Image

സത്നാംസിങ്ങിനെ കൊന്നത് ഇരുമ്പുദണ്ഡുകൊണ്ടടിച്ച്

Published on 06 August, 2012
സത്നാംസിങ്ങിനെ കൊന്നത് ഇരുമ്പുദണ്ഡുകൊണ്ടടിച്ച്
തിരു: വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സത്നാംസിങ് മാന്‍ അതിക്രൂരവും നിഷ്ഠുരവുമായ മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. തലയ്ക്കും കഴുത്തിനുമേറ്റ സാരമായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഇരുമ്പുദണ്ഡും ആയുധങ്ങളും ഉപയോഗിച്ച് മര്‍ദിച്ചതിനെ തുടര്‍ന്നുള്ള നാല്‍പ്പതോളം പാടുകള്‍ ശരീരത്തിലുണ്ട്. ഇലക്ട്രിക് വയര്‍ കൊണ്ട് വരിഞ്ഞുമുറുക്കിയതിന്റെ പാടുകളുമുണ്ട്. ഇതില്‍ മൂന്ന് ദിവസം വരെ പഴക്കമുള്ള പാടുകളുമുണ്ട്. ആഗസ്ത് ഒന്നിനാണ് മഠത്തില്‍ അമൃതാനന്ദമയിയുടെ ദര്‍ശനവേദിയിലേക്ക് കയറാന്‍ ശ്രമിച്ച സത്നാംസിങ്ങിനെ ഭക്തരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. മനോവിഭ്രാന്തി കാട്ടിയ ഇയാള്‍ക്കെതിരെ പൊതുസ്ഥലത്ത് ബഹളംവച്ചെതിന് സാധാരണ നിലയില്‍ പെറ്റികേസ് എടുക്കുന്നതിന് പകരം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ടിടപെട്ടാണ് വധശ്രമത്തിന് കേസെടുത്ത് ജയിലിലടച്ചത്. സംഭവം നടന്നയുടന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മഠത്തിലെത്തിയിരുന്നു. സത്നാം മനോരോഗിയാണെന്നും വധശ്രമക്കേസില്‍പ്പെടുത്തുന്നതി
നുമുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ബന്ധു വിമല്‍കിഷോര്‍ മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരോട് കേണപേക്ഷിച്ചിരുന്നു. എന്നിട്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിപ്പിച്ച് കൊല്ലം ജില്ലാ ജയിലിലേക്ക് അയക്കുകയായിരുന്നു. ജില്ലാ ജയിലില്‍ നിന്ന് അബോധാവസ്ഥയിലായ ഇയാളെ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ വെള്ളിയാഴ്ച രാത്രിയാണ് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. ശനിയാഴ്ച പകല്‍ ബോധം തെളിഞ്ഞെങ്കിലും രാത്രി ഇയാളെ ആശുപത്രിയിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എഡിഎം പി കെ ഗിരിജയുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്്. പോസ്റ്റ്മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചു. പൂര്‍ണമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച ലഭിക്കും. എംബാം ചെയ്ത മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 5.45ന് ജെറ്റ് എയര്‍വേസില്‍ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. അവിടെനിന്ന്് റോഡ് മാര്‍ഗം ഗയയിലേക്ക് എത്തിക്കും. മൃതദേഹം കൊണ്ടുപോകുന്നതിന്റെയും ഒപ്പം പോകുന്ന ഒരാളുടെയും ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ആശുപത്രി സന്ദര്‍ശിച്ച മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അതിനിടെ, സത്നാംസിങിനെ ആശ്രമത്തില്‍ വച്ചും മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയിലുള്ളതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. കേസന്വേഷണം ക്രൈംബ്രാഞ്ച് ഐജി ബി സന്ധ്യയുടെ നേതൃത്വത്തിലാണ്. മകന്റെ മരണത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സത്നാമിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിങ് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക