Image

ദിലീപ് 'മിസ്റ്റര്‍ മരുമകന്‍' ആയി തിയേറ്ററുകളിലേക്ക്...

Published on 17 August, 2012
ദിലീപ് 'മിസ്റ്റര്‍ മരുമകന്‍' ആയി തിയേറ്ററുകളിലേക്ക്...
സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തോടെ ദിലീപ് 'മിസ്റ്റര്‍ മരുമകന്‍' ആയി പ്രേക്ഷകര്‍ക്കരികിലേക്ക്.ഒട്ടേറെ അപൂര്‍വതകള്‍ നിറംപകരുന്ന ഈ ചിത്രം ചിരിയുടെ അകമ്പടിയോടെ കുടുംബകഥ പറയുന്നു.സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ മരുമകന്റെ രചന ഹിറ്റുകള്‍ മാത്രം ഒരുക്കുന്ന ഉദയകൃഷ്ണ  സിബി കെ. തോമസ് സഖ്യത്തിന്റേതാണ്.

സംസ്ഥാന അവാര്‍ഡിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ ദിലീപ് ചിത്രം എന്നതാണ് മിസ്റ്റര്‍ മരുമകന്റെ ഒന്നാമത്തെ വിശേഷണം. മനസ്സുകളുടെ അയല്‍പക്കക്കാരനായി മാറുന്ന ദിലീപ് ശൈലി ഇതില്‍ കാണാം. ഭാഗ്യരാജ് ആദ്യമായി മലയാളത്തിലെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തമിഴകത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ശക്തമായ കഥാപാത്രത്തെ തന്നെയാണ് മലയാളത്തിലെ കന്നിവേഷത്തില്‍ കൈകാര്യം ചെയ്യുന്നത്.
മൂന്ന് തലമുറനായികമാരുടെ സാന്നിധ്യവും മിസ്റ്റര്‍ മരുമകനെ വേറിട്ട് നിര്‍ത്തുന്നു. ഷീല, ഖുശ്ബു, സനുഷ എന്നിവരാണ് ഈ ചിത്രത്തിലെ മൂന്ന് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലതാരമായി മലയാളി മനസ്സുകളില്‍ ഇടം നേടിയ സനുഷ നായികയാകുന്ന ആദ്യ ചിത്രമാണ് മിസ്റ്റര്‍ മരുമകന്‍.

രാജലക്ഷ്മിയും അശോക്‌രാജും കളിക്കൂട്ടുകാരായിരുന്നു. ഒരു ജപ്തിയുടെ ഭീഷണിയിലാണ് അയാള്‍. ഏതു നിമിഷവും വീട് ബാങ്കിന്റെ കൈകളിലാകും. ബാലസുബ്രഹ്മണ്യന്‍ എന്ന ഉദ്യോഗസ്ഥനെ സങ്കടം നിരത്തി സ്വാധീനിച്ച് തത്കാലം ജപ്തി ഒഴിവാക്കിയിരിക്കുകയാണ് അശോക്‌രാജ്. പക്ഷേ, ഏതുനിമിഷവും അതുണ്ടായേക്കാം. 

ഫാഷന്‍ ഡിസൈനിങ്ങില്‍ പാരീസില്‍ നിന്ന് ഉന്നത ബിരുദം നേടി നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് രാജലക്ഷ്മി. സ്വന്തം കുടുംബത്തിന്റെ രാജാസ് ഗ്രൂപ്പിന്റെ നേതൃത്വം അവള്‍ ഏറ്റെടുത്തു. രാജമല്ലികയും രാജകോകിലയും ഉണ്ടായിരുന്നു ഒപ്പം. മൂവരും ചേര്‍ന്ന് രാജാസ് ഗ്രൂപ്പിനെ ഉയരങ്ങളിലേക്ക് നയിക്കുമ്പോഴാണ് അശോക്‌രാജ് കടന്നുവരുന്നത്. 

ജീവിതം വഴിമുട്ടിയവന്റെ തന്ത്രങ്ങളുമായി അയാള്‍ രാജാസ് ഗ്രൂപ്പില്‍ കയറിപ്പറ്റാനുള്ള തന്ത്രങ്ങള്‍ മെനയുന്നു. അതിലേക്കുള്ള വഴിയില്‍ മൂന്ന് സ്ത്രീകളെയും കൈയിലെടുക്കാന്‍ അശോകിനായി. മൂവരുടെയും പ്രിയം നേടുന്ന അയാള്‍ക്കെതിരെ ചില കരുനീക്കങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്.
നെടുമുടി വേണു, ബിജു മേനോന്‍, റിയാസ് ഖാന്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, ബാബുരാജ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാ സുബൈര്‍, നെല്‍സണ്‍ ഐപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന മിസ്റ്റര്‍ മരുമകന്‍ വര്‍ണചിത്ര റിലീസാണ് തിയേറ്ററുകളിലെത്തിക്കുന്നത്.

സന്തോഷ് വര്‍മ, പി.ടി. ബിനു എന്നിവരെഴുതി സുരേഷ് പീറ്റേഴ്‌സ് ഈണം പകര്‍ന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.മാതൃഭൂമി മ്യൂസിക്‌സും സത്യം ഓഡിയോസും ചേര്‍ന്നാണ് മിസ്റ്റര്‍ മരുമകന്റെ ഓഡിയോ സി.ഡി. പുറത്തിറക്കിയത്. 


ദിലീപ് 'മിസ്റ്റര്‍ മരുമകന്‍' ആയി തിയേറ്ററുകളിലേക്ക്...
Dileep,Sanusha
ദിലീപ് 'മിസ്റ്റര്‍ മരുമകന്‍' ആയി തിയേറ്ററുകളിലേക്ക്...
Sanusha
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക