Image

ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു

Published on 12 August, 2012
ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പ്രവാസി സംഗമം സംഘടിപ്പിച്ചു. ഓഗസ്റ്റ് മൂന്നിന് (വെള്ളി) രാവിലെ പത്തിന് ചങ്ങനാശേരി പാറേല്‍പള്ളി പാരിഷ് ഹാളില്‍ നടന്ന സംഗമം അതിരൂപത മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലക്കല്‍ അധ്യക്ഷത വഹിച്ച് പ്രസംഗിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജേക്കബ് കാട്ടടി ആമുഖപ്രസംഗം നടത്തി. പാറേല്‍പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് സ്വാഗതം ആശംസിച്ചു. 

ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള ആഗോളപ്രവാസികളെ കൂട്ടിയിണക്കുന്നതിനായി തയാറാക്കിയ www.kripabhavan.com എന്ന വെബ്‌സൈറ്റിന്റെ ലോഞ്ചിംഗും തദവസരത്തില്‍ പെരുന്തോട്ടം നിര്‍വഹിച്ചു.

യൂറോപ്പിലെ മാധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍ 'പ്രവാസി ഇന്ന്' എന്ന വിഷയാവതരണം നടത്തി. യൂറോപ്പില്‍ പ്രവാസി കത്തോലിക്കര്‍ സീറോ മലബാര്‍ സഭയുടെ മാര്‍ത്തോമ്മ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഗള്‍ഫിലെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ജോ കാവാലം പ്രസംഗിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും ജര്‍മനിയില്‍ നിന്നുള്ളവരും പങ്കെടുത്തു. ചോദ്യോത്തരവേളയില്‍ പെരുന്തോട്ടം പിതാവിനെ കൂടാതെ ബന്ധപ്പെട്ട വൈദികരും മറുപടി നല്‍കി. അബുദാബിയില്‍ നിന്നുള്ള ജോസഫ് ചാക്കോ നന്ദി പറഞ്ഞു. സുനന്ദ പരിപാടികളുടെ മോഡറേറ്ററായിരുന്നു.

ഉച്ചക്കുശേഷം കുന്നന്താനത്തുള്ള സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പ്രവാസികളുടെ കുട്ടികളായ എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കു വേണ്ടി 'മോറിയ മീറ്റ്' എന്ന പേരില്‍ നടത്തിയ ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. പ്രവാസികളായി കഴിയുന്ന ആയിരക്കണക്കിനു സീറോ മലബാര്‍ കുടുംബങ്ങളിലെ മക്കളുടെ വിശ്വാസ പരിശീലന കര്‍മപദ്ധതിയാണ് പ്രവാസി വിശ്വാസാനുഭവ ക്യാമ്പ് അഥവാ മോറിയാ മീറ്റ്. 

മാന്നാനം, ഭരണങ്ങാനം, കുടമാളൂര്‍ തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അഗതികള്‍ക്കൊപ്പം അപ്പം പങ്കുവച്ച്, സഭയുടെ ചൈതന്യം പേറുന്ന പുതുതലമുറയ്ക്കു രൂപം നല്‍കാനുതകിയ ത്രിദിനക്യാമ്പ് ഞായറാഴ്ചയോടെ സമാപിച്ചു.

ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക