Image

മലയാളിയുടെ കാര്‍ മോഷണം പോയി

Published on 21 August, 2012
മലയാളിയുടെ കാര്‍ മോഷണം പോയി
ഫര്‍വാനിയ: പെരുന്നാള്‍ ദിനത്തില്‍ മലയാളിയുടെ കാര്‍ മോഷണം പോയി. നന്തി സ്വദേശി ഹമീദ് കുറൂളിയുടെ 2005 മോഡല്‍ ടൊയോട്ട കൊറോള 38ന2944 ഇളംനീല കാറാണ് ഞായറാഴ്ച താമസ സ്ഥലത്തിനടുത്ത പാര്‍ക്കിങ്ങില്‍നിന്ന് കാണാതായത്.ഫര്‍വാനിയ ബ്‌ളോക് ഒന്നില്‍ താമസിക്കുന്ന ഹമീദ് ഈദ്ഗാഹില്‍ സംബന്ധിച്ചശേഷം കാര്‍ സ്ഥിരം പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടതായിരുന്നു. വൈകീട്ട് നാലു മണിയോടെ പുറത്തുപോവാന്‍ എത്തിയപ്പോള്‍ കാര്‍ അപ്രത്യക്ഷ്യമായിരുന്നു.

ആസൂത്രിതമായ കാര്‍ മോഷണമാണിതെന്നാണ് സൂചന. കുറച്ചുദിവസം മുമ്പ് എല്ലാവരും രാത്രി നമസ്‌കാരത്തിന് പോയ സമയത്ത് ഹമീദിന്‍േറതടക്കം ഇതേ ഫ്‌ളാറ്റിലെ അഞ്ചു പേരുടെ കാറുകള്‍ ഡോറുകള്‍ തുറന്നിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. രാത്രി നമസ്‌കാരത്തിന് പോവുമ്പോള്‍ അസ്വാഭാവികമായതൊന്നും കണ്ടിരുന്നില്ലെങ്കിലും തിരിച്ചുവരുമ്പോള്‍ ഡോറുകള്‍ തുറന്നിട്ട നിലയിലായിരുന്നു. കാറില്‍ സൂക്ഷിച്ചിരുന്ന ചെറിയ സാധനങ്ങള്‍ മാത്രമാണ് അന്ന് മോഷണം പോയത്. ഇതേ സംഘം തന്നെയായിരിക്കും കഴിഞ്ഞ ദിവസത്തെ മോഷണത്തിനുപിന്നിലുമെന്നാണ് കരുതപ്പെടുന്നത്.

കാറിനുള്ളിലുണ്ടായിരുന്ന ദഫ്തറും നഷ്ടപ്പെട്ടതിനാല്‍ ആദ്യം ഫര്‍വാനിയ പൊലീസ് അധികൃതര്‍ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചത് പ്രയാസം സൃഷ്ടിച്ചു. ഒടുവില്‍ ദഫ്തറിന്റെ പകര്‍പ്പടക്കം നല്‍കിയപ്പോഴാണ് പരാതി സ്വീകരിക്കാന്‍ പൊലീസ് തയാറായത്. വാഹനം നഷ്ടപ്പെട്ടാല്‍ പൊലീസില്‍ പരാതി നല്‍കിയില്ലെങ്കില്‍ മറ്റു ചില ഊരാക്കുടുക്കുകളിലും ചെന്നുചാടാനിടയുണ്ട്. അതുകൊണ്ടുതന്നെ വാഹനം നഷ്ടമായ ഉടന്‍ പരാതി നല്‍കണമെന്ന് അനുഭവസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. മോഷ്ടിക്കപ്പെട്ട വാഹനമുപയോഗിച്ച് പലരും കവര്‍ച്ചയും മറ്റു പല തട്ടിപ്പുകളും നടത്താറുണ്ട്. അടുത്തിടെ ഫര്‍വാനിയയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വാഹനമുപയോഗിച്ച് അജ്ഞാതര്‍ അബ്ബാസിയയിലെ ബഖാലയില്‍ കവര്‍ച്ച നടത്തിരുന്നു. കവര്‍ച്ച നടത്തിയത് ബിദൂനികളാണെങ്കിലം വാഹന നമ്പര്‍ ശ്രദ്ധിച്ച കടയുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് വാഹന ഉടമയായ മലയാളിക്കെതിരെ. വാഹനം നഷ്ടപെട്ട ഉടന്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ രേഖ ഹാജരാക്കിയതുകൊണ്ടുമാത്രമാണ് ഇയാള്‍ കേസില്‍പെടാതെ രക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ വാഹനം നഷ്ടപ്പെട്ടാല്‍ ആ നഷ്ടം സഹിക്കാമെന്ന് കരുതിയിരിക്കാതെ ഉടന്‍ പരാതി നല്‍കാന്‍ ശ്രദ്ധിക്കണം.

തന്റെ കാറിനെ കുറിച്ച് എന്തെങ്കിലും വിവരംലഭിക്കുന്നവര്‍ 97785506 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഹമീദ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക