Image

ജാമ്യത്തിന് കോഴ: സോമശേഖര റെഡ്ഡിയെ ജയിലിലടച്ചു

Published on 06 August, 2012
ജാമ്യത്തിന് കോഴ: സോമശേഖര റെഡ്ഡിയെ ജയിലിലടച്ചു
ബംഗളൂരു: ഖനന അഴിമതി കേസില്‍ കര്‍ണാടക മുന്‍മന്ത്രി ജി. ജനാര്‍ദന റെഡ്ഡിക്ക് ജാമ്യം ലഭിക്കാന്‍ സി.ബി.ഐ ജഡ്ജിക്ക് അഞ്ചുകോടി രൂപ കൈക്കൂലി നല്‍കിയ സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ സോമശേഖര റെഡ്ഡിയെ ആന്ധ്ര ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി) അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ റെഡ്ഡിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തു. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ബി.ജെ.പി എം.എല്‍.എയാണ് സോമശേഖര റെഡ്ഡി. ഖനന കേസില്‍ കുടുങ്ങി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഡിയുടെ സഹോദരനാണ് സോമശേഖര. 

വെള്ളിയാഴ്ച ഹൈദരാബാദില്‍ അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരായ റെഡ്ഡി രണ്ടു ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു. തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്കയച്ചു.
സോമശേഖരക്കു പുറമെ കേസില്‍ പിടിയിലായ ജനാര്‍ദന റെഡ്ഡിയുടെ ബന്ധുവായ അഭിഭാഷകന്‍ ദശരഥരാമറെഡ്ഡിയെയും ചോദ്യംചെയ്തിരുന്നു. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇയാളെ ശനിയാഴ്ച ജയിലിലേക്ക് മാറ്റി.

സോമശേഖര റെഡ്ഡി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എ.സി.ബി കോടതി ആഗസ്റ്റ് ഒമ്പതിന് വിധി പറയാനിരിക്കേയാണ് അറസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക