Image

റമദാനിലെ അവാസന വെള്ളിയാഴ്‌ചയില്‍ പുണ്യം തേടി വിശ്വാസികള്‍

Published on 17 August, 2012
റമദാനിലെ അവാസന വെള്ളിയാഴ്‌ചയില്‍ പുണ്യം തേടി വിശ്വാസികള്‍
മസ്‌കറ്റ്‌: വേനല്‍ ചൂടിന്‍െറ കാഠിന്യവും ദൈര്‍ഘ്യമേറിയ പകലുകളുടെ തളര്‍ച്ചയും വകവെക്കാതെ സ്രഷ്ടാവിന്‌ സ്വയം സമര്‍പ്പിച്ച വിശ്വാസികള്‍ക്ക്‌ ഇന്ന്‌ റമദാനിലെ വിടവാങ്ങല്‍ വെള്ളിയാഴ്‌ച. ജുമുഅ പ്രഭാഷണത്തിന്‌ പള്ളികളിലെ പ്രസംഗപീഠത്തില്‍ കയറുന്ന ഇമാമുമാന്‍ പുണ്യത്തിന്‍െറ പൂക്കാലത്തോട്‌ കണ്ണീരോടെ സലാം പറയുന്നു. `അസലാമു അലൈക്കും യാ ശഹറു റമദാന്‍'.

റമദാന്‍ പകരുന്ന പരിശുദ്ധിയുടെ തിരിനാളങ്ങള്‍ കെട്ടുപോവാതെ സൂക്ഷിക്കണമെന്ന്‌ ഖുതുബകളില്‍ അവര്‍ ഉപദേശിക്കും. വിശ്വാസികളില്‍ പൂക്കാലം കൊഴിഞ്ഞു പോയതിന്‍െറ നോവുണരും. മിച്ചമുള്ള മൂഹൂര്‍ത്തങ്ങളിലും അവര്‍ ദാഹത്തിന്‍െയും വിശപ്പിന്‍െറയും മണമുള്ള തങ്ങളുടെ നോമ്പുകള്‍ സ്വീകരിക്കാന്‍ ദൈവത്തിലേക്ക്‌ കൈനീട്ടും. വിടവാങ്ങല്‍ വെള്ളിയാഴ്‌ചയായ ഇന്ന്‌ പള്ളികള്‍ നിറഞ്ഞ്‌ കവിയും. മിക്ക പള്ളികളുടെയും ഉള്‍ഭാഗം നിറഞ്ഞ്‌ കവിയുന്നതിനാല്‍ പള്ളിക്ക്‌ പുറത്തും പ്രാര്‍ഥന നടത്തേണ്ടി വരും. കൂടുതല്‍ പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ വിശ്വാസികള്‍ മുന്‍ ഭാഗങ്ങളില്‍ സ്ഥലം പിടിക്കാന്‍ ഇന്ന്‌ നേരത്തെ പള്ളികളിലെത്തും.

പ്രാര്‍ഥനയും ഉദ്‌ബോധവും കഴിയുന്നതോടെ പെരുന്നാള്‍ തിരക്കിലേക്ക്‌ തിരിയും. പിന്നെ പെരുന്നാള്‍ വസ്‌ത്രങ്ങളും വിഭവങ്ങളും വാങ്ങി കൂട്ടാനുള്ള മനസായിരിക്കും വിശ്വാസികള്‍ക്ക്‌. പൊതു,സ്വകാര്യ മേഖലകളില്‍ പെരുന്നാള്‍ അവധി ആരംഭിച്ചതോടെ നാടും നഗരവും പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പു മുട്ടുകയാണ്‌. റമദാനിലെ ഏറെ പുണ്യമുള്ള നിമിഷങ്ങളെന്ന്‌ വിലയിരുത്തുന്ന 27ാം രാവിനെ ഏറെ ആവേശത്തോടെയാണ്‌ വിശ്വാസികള്‍ എതിരേറ്റത്‌. ബുധനാഴ്‌ച രാത്രി മസ്‌കത്തിലെ പ്രധാനപള്ളികളൂടെയെല്ലാം വാതായനങ്ങള്‍ രാവറ്റം വരെ തുറന്ന്‌ കിടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക