Image

സീതയും ഇന്നത്തെ സ്‌ത്രീയും

വാസുദേവ്‌ പുളിക്കല്‍ Published on 17 August, 2012
സീതയും ഇന്നത്തെ സ്‌ത്രീയും
ആരാണ്‌ സീത

രാമായണത്തിലെ ദുഖപുത്രിയോ
അയോദ്ധ്യാപതി രാമന്റെ
പത്‌നിയോ രാജ്ഞിയോ
അസുര രാജാവിന്റെ ഹൃദയമപഹരിച്ചവളോ
ആയാളാല്‍ അപഹരിക്കപ്പെട്ടവളോ
ഭര്‍ത്താവ്‌ പരിത്യജിച്ചവളോ
പരിശുദ്ധി തെളിയിക്കാന്‍
അഗ്നിയില്‍ ചാടേണ്ടിവന്നവളോ
പൊന്മാനിനെ കണ്ടു മോഹിച്ച
സാധാരണ സ്‌തീയോ
ഭര്‍ത്താവ്‌ കൂടെയുണ്ടെങ്കില്‍
കാടും കൊട്ടാരവും ഒന്നെന്ന്‌ കരുതിയവളോ

അല്ല

സമൂഹമെന്ന വേടന്റെ
അമ്പുകൊണ്ട്‌ എന്നും പിടയുന്ന പക്ഷി
മാനിഷാദ പാടാന്‍ വാത്മീകിയില്ലാതെ
നിഷാദശരം നിത്യം കൊള്ളുന്നവള്‍
ജനസംസാരം മാത്രം കേള്‍ക്കുന്ന
പുരുഷന്റെ സാധുവായ ഭാര്യ
പവിത്രയായിട്ടും പതിയും സമൂഹവും
അഗ്നിയിലിട്ട്‌ പരീക്ഷിക്കപ്പെട്ടവള്‍
പുരുഷന്റെ വെറും ഉപകരണമായി
അവന്റെ താളത്തിനൊത്ത്‌ തുള്ളി തുള്ളി
ക്ഷമയുടെ നെല്ലിപ്പടി കാണുമ്പോള്‍
അമ്മയെ വിളിച്ച്‌ കരയുന്നവള്‍
ഒരു പുരുഷനുവേണ്ടി കന്യകാത്വം
കാത്ത്‌ സൂക്ഷിക്കുന്നവള്‍
അത്‌ കവരുന്നവന്റെ നിത്യദാസിയാകുന്നവള്‍
പരപുരുഷനെ നോക്കാത്തവള്‍
പരപുരുഷനെ കേള്‍ക്കാത്തവള്‍
എന്നിട്ടും സമൂഹം എന്ന ശരം
കൊണ്ട്‌ ഭൂമിയില്‍ വീഴുന്നവള്‍
ഇന്നത്തെ പാവം സ്‌ത്രീ
പീഡിപ്പിക്കപ്പെടുന്നവള്‍, വില്‍ക്കപ്പെടുന്നവള്‍
പൊന്നും പണവും കൊടുത്ത്‌ പുരുഷനെ വാങ്ങിയിട്ടും
അവന്റെ അടിമയാകുന്നവള്‍
ശാപമില്ലാത്ത രാവണന്മാരാല്‍
ബലാത്സംഗം ചെയ്യപ്പെടുന്നവള്‍
ഏതു നിമിഷവും തീയില്‍ ചാടി
പരിശുദ്ധി തെളിയിക്കപ്പെടേണ്ടവള്‍
സീതയെ മാതൃകയാക്കുമ്പോള്‍
സ്വന്തം വ്യക്തിത്വം പാടില്ല.
സീതയും ഇന്നത്തെ സ്‌ത്രീയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക