Image

റംസാന്‍: പുണ്യങ്ങള്‍ ഏറ്റുവാങ്ങുന്ന സുദിനം- സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 17 August, 2012
റംസാന്‍: പുണ്യങ്ങള്‍ ഏറ്റുവാങ്ങുന്ന സുദിനം- സുധീര്‍ പണിക്കവീട്ടില്‍
എല്ലാ വായനക്കാര്‍ക്കും ഇ-മലയാളിയുടെ ഹാര്‍ദ്ദമായ ഈദ് ആശംസകള്‍
In America, and many places Eid is Sunday


'മാനത്തുള്ളൊരു വല്ല്യമ്മാവനു മതമില്ല, ജാതിയുമില്ല, പൊന്നാണത്തിനു കോടിയുടുക്കും പെരുന്നാളിനു തൊപ്പിയിടും.' മാനത്തെ വല്ല്യമ്മാവന്റെ കണ്ണുകള്‍ക്ക് താഴെ വലിയ ഒരു രാജ്യവും അതിനുള്ളില്‍ ഒരു കൊച്ചു ഗ്രാമവും ഉണ്ടായിരുന്നു, അവിടേയും എല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു സുവര്‍ണ്ണകാലമുണ്ടായിരുന്നു. ഇടത്തോട്ടു മുണ്ടുടുത്ത് പുത്തന്‍ കുപ്പായവും ഒത്തിരി വാരി പൂശിയ അത്തറിന്റെ മണവുമായി എന്റെ സ്‌നേഹിതന്‍ കുഞ്ഞുമുഹമ്മദ് റംസാന്‍ നിലാവു് പോലെ പുഞ്ചിരിച്ച്‌കൊണ്ട് കയ്യില്‍ ഉമ്മി കൊടുത്തയച്ച നെയ്‌ചോറും കൊയല്‍പത്തിരിയുമായ് വരുന്നത് ഓര്‍മ്മ വരുന്നു. ദൂരെ ഏതൊ ജാലകവാതില്‍ക്കല്‍ സുറുമയിട്ട മിഴികളുടെ തിളക്കം, ഒരു കസവ് തട്ടത്തിന്റെ മിന്നലാട്ടം. നെഞ്ചിനുള്ളില്‍ നീയാണു്,
ല്‍ബിനുള്ളില്‍ നീയാണു്, കണ്ണടച്ചാല്‍ നീയാണു്..എന്ന് മതങ്ങളുടെ വ്യത്യാസമറിയാത്ത യുവമനസ്സുകള്‍ പാടാന്‍ കൊതിച്ചിരുന്ന അസുലഭ നിമിഷങ്ങള്‍. ഇപ്പോള്‍ മതവിദ്വേഷം കൊണ്ട് ലോകം മുഴുവന്‍ അശാന്തി പരക്കുമ്പൊള്‍ വീണ്ടും ഇതാ ഒരു റംസാന്‍ മാസം.

ദയാനിധിയും കാരുണ്യവാനുമായ അള്ളാഹു പ്രവാചകന്മാരെ ഭൂമിയിലേക്ക് അയച്ചുകൊണ്ടിരുന്നു എന്നു വിശുദ്ധ
ഖുറാന്‍ പറയുന്നുണ്ട്. അവരുടെ പേരോടുകൂടെ. അക്ഷര ജ്ഞാനമില്ലത്തവര്‍ക്കിടയില്‍ തന്റെ ദ്രുഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ച്‌കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു. അള്ളാഹു ഏകനാണെന്നും അവനെ മാത്രം ആരാധിക്കുകയെന്നും അവരെല്ലാം മനുഷ്യരാശിയെ പഠിപ്പിച്ചുപോന്നു. എന്നാല്‍ കാലാന്തരത്തില്‍ അവരുടെ അനുശാസനങ്ങളില്‍ കലര്‍പ്പ് പടരാന്‍ തുടങ്ങിയപ്പോള്‍ പുതിയ പ്രവാചകരെ അള്ളാഹു ഭൂമിയിലേക്ക് അയച്ചു. അവരില്‍ അവസാനത്തെ പ്രവാചകനാണു മുഹമ്മദ് നബി അവസാനത്തെ പ്രവാചകനായത് മൂലം ഇദ്ദേഹം ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കുമായി അയക്കപ്പെട്ടു എന്ന് ഇസ്ലാം മതവിശ്വാസികള്‍ കരുതിപോരുന്നു. എന്നാല്‍ നബി തിരുമേനിയെ ഇസ്ലാം മതവിശ്വാസികള്‍ ആരാധിക്കുന്നില്ല. ആരാധന ദൈവത്തിനു മാത്രമാണെന്നു അവര്‍ വിശ്വസിക്കുന്നു.

റംസാന്‍ മാസത്തില്‍ മുഹമ്മദ് (അപ്പോള്‍ അദ്ദേഹം നബിയല്ലായിരുന്നു) അടുത്തുള്ള ഒരു പര്‍വ്വതത്തിന്റെ മുകളില്‍ പോയിരുന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അവിടെയുള്ള 'ഹീറ' എന്ന ഗുഹയില്‍ അദ്ദേഹം ധ്യാനനിരതനായി വളരെ സമയം ചിലവഴിച്ചു. അങ്ങനെയുള്ള ഒരു പ്രാര്‍ഥനവേളയില്‍ ഒരു രാത്രി ഗബ്രിയേല്‍ മാലാ
പ്രത്യക്ഷപ്പെട്ടു മുഹമ്മദിനോട് പറഞ്ഞു. 'വായിക്കുക' നിരക്ഷരനായ മുഹമ്മദ് പറഞ്ഞു, ''എനിക്ക് വായിക്കാനറിഞ്ഞുകൂടാ'. മാലാ പക്ഷെ അതാവര്‍ത്തിച്ച്‌കൊണ്ടിരുന്നു. പരിഭ്രാന്തനായ മുഹമ്മദ് വീട്ടിലേക്ക് മടങ്ങിപോയി ഭാര്യ ദീജയോട്  നടന്ന സംഭവങ്ങള്‍ പറഞ്ഞു,. പണ്ഡിതനും അപ്പോള്‍ ക്രിസ്തുമത വിശ്വാസത്തിലേക്ക് മാറിയവനുമായ ഒരു അകന്ന സഹോദരനെ മുഹമ്മദും ഭാര്യയും സന്ദര്‍ശിച്ചു, അദ്ദേഹം പറഞ്ഞു. ''മോസ്സസ്സിനെപോലെ നിന്നേയും ദൈവ കല്‍പ്പനകള്‍ ഏറ്റുവാങ്ങാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം ചുരുങ്ങിയ ഒരു ഇടവേള കഴിഞ്ഞ് ദൈവം വെളിപ്പെടുത്തലുകള്‍ തുടര്‍ന്നു, വായിക്കുക എന്നത് ഒരു കല്‍പ്പനയായിരുന്നു. മുഹമ്മദ് വായിക്കാനറിയില്ലെന്ന് പറഞ്ഞ് കൊണ്ടിരുന്നു. മനുഷ്യനറിയാത്തത് ദൈവം അവനെ പഠിപ്പിക്കുന്നുവെന്നു മാലാമാര്‍ പറഞ്ഞ് അപ്രത്യക്ഷരായി. 'ഇക്ര'' എന്ന അറബി പദത്തിനു വായിക്കുക, വായന എന്നര്‍ഥങ്ങള്‍ ഉണ്ട്. അതില്‍ നിന്നത്രെ ഖുറാന്‍ എന്ന വാക്കുണ്ടായത്.

റംസാന്‍ മാസത്തിലാണു വിശുദ്ധ
ഖുറാന്‍ അവതീര്‍ണ്ണമായത്. ഗബ്രിയേല്‍ മാലാ വഴി നബി തിരുമേനിക്ക് സര്‍വ്വശക്തനും കരുണാമയനുമായ അല്ലാഹു വെളിപ്പെടുത്തിയ ദിവ്യ വചനങ്ങള്‍. നബി തിരുമേനിയുടെ നാല്‍പ്പതാം വയസ്സ് മുതല്‍ അറുപത്തിരണ്ടു വയസ്സ് വരെ അല്ലാഹുവില്‍ നിന്നും ഏറ്റു വാങ്ങിയ കല്‍പ്പനകള്‍, കടലാസ്സു കഷണങ്ങളില്‍, കല്ലുകളില്‍, പനയോലകളില്‍ ഒക്കെ അവ കുറിച്ച് വക്കപ്പെട്ടു. അതെഴുതിയെടുത്തവരോട് സന്ദര്‍ഭമനുസറിച്ച് ഓരോ ണ്ഡികയും എവിടെ ഉള്‍പ്പെടുത്തണമെന്നു അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. വിശുദ്ധ ഖുറാനില്‍ മനുഷ്യരെ സംമ്പന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടിട്ടൂണ്ട്. വിശുദ്ധ ഖുറാന്‍ കൂടാതെ ഇസ്ലാമിക്ക് സിദ്ധാന്തങ്ങളെക്കുറിച്ച് അറിവ് നല്‍കുന്ന ഒന്നാണു ഹാദിത്ത്. ഇതില്‍ നബി തിരുമേനിയുടേയും അന്നത്തെ മുസ്ലീം സമുദായത്തിലെ അംഗങ്ങളുടേയും വചനങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇസ്ലാം അല്ലാത്ത ഒരാള്‍ക്ക് ഈ മതത്തെകുറിച്ചറിയാനുള്ള ഒരു വിജ്ഞാനകോശമായി ഹാദിത്തിനെ കണാക്കാക്കമെന്നു ആരോ എഴുതിയത് ഓര്‍മ്മവരുന്നു. അത് വായിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിയെന്നും ഈ ലേകന്‍ കരുതുന്നു,

വിശുദ്ധ
ഖുറാന്‍ നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ലൈലത്തുല്‍ ദ്ര്‍ എന്നു പറയുന്ന നിര്‍ണ്ണയത്തിന്റെ രാത്രി വരുന്നത് റംസാന്റെ അവസാനത്തെ പത്തു് ദിവസങ്ങളില്‍ ഒന്നിലാണു. അതു ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംമ്പന്ധിച്ചുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പുലരി വരും വരെ അത് സമാധാനമത്രെ ( 97 ദര്‍) റംസാന്‍ മാസത്തില്‍ സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും പിശാചുക്കളെ ബന്ധനത്തിലിടുകയുംചെയ്യുന്നു. പുണ്യങ്ങളും നന്മയും പുലരുന്ന വിശുദ്ധ ദിവസങ്ങളാണീ വ്രതാനുഷ്ഠാനകാലം. മറ്റുള്ളവരോട് പകയും വിദ്വേഷവുമുള്ളവര്‍ക്ക് പുണ്യരാവിന്റെ മഹത്വം കിട്ടുകയില്ലെന്ന് വിശുദ്ധ ഖുറാന്‍ വ്യകതമായി പറയുന്നുണ്ട്.

ജര്‍മ്മന്‍ കവി ഗോയ്‌ഥെ പറഞ്ഞുഃ നബി തിരുമേനി ഒരു കവിയല്ല, പ്രവചാകനാണു്. അതുകൊണ്ട് വിശുദ്ധ
ഖുറാനെ ദൈവവചനങ്ങളുള്ള പുസ്തകമായി കാണുന്നു, വിദ്യാഭ്യാസത്തിനോ, വിനോദത്തിനോ മനുഷ്യന്‍ രചിച്ച ഗ്രന്ഥമല്ല ഖുറാന്‍. മറ്റൊരു ഭാഷയിലും ആത്മാവും, പദവും, അക്ഷരവും ഇത്ര മൗലികമായ രീതിയില്‍ ഒന്നിക്കുന്നില്ല.

അല്ലാഹുവില്‍ വിശ്വസിക്കുകയും സദ്പ്രവ്രുത്തികള്‍ ചെയ്യുകയും റംസാന്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നവര്‍ക്കായി കരുതുന്ന സ്വര്‍ഗ്ഗത്തെക്കുറിച്ച് വിശുദ്ധ
ഖുറാന്‍ ഇങ്ങനെ പറയുന്നു. (39-20) പക്ഷെ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണു് മേല്‍ക്ക്‌മേല്‍ തട്ടുകളായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്…….ഖുറാന്‍ 71 (15-16) ഇങ്ങനെ പറയുന്നു. നിങ്ങള്‍ കണ്ടിട്ടില്ലേ എങ്ങനെയാണു് അല്ലാഹു അടുക്കുകളായിട്ട് ഏഴു ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന്. ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു, സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു. തട്ടുകളായി എന്നു പറയുന്ന സ്വര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നവയാണെന്ന് ഹാദിത്തുകള്‍ വിവരിക്കുന്നു. ഏഴു സ്വര്‍ഗ്ഗങ്ങള്‍ ഃ ദാര്‍ അല്‍ സലാം - സമാധാനത്തിന്റെ ഗ്രഹം
ദാര്‍ അല്‍ ജലാല്‍ - മഹത്വത്തിന്റെ ഇരിപ്പിടം, ജന്നത്തുല്‍ മവ 
വിശ്രമാരാമം, ജന്നത്തുല്‍ ഖുദ് - നിത്യത്യതയുടെ പൂങ്കാവനം, ജന്നത്തുല്‍ ഏദന്‍ - ഏദന്‍ പൂന്തോട്ടം, ജന്നത്തുല്‍ ഫിര്‍ദൗസ് - പറുദീസയിലെ പൂന്തോട്ടം, ജന്നത്തുല്‍ നയിം - നിര്‍വൃതിയുടെ ഉദ്യാനം

സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് നിര്‍മ്മിച്ച ഇവിടങ്ങളില്‍ കസ്തൂരിയും കുന്തിരിക്കവും സദാ മണക്കുന്നു. റംസാന്‍ മാസത്തിലെ ഏഴാം ദിവസം വിശ്വാസികള്‍ക്കായി ജന്നത്തുല്‍ നയിം- എന്ന ഈ സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുന്നു. പ്രവാചകനായ ഇബ്രാഹിം ഈ സ്വര്‍ഗ്ഗത്തിന്റെ അവകാശിയാക്കണെ എന്നു പ്രാര്‍ഥിച്ചതായി കാണുന്നു. വാസ്തവത്തില്‍ ഇങ്ങനെ ഏഴു സ്വര്‍ഗ്ഗങ്ങള്‍ ഇല്ല. ജന്നത്തുല്‍ ഫിര്‍ദൗസ് ഏഴാം സ്വര്‍ഗ്ഗമായി കരുതി പോരുന്നു. എങ്കിലും ഇവയെല്ലാം അനുഗ്രഹത്തിന്റെ ആനന്ദത്തിന്റെ ഓരോ നിലകളെ സൂചിപ്പിക്കുന്നതയി വിശ്വസിച്ച്‌പോരുന്നു. ഏദന്‍ തോട്ടത്തെ പുണ്യാത്മക്കളുടെ സ്ഥിരം പറുദീസയായി പരിഗണിക്കപ്പെട്ടുപോരുന്നതില്‍ നിന്നും ഇതെല്ലാം വ്യത്യസ്ഥ പേരുകളാണെങ്കിലും എല്ലാം ഒന്ന് തന്നെയെന്നും അനുമാനിക്കാവുന്നതാണു. ഇവയെ സ്വര്‍ഗ്ഗത്തിന്റെ ഏഴു കവാടങ്ങള്‍ എന്നും പറയുന്നു.

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്നു് സൃഷ്ടിച്ചു. '' നീ വായിക്കുക' നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ച അത്യുദാരനാകുന്നു.. മനുഷ്യന്‍ അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. ( 96:1ക5)

നിലാവിന്റെ മുഗ്ദ്ധ സൗന്ദര്യം പരത്തികൊണ്ട് ശവ്വാല്‍ മാസം പിറക്കുമ്പോള്‍ ഈദ്-ഉല്‍-ഫിത്തര്‍ എന്ന പെരുന്നാളായി.
വ്രതാനുഷ്ഠാനത്തിലൂടെ പൈശാചിക ശക്തികളെ തോല്‍പ്പിച്ച്‌കൊണ്ടു പുണ്യങ്ങള്‍ ഏറ്റുവാങ്ങുന്ന സുദിനം. പട്ടുടുപ്പുകളും, പനിനീരും, അത്തറും നല്ല ഭക്ഷണങ്ങളുടെ കൊതിപ്പിക്കുന്ന മണവും കൂടി കുഴയുന്ന ആനന്ദദായക നിമിഷങ്ങള്‍. (സത്യ വിശ്വാസികളെ നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ച് കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക. അവനെ മാത്രമാണു് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍ (2-172) ഗബ്രിയേല്‍ മാലായുടെ കല്‍പ്പന ഓര്‍ക്കാന്‍ ഈ അവസരം എല്ലാവരും ഉപയോഗിക്കേണ്ടതാണു്. ഗബ്രിയേല്‍ മാലായുടെ ആദ്യ കല്‍പ്പന '' വായിക്കുക' എന്നായിരുന്നു. വായനയിലൂടെ അറിവ് നേടുക. ഇന്നു ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അജ്ഞതയാണു്. ഓരോരുത്തരും അവര്‍ പറയുന്നത് ശരിയെന്ന് വിശ്വസിക്കുന്നു അതു മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. (മുഹമ്മദ് നബിയില്‍) വിശ്വസിച്ചവരോ, യഹൂദ മതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തീട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (2:62) മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന തത്വം തന്നെയാണിതും.

'വായിക്കുക'', വായിച്ച് അറിവ് നേടുക.ദൈവവചനങ്ങള്‍ മനസ്സിലാക്കുകയും അവ അനുസരിച്ച് ജീവിക്കുകയും ചെയ്യുക. ദൈവവചനങ്ങള്‍ മതങ്ങളെപ്പറ്റി പറയുന്നില്ലെന്നു മനസ്സിലാക്കുമ്പോള്‍ തന്നെ പകുതി പകയും വിദേഷവും ശമിക്കും. മതങ്ങള്‍ക്ക് വേണ്ടിയാണു് അന്നും ഇന്നും മനുഷ്യന്‍ കഷ്ടപ്പെടുന്നത്/നഷ്ടപ്പെടുത്തുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യരും നന്മകള്‍ ചെയ്യുമ്പോള്‍ ജന്നത്തുല്‍ ഫിര്‍ദൗസ് എന്ന ഏഴാം സ്വര്‍ഗ്ഗം ഈ ദുനിയാവിലേക്ക് ഇറങ്ങി വരും. വായിക്കുക, വായിച്ച്‌കൊണ്ടേയിരിക്കുക..... ഗബ്രിയേല്‍ മാലാ
യുടെ ഈ കല്‍പ്പന റംസാന്‍ വ്രതംകഴിഞ്ഞ് ഈദ് ആഘോഷിക്കുന്ന ഈ പുണ്യവേളയില്‍ എല്ലാവര്‍ക്കുമുള്ള ഒരു സന്ദേശമാകട്ടേ…..

എല്ലാവര്‍ക്കും ഈദ് ആശംസകള്‍ !
റംസാന്‍: പുണ്യങ്ങള്‍ ഏറ്റുവാങ്ങുന്ന സുദിനം- സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക