Image

മദ്യപാനികളായ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആസാമില്‍

Published on 06 August, 2012
മദ്യപാനികളായ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആസാമില്‍
ന്യൂഡല്‍ഹി: മദ്യ ഉല്‍പാദനത്തിന്റെ മുഖ്യ ഘടകമായ ആല്‍ക്കഹോള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് പ്രധാനമായും മദ്യകമ്പനികള്‍ വാങ്ങുന്നതെങ്കിലും മദ്യ ഉപയോഗത്തിന്റെ കാര്യത്തില്‍ ഛത്തീസ്ഗഡാണ് ഒന്നാം സ്ഥാനത്ത്. ഛത്തീസ്ഗഡിലെ പ്രായപൂര്‍ത്തിയായവരില്‍ 19.7 ശതമാനവും മദ്യപാനികളാണ്. ഇവിടെ പുരുഷന്‍മാരില്‍ 31.6 ശതമാനവും മദ്യം ഉപയോഗിക്കുന്നവരാണ്. അതേസമയം, ഇന്ത്യയില്‍ മദ്യപാനികളായ സ്ത്രീകള്‍ ഏറ്റവും കൂടുതലുള്ളത് ആസാമിലാണ്. ആസാമിലെ പ്രായപൂര്‍ത്തിയായ 9.5 ശതമാനം സ്ത്രീകളും മദ്യപാനികളാണ്. വാര്‍ഷിക ആരോഗ്യ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബീഹാര്‍, ജാര്‍ഖണ്ട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ട്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, രാജസ്ഥാന്‍, ആസാം തുടങ്ങിയ ഒന്‍പതു സംസ്ഥാനങ്ങളിലായാണ് പഠനം നടന്നത്. അതോടൊപ്പം രാജ്യത്തെ മദ്യപാനികളില്‍ നാലിലൊന്നു ശതമാനവും വ്യാജമദ്യം ഉപയോഗിക്കുന്നവരാണെന്ന ഞെട്ടിപ്പിക്കുന്ന വിവരവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മദ്യ ഉല്‍പാദനത്തിന്റെ പ്രധാന ഘടകമായ ആല്‍ക്കഹോള്‍ നല്‍കുന്നതു ഉത്തര്‍പ്രദേശാണെങ്കിലും സംസ്ഥാനത്തെ മദ്യ ഉപയോഗം 6.8 ശതമാനം മാത്രമാണ്. അതേസമയം, ഛത്തീസ്ഗഡിലെ മൊത്തം മദ്യ ഉപയോഗം യുപിയുടെ മൂന്നിരട്ടി വരും. രാജസ്ഥാനിലാണ് മദ്യപാനികളുടെ എണ്ണം ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 3.4 ശതമാനം മാത്രമാണ് രാജസ്ഥാനിലെ മദ്യപാനികളുടെ എണ്ണം. വിവിധ സംസ്ഥാനങ്ങളിലെ 284 ജില്ലകള്‍ കേന്ദ്രീകരിച്ച് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മദ്യപാനികളുടെ എണ്ണത്തില്‍ ഛത്തീസ്ഗഡിനു പിന്നില്‍ ജാര്‍ഖണ്ട്(24.6%), ആസാം(23.8%) എന്നീ സംസ്ഥാനങ്ങളാണ് നിരക്കുന്നത്. ആസാമിലെ പത്തില്‍ ഒരാള്‍ എന്ന കണക്കില്‍ സ്ത്രീകള്‍ മദ്യം ഉപയോഗിക്കുന്നവരാണ്. സ്ത്രീ മദ്യപാനികളുടെ കാര്യത്തില്‍ ജാര്‍ഖണ്ട്(8.2%), ഛത്തീസ്ഗഡ്(7.4%), ഒഡീഷ(4.5%) തുടങ്ങിയ സംസ്ഥാനങ്ങളാണ് ആസാമിനു തൊട്ടുപിന്നിലുള്ളത്. ലോകത്തെ ഏറ്റവും വലിയ മദ്യ ഉപയോക്താക്കളായ രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക