Image

അനീഷിനും ശ്രീജിത്തിനും സഹായവുമായി ജയറാം എത്തി

Published on 06 August, 2012
അനീഷിനും ശ്രീജിത്തിനും സഹായവുമായി ജയറാം എത്തി
പറളി: ദുരന്തത്തില്‍പെട്ട കൂട്ടുകാര്‍ക്ക് കൈത്താങ്ങേകാന്‍ എത്തിയ പ്രിയനടന് പറളി സ്‌കൂള്‍ ആദരപൂര്‍വം സ്വാഗതമോതി. ബസില്‍ യാത്ര ചെയ്യുമ്പോള്‍ ലോറിയിടിച്ച് കൈകള്‍ അറ്റ അനീഷിനും ശ്രീജിത്തിനും സഹായവുമായി നടന്‍ ജയറാമാണ് തിങ്കളാഴ്ച രാവിലെ പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയത്.

മുതലമടയില്‍ ‘മദിരാശി’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നാണ് ജയറാം വന്നത്. വലത്‌കൈ കൊടുക്കുന്നത് ഇടത്‌കൈ അറിയരുതെന്ന പക്ഷക്കാരനാണ് താനെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, തന്റെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെയെന്നും ഇനിയും പലരും സഹായവുമായി എത്തട്ടെയെന്നും സ്്കൂളധികൃതര്‍ പറഞ്ഞപ്പോള്‍ വഴങ്ങുകയായിരുന്നുവെന്നും ജയറാം പറഞ്ഞു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കഴിയുന്ന തേനൂര്‍ പുള്ളോട് വടക്കേത്തൊടി അമാനുല്ലയുടെ മകന്‍ അനീഷിനും പുള്ളോട് അയ്യര്‍മല കൊട്ടേക്കാട് വീട്ടില്‍ കൃഷ്ണന്റെ മകന്‍ ശ്രീജിത്തിനും വേണ്ടി ഓരോ ലക്ഷം രൂപയുടെ ചെക്കാണ് ജയറാം കൈമാറിയത്. പി.ടി.എ പ്രസിഡന്റ് മാടമ്പത്ത് വാസുദേവന്‍ ചെക്ക് ഏറ്റുവാങ്ങി. പഞ്ചായത്ത്് പ്രസിഡന്റ് വി.വി. ഹരിദാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ഉണ്ണികൃഷ്ണന്‍, പ്രധാനാധ്യാപിക കെ. ഹാപ്പി എന്നിവര്‍ സംസാരിച്ചു.

റീജനല്‍ കാന്‍സര്‍ സെന്ററിന്റെ ബ്രാന്റ് അംബാസഡറായി തന്നെ സര്‍ക്കാര്‍ നിയോഗിച്ചതില്‍ ജയറാം സന്തോഷം പ്രകടിപ്പിച്ചു. 2,100 വിദ്യാര്‍ഥികളും നൂറോളം ജീവനക്കാരുമുള്ള പറളി സ്‌കൂള്‍ ഓരോരുത്തരില്‍നിന്ന് ഒരു രൂപ വീതം സമാഹരിച്ച് കാന്‍സര്‍ സെന്ററിന് നല്‍കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.

അനീഷിനും ശ്രീജിത്തിനും സഹായവുമായി ജയറാം എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക