്വദേശി യുവാവ്‌ ഖാലിദ്‌ അഹമ്മദ്‌ ഓടിച്ച വാഹനം എതിര്‍ദിശയില്‍ വന്നിടിച്ചാണ്‌ അപകടമുണ്ടായത്‌. ഗുരുതര പരിക്കേറ്റ ഇയാളെ സഖര്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. അബ്ദുല്‍ റഷീദ്‌ റാസല്‍ഖൈമ അല്‍ജീറില്‍ തുടങ്ങുന്ന കമ്പ്യൂട്ടര്‍ ഷോപ്പിലേക്കുള്ള സാധനങ്ങള്‍ ദുബൈയില്‍ നിന്ന്‌ എടുത്ത്‌ മടങ്ങുകയായിരുന്നു ഇവര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക