Image

റോമാ കാലത്തെ കപ്പല്‍ കണ്ടെത്തി

Published on 06 August, 2012
റോമാ കാലത്തെ കപ്പല്‍ കണ്ടെത്തി
റോം: റോമാ സാമ്രാജ്യത്തിന്റെ വിസ്മയിപ്പിക്കുന്ന ശേഷിപ്പുകളുടെ കൂട്ടത്തില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇറ്റലിയില്‍ കണ്ടെത്തി. ഇറ്റാലിയന്‍ നഗരമായ വരാസിയ്ക്കു സമീപം തീരപ്രദേശത്താണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റോമന്‍ ഭരണകാലത്തെ ചരക്കുകപ്പലിന്റെ ശേഷിപ്പുകളാണ് കണ്ടെത്തിയതെന്നു കരുതുന്നതായി ഗവേഷകര്‍ പറഞ്ഞു. മേഖലയിലെ മീന്‍പിടുത്തക്കാരില്‍ നിന്നു ലഭിച്ച സൂചനകളാണ് കടലിന്റെ അടിത്തട്ടിലെ കപ്പല്‍ കണ്ടെത്താന്‍ ഗവേഷകരെ സഹായിച്ചത്. തുടര്‍ന്ന് ഗവേഷകര്‍ നടത്തിയ തെരച്ചിലില്‍ കപ്പലിനുള്ളില്‍ നിന്നു 250ഓളം മണ്‍കുടങ്ങള്‍ കണ്ടെടുത്തു. അതേസമയം, കപ്പലിനു കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന. കടലിന്റെ അടിത്തട്ടില്‍ ചെളിയില്‍ പൂണ്ടുകിടക്കുന്ന കപ്പലിനു ഏകദേശം പൂര്‍ണരൂപം തന്നെയാണുള്ളതെന്നും ഗവേഷകര്‍ പറഞ്ഞു. കപ്പലിന്റെ ഘടനയേക്കുറിച്ചും മറ്റുമുള്ള പഠനം അക്കാലത്തെ വാണിജ്യ, വ്യവസായ മേഖലയിലെ ഇടപാടുകള്‍ സംബന്ധിച്ച പുത്തന്‍ അറിവുകളിലേയ്ക്കായിരിക്കും വിരല്‍ചൂണ്ടുകയെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന ലഫ്. കേണല്‍ ഫ്രാന്‍സെസ്കോ ഷിലാര്‍ദി പറഞ്ഞു. അതേസമയം, കപ്പലിനെ പൂര്‍ണരൂപത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുക ഏറെക്കുറെ അപ്രായോഗികമാണെന്നാണ് ഷിലാര്‍ദിയുടെ അഭിപ്രായം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക