Image

മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച സ്വാതന്ത്ര്യദിന പരേഡ്‌

Published on 19 August, 2012
മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച സ്വാതന്ത്ര്യദിന പരേഡ്‌
ന്യൂയോര്‍ക്ക്‌: ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ നടക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യദിന പരേഡ്‌ നഗരഹൃദയമായ മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ചു. വന്ദേമാതരം, ഭാരത്‌ മാതാ കീ ജയ്‌ വിളികളോടെ പരേഡ്‌ നടന്ന മാഡിസണ്‍ അവന്യൂവിലൂടെ ആയിരങ്ങള്‍ ത്രിവര്‍ണ്ണപതാകകളുമേന്തി ഒഴുകിയെത്തിയപ്പോള്‍ ആയിരങ്ങള്‍ വീഥിക്കിരുവശവും ദേശീയ പതാക വീശി അഭിവാദ്യമര്‍പ്പിച്ചു.

ഒന്നരലക്ഷം പേര്‍ പങ്കെടുത്തുവെന്ന്‌ സംഘാടകര്‍ അവകാശപ്പെടുന്ന പരേഡില്‍ മലയാളികളും നിറസാന്നിധ്യമായി. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ ബാനറില്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാം, കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, യു.എ. നസീര്‍, ജോസ്‌ ജോര്‍ജ്‌ എന്നിവര്‍ക്കൊപ്പം മലയാളികളും മറ്റ്‌ സ്റ്റേറ്റുകളില്‍ നിന്നുള്ളവരും അണിനിരന്നു. പ്രസിഡന്റ്‌ ബേബി ഊരാളില്‍, പുതിയ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, പുതിയ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, പുതിയ വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, സ്റ്റാന്‍ലി കളത്തില്‍, സജി ഏബ്രഹാം, ജോര്‍ജ്‌ തോമസ്‌, ജെ. മാത്യൂസ്‌, അനിയന്‍ ജോര്‍ജ്‌ തുടങ്ങിയവര്‍ക്കൊപ്പം വലിയൊരു സംഘവും ഫോമയുടെ ബാനറില്‍ മാര്‍ച്ച്‌ ചെയ്‌തു.

പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്‌ മുഖ്യാതിഥികള്‍ക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്‌തു.

ഹിന്ദി നടന്‍ സെയ്‌ഫ്‌ അലിഖാന്‍ പട്ടൗഡി ആയിരുന്നു ഗ്രാന്റ്‌ മാര്‍ഷല്‍. പിതാവ്‌ മരിച്ചതിനെ തുടര്‍ന്ന്‌ നവാബ്‌ സ്ഥാനം ഏറ്റ സെയ്‌ഫ്‌ അലി ഖാനെ ഗ്രാന്റ്‌ മാര്‍ഷലാക്കിയതിനെതിരെ ചില മുറുമുറുപ്പുകള്‍ ഉയരാതിരുന്നില്ല. രാജ്യം ഭരിച്ചിരുന്ന നവാബുമാര്‍ ബ്രിട്ടീഷുകാരുമൊത്ത്‌ സ്വാതന്ത്ര്യസമരത്തിനെതിരെ പ്രവര്‍ത്തിച്ച ചരിത്രമാണ്‌ അവര്‍ എടുത്തുകാട്ടിയത്‌. എന്നാല്‍ നടനെന്ന നിലയിലാണ്‌ അദ്ദേഹം ഗ്രാന്റ്‌ മാര്‍ഷലായതെന്ന്‌ സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു.

മലയാളിയായ ഡോ. തോമസ്‌ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ 1970 -ല്‍ രൂപംകൊണ്ട ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷനാണ്‌ 1982-ല്‍ ആദ്യ പരേഡ്‌ നടത്തി ചരിത്രം കുറിച്ചത്‌. അന്നത്തെ എഫ്‌.ഐ.എ പ്രസിഡന്റും പരേഡിന്റെ ഉപജ്ഞാതാവുമായ സുരേശ്വര്‍ സിങ്‌ പരേഡിനെത്തിയില്ല. പരേഡ്‌ ഇപ്പോള്‍ ഗുജറാത്തികളുടെ മാത്രം കുത്തകയാണെന്നും ചുരുക്കം ചിലരാണ്‌ അതിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ആദ്യത്തെ പരേഡിന്‌ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നര്‍ത്തകി ലക്ഷ്‌മി ആനന്ദും അതേ അഭിപ്രായം പറഞ്ഞു.

എന്നാല്‍ ഇത്തരമൊരു പരേഡ്‌ അവിസ്‌മരണീയമാണെന്ന്‌ കഴിഞ്ഞവര്‍ഷം ഗുജറാത്തില്‍ നിന്നും വന്ന ഒ.എന്‍.ജി.സി ഉദ്യോഗസ്ഥന്‍ വിനോദ്‌ ഷാ പറഞ്ഞു.നാട്ടില്‍ പോലും ഇത്തരം പരേഡുകള്‍ ഇല്ലാത്തപ്പോഴാണ്‌ ന്യൂയോര്‍ക്കില്‍ ഇത്രയും ബഹൃത്തായ പരേഡ്‌ നടക്കുന്നത്‌.

ഗാന്ധിയുടെ വേഷമിട്ട്‌ പരേഡിനെത്തിയ സുന്ദര്‍ലാല്‍ ഗാന്ധി മുമ്പും ഇതേ വേഷത്തില്‍ പരേഡില്‍ പങ്കെടുത്തിട്ടുണ്ട്‌. 1934-ല്‍ ജനിച്ച സുന്ദര്‍ലാന്‍ ഗാന്ധി രണ്ടു വട്ടം ഗാന്ധിജിയെ കണ്ടിട്ടുണ്ട്‌. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നയാള്‍. കേന്ദ്ര സര്‍ക്കാരില്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായി വിരമിച്ച സുന്ദര്‍ലാല്‍ പക്ഷെ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയോ, അഴിമതിയെപ്പറ്റിയോ ഒക്കെ പറയാന്‍ വിസമ്മതിച്ചു. ഇക്കാര്യത്തിലൊന്നും തന്റെ അഭിപ്രായത്തിനു പ്രസക്തിയില്ലെന്നാണദ്ദേഹത്തിന്റെ പക്ഷം.

കഴിഞ്ഞവര്‍ഷം അണ്ണാ ഹസാരെയുടെ തൊപ്പിയുമണിഞ്ഞ്‌ അഴിമതിക്കെതിരേ വലിയൊരു സംഘം അണിനിരന്നപ്പോള്‍ ഇത്തവണ അതുണ്ടായില്ല. അഴിമതിക്കെതിരായ പ്ലാക്കാര്‍ഡുകളുമായി ഏതാനും പേര്‍ ലോക്‌ സത്ത പാര്‍ട്ടിയുടെ പേരില്‍ അണിനിരന്നുവെന്നു മാത്രം.

അണ്ണാ ഹസാരെ ക്യാമ്പില്‍ കഴിഞ്ഞവര്‍ഷം പ്രവര്‍ത്തിച്ച ഫോമാ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജിന്റെ അഭിപ്രായത്തില്‍ ഇത്തവണത്തെ പരേഡിന്‌ എന്തോ ഉഷാര്‍ കുറവുണ്ടെന്നായിരുന്നു. പലതും അത്‌ ശരിവെച്ചു. ഗ്രാന്റ്‌ മാര്‍ഷല്‍ നടിയായിരിക്കണം, അല്ലെങ്കില്‍ അമിതാബ്‌ ബച്ചനെപ്പോലൊരാളാകണം ഉഷാര്‍ വരണമെങ്കിലെന്ന്‌ പലരും തമാശ പറയുകയും ചെയ്‌തു.

ന്യൂയോര്‍ക്ക്‌ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ ഇന്ത്യന്‍ വംശജരായ ഏതാനും ഓഫീസര്‍മാരും പരേഡില്‍ മാര്‍ച്ച്‌ ചെയ്‌തു. 12 വര്‍ഷമായി പോലീസ്‌ അക്കാഡമിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസര്‍ ഖൈം ഖാന്‍ ഏഴുവയസുള്ള പുത്രന്‍ കമാല്‍ ഖാനെ കൂടി പോലീസ്‌ വേഷമിടുവിച്ചാണ്‌ കൊണ്ടുവന്നത്‌. പരേഡ്‌ ഇഷ്‌ടപ്പെട്ടുവെന്ന്‌ കമാല്‍ ഖാന്‍. മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധ കമാല്‍ പെട്ടെന്ന്‌ നേടുകയും ചെയ്‌തു. ഗയാനയില്‍ നിന്നു വന്നതാണ്‌ ഖൈം ഖാന്‍.

ഓഫീസര്‍ സൗരഭ്‌ ഷാ ബ്രൂക്ക്‌ലിനിലെ 165-മത്‌ പ്രസിക്‌ടില്‍ നിന്നു വന്നതാണ്‌. രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ പോലീസില്‍ ചേര്‍ന്നിട്ട്‌. മലയാളി ഓഫീസര്‍മാരെ കുട്ടത്തില്‍ കണ്ടില്ല. വിവിധ ഹൈന്ദവ സംഘടനകള്‍ മനോഹരമായ ഫ്‌ളോട്ടുകള്‍ അവതരിപ്പിച്ചു. വര്‍ണ്ണാഭമായ വസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ വനിതകള്‍ നടത്തിയ നൃത്തവും ശ്രദ്ധേയമായി.

ഇന്ത്യന്‍ മതേതരത്വവും പരേഡില്‍ പ്രകടമായി. വേളാങ്കണ്ണി മാതാവിന്റെ രൂപവും വഹിച്ച്‌ ഒട്ടേറെ പേര്‍ മുത്തുക്കുടകളുമായി നടത്തിയ മാര്‍ച്ച്‌ ആകര്‍ഷകമായി. നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ ക്രിസ്‌ത്യന്‍സിന്റെ ഫ്‌ളോട്ടുകളില്‍ വലിയൊരു കുരിശും ഉണ്ടായിരുന്നു.

സൗത്ത്‌ ഏഷ്യന്‍ ലെസ്‌ബിയന്‍ ആന്‍ഡ്‌ ഗേ അസോസിയേഷന്റെ ആഭിമുഖ്യത്തിലും ഏതാനും യുവതീ യുവാക്കള്‍ മാര്‍ച്ച്‌ ചെയ്‌തു. രണ്ടുവര്‍ഷം മുമ്പ്‌ വന്ന ഗേ ലസ്‌ബിയന്‍ വിഭാഗത്തെ പരേഡില്‍ പങ്കെടുപ്പിച്ചിരുന്നില്ല. ഇതിനെതിരെ സിറ്റി കൗണ്‍സില്‍ സ്‌പീക്കര്‍ ക്രിസ്റ്റിന്‍ ക്വിന്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്‌ ആ നിലപാട്‌ മാറ്റുകയായിരുന്നു.

38-മത്‌ സ്‌ട്രീറ്റില്‍ തുടങ്ങിയ പരേഡ്‌ 27-മത്‌ സ്‌ട്രീറ്റില്‍ അവസാനിച്ചു. തുടര്‍ന്ന്‌ മാഡിസണ്‍ ഗാര്‍ഡനില്‍ കലാപരിപാടികള്‍ അരങ്ങേറി.
മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച സ്വാതന്ത്ര്യദിന പരേഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക