Image

ലെവല്‍ക്രോസില്‍ ട്രെയിന്‍ വാനിലിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു

Published on 07 August, 2011
ലെവല്‍ക്രോസില്‍ ട്രെയിന്‍ വാനിലിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു
കൊല്ലം: ഓച്ചിറയില്‍ കാവല്‍ക്കാരനില്ലാത്ത ലവല്‍ക്രോസില്‍ ട്രെയിന്‍ വാനില്‍ ഇടിച്ച്‌ വാന്‍ യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക്‌ പരുക്കേറ്റു. അപകടത്തില്‍െപ്പട്ട മഹാലക്ഷ്‌മി എന്ന ടെമ്പോവാനിന്റെ ഉടമ ഓച്ചിറ വയനകം കൊച്ചയ്യത്ത്‌ ശശി (52), ഓച്ചിറ വള്ളികുന്നം വാളാച്ചാല്‍ പോണേത്തറയില്‍ ഗോപാലകൃഷ്‌ണന്റെ മകന്‍ അജയന്‍ (25), ബംഗാളിെല ബര്‍ദാന്‍ സ്വദേശികളായ ആല്‍മണ്ഡോര്‍ (20), ശാന്തു ഷെയ്‌ഖ്‌ (21), അലി മണ്ഡല്‍ (22) എന്നിവരാണ്‌ മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ കൊറ്റമ്പള്ളി തോട്ടത്തില്‍ പടീറ്റതില്‍ സന്തോഷിനെ (32) ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.20ന്‌ കൊറ്റമ്പളി ലെവല്‍ ക്രോസില്‍ ആയിരുന്നു അപകടം.

മഠത്തിക്കാരാഴ്‌മ സ്വദേശി ബിജുവിന്റെ ഉമസ്‌ഥതയിലുള്ള ബിജു കണ്‍സ്‌ട്രക്‌ഷന്റെ വാനാണ്‌ അപകടത്തില്‍പ്പെട്ടത്‌. ക്ലാപ്പനയിലെ കോണ്‍ക്രീറ്റിങ്‌ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വാനിലുണ്ടായിരുന്നവര്‍. ആറുപേര്‍ വാനിയില്‍ ഉണ്ടായിരുന്നതായി ഉടമ അറിയിച്ചു.

പാളത്തില്‍ വാന്‍ കയറുന്നതു കണ്ട്‌ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വാനിന്റെ മധ്യഭാഗത്താണു ട്രെയിന്‍ ഇടിച്ചത്‌. പാളത്തിനു 200 മീറ്റര്‍ അകലെയുള്ള കുളത്തിലും വാനിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവിടെ നിന്നാണ്‌ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കിട്ടിയത്‌.

മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്തവിധം ഛിന്നഭിന്നമായി. ചിലതിന്റെ ശിരസ്സറ്റു. റെയില്‍വേട്രാക്കില്‍നിന്ന്‌ മൂന്ന്‌ മൃതദേഹങ്ങളും ഒരു മണിക്കൂറിനുശേഷവും തൊട്ടടുത്ത വെള്ളക്കെട്ടില്‍നിന്ന്‌ രണ്ട്‌ മൃതദേഹങ്ങളും കണ്ടെടുക്കുകയായിരുന്നു. ട്രെയിന്‍ 300 മീറ്റര്‍ ദൂരെ മാറിയാണ്‌ നിന്നത്‌. വാനിന്റെ ഭാഗങ്ങള്‍ വെള്ളക്കെട്ടില്‍ ചിതറിവീണു. ഇതിനടിയില്‍നിന്നാണ്‌ രണ്ട്‌ മൃതദേഹങ്ങള്‍ പരിസരവാസികള്‍ കണ്ടെടുത്തത്‌. അപകടത്തെതുടര്‍ന്ന്‌ ഏറെനേരം മാവേലി എക്‌സ്‌പ്രസ്‌ പിടിച്ചിട്ടു. കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ സംഭവ സ്‌ഥലം സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക