Image

ഉരുള്‍പൊട്ടല്‍: കുട്ടി മരിച്ചു; 7 പെരെ കാണാതായി

Published on 06 August, 2012
ഉരുള്‍പൊട്ടല്‍: കുട്ടി മരിച്ചു; 7 പെരെ കാണാതായി
കോഴിക്കോട്‌: ഉരുള്‍പൊട്ടലും ശക്തമായ മഴയും മൂലം കണ്ണൂര്‍, കോഴിക്കോട്‌ ജില്ലകളില്‍ വന്‍ ദുരന്തം.

കോഴിക്കോട്‌ ജില്ലയിലെ തിരുവാമ്പാടിയില്‍ ഇന്നലെ വൈകിട്ടുണ്ടായ ഉരുള്‍പൊട്ടലുകളില്‍ ഒരു കൂട്ടി മരിച്ചു. സംഭവത്തില്‍ ഏഴുപേരെ കാണാതായി. തെരച്ചില്‍ തുടരുന്നു.

ആനക്കാംപൊയില്‍ ചെറുശ്ശേരിയില്‍ തുണ്ടത്തില്‍ ജോസഫ്‌ (ഔസേപ്പ്‌), ഭാര്യ ഏലിക്കുട്ടി, ഇളയ മകന്‍ ബിജുവിന്റെ ഭാര്യ നിഷ, ഇവരുടെ രണ്ടു കുട്ടികള്‍ എന്നിവരാണു ചെറുശ്ശേരിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍. ഇതില്‍ മൂന്നര വയസ്സുകാരനായ അമലിന്റെ മൃതദേഹമാണ്‌ രാത്രിയോടെ കണ്ടെത്തിയത്‌.

കോടഞ്ചേരി പഞ്ചായത്തില്‍ മഞ്ഞുവയല്‍ പൊട്ടന്‍കോട്‌ മലയില്‍ ഉരുള്‍പൊട്ടി മഞ്ഞുവയല്‍ പാലത്തൊടുകയില്‍ ഗോപാലനെ (75) ആണു കാണാതായത്‌. ഭാര്യ മരിച്ച ഇയാള്‍ വര്‍ഷങ്ങളായി ഒറ്റയ്‌ക്കാണു താമസിക്കുന്നത്‌. ഇയാളുടെ വീടും പാടേ ഒലിച്ചുപോയി. പരുക്കേറ്റ പുത്തന്‍ പുരയില്‍ വര്‍ക്കിയെ (73) പരുക്കുകളോടെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കോണ്‍ക്രീറ്റ്‌ വീട്‌ തകര്‍ന്നു.

ഇന്നലെ രാത്രി എട്ടോടെയാണു മൃതദേഹം കിട്ടിയത്‌. തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയ്‌ക്കടുത്തു കൊടക്കാട്ടുപാറ, ആനക്കാംപൊയിലിനു സമീപം ചെറുശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞുവയല്‍ എന്നിവിടങ്ങളിലാണു മലയോരമേഖലയെ ഒന്നാകെ നടുക്കിയ ദുരന്തം.

ആനക്കാംപൊയില്‍ റോഡില്‍ പാറക്കല്ലുകള്‍ നിറഞ്ഞു ഗതാഗതം സ്‌തംഭിച്ചതിനെത്തുടര്‍ന്ന്‌ ഒറ്റപ്പെട്ട 50 വിദ്യാര്‍ഥികള്‍ക്ക്‌ പുല്ലൂിരാംപാറ സെന്റ്‌ ജോസഫ്‌സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താമസ സൗകര്യമൊരുക്കി. 30 ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളുമാണ്‌ ഇവിടെയുള്ളതെന്ന്‌ സെന്റ്‌ ജോസഫ്‌സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. പുല്ലൂരാംപാറ, തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിക്കുന്നവരും നഗരത്തിലെ കോളജുകളില്‍ നിന്ന്‌ വീട്ടിലേക്കു മടങ്ങിയവരും ഇതിലുള്‍പ്പെടും. ഇവര്‍ക്ക്‌ സൗകര്യമൊരുക്കാന്‍ അധ്യാപകരും പിടിഎ ഭാരവാഹികളും നാട്ടുകാരും രംഗത്തുണ്ട്‌. പ്രദേശത്ത്‌ ഇപ്പോഴും കനത്ത മഴ തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക