Image

അമേരിക്കയില്‍ ഇന്‍ഷ്വറന്‍സ്‌ തട്ടിപ്പ്‌: 19 ഇന്ത്യക്കാര്‍ കുറ്റക്കാര്‍

Published on 04 August, 2011
അമേരിക്കയില്‍ ഇന്‍ഷ്വറന്‍സ്‌ തട്ടിപ്പ്‌: 19 ഇന്ത്യക്കാര്‍ കുറ്റക്കാര്‍
മിഷിഗണ്‍: അമേരിക്കയില്‍ ഇന്‍ഷ്വറന്‍സ്‌ തട്ടിപ്പ്‌ കേസില്‍ 19 ഇന്ത്യക്കാര്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തി. കോടികളുടെ തട്ടിപ്പ്‌ നടന്ന ആരോഗ്യ ചികിത്സാ ഇന്‍ഷുറന്‍സ്‌ പദ്ധതിയിലാണ്‌ 19 ഇന്ത്യക്കാരടക്കം 26 പേര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്‌. 2006 ജനുവരിക്കുശേഷം മെഡികെയര്‍ പദ്ധതിയില്‍ 3.77 കോടി ഡോളറിന്റെയും മെഡികെയ്‌ഡ്‌ പദ്ധതിയില്‍ 2.08 കോടി ഡോളറിന്റെയും ബില്ലുകള്‍ സമര്‍പ്പിച്ച പട്ടേല്‍ ഫാര്‍മസീസ്‌ ഉടമയും ഫാര്‍മസിസ്‌റ്റുമായ ബാബുഭായ്‌ പട്ടേല്‍ (49) ആണു മുഖ്യപ്രതി.

പട്ടേലിന്റെ ഉടമസ്‌ഥതയിലുള്ള കടകളിലേക്കു മരുന്നുകള്‍ കുറിച്ചുകൊടുക്കാന്‍ മെഡികെയര്‍, മെഡികെയ്‌ഡ്‌ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട ഡോക്‌ടര്‍മാരെയും മനഃശാസ്‌ത്രജ്‌ഞരെയും പണംകൊടുത്തു സ്വാധീനിച്ചുവെന്നതടക്കം 34 കുറ്റങ്ങളാണു പ്രതികളുടെ പേരിലുള്ളത്‌. ബിനാമി പേരുകളില്‍ 26 കടകളുള്ള പട്ടേല്‍ ഉടമസ്‌ഥത മറച്ചുവച്ചതിനും കേസുണ്ട്‌. രോഗികളുടെ ജീവന്‍ അപകടത്തിലാക്കുംവിധം വേദനസംഹാരികളും മറ്റും നിയമവിരുദ്ധമായി നല്‍കി പദവി ദുരുപയോഗം ചെയ്‌തതിനാണു ഡോക്‌ടര്‍മാരും മനഃശാസ്‌ത്രജ്‌ഞരും ഫാര്‍മസിസ്‌റ്റുകളും പ്രതികളാക്കപ്പെട്ടത്‌. അമേരിക്കയിലെ മിഷിഗണ്‍ സംസ്‌ഥാനത്ത്‌ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ചികില്‍സാ തട്ടിപ്പാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക