Image

ഹസാരെ സംഘം പിരിച്ചുവിട്ടതായി അന്നാ ഹസാരെ

Published on 06 August, 2012
ഹസാരെ സംഘം പിരിച്ചുവിട്ടതായി അന്നാ ഹസാരെ
ന്യുഡല്‍ഹി: ഗാന്ധിയന്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി പിരിച്ചുവിട്ടു. ഹസാരെ തന്നെയാണ്‌ ഇക്കാര്യം ബ്ലോഗിലൂടെ അറിയിച്ചത്‌. ജനങ്ങള്‍ക്കു വേണ്ടി രാഷ്‌ട്രീയ ബദലിനായി പ്രവര്‍ത്തിക്കുമെന്നും ഹസാരെ അറിയിച്ചു. ജന്‍ലോക്‌പാല്‍ ബില്‍ രൂപീകരിക്കുന്നതിനാണ്‌ സമിതി രൂപീകരിച്ചതെന്നും എന്നാല്‍ സര്‍ക്കാരുമായി ലോക്‌പാല്‍ വിഷയത്തില്‍ ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും ഹസാരെ ബ്ലോഗില്‍ കുറിച്ചു. അഴിമതിക്കെതിരെ പൊതുജന പങ്കാളിത്തത്തോടെ 18 മാസം സമരമുഖത്ത്‌ പ്രവര്‍ത്തിച്ച ശേഷമാണ്‌ ഹസാരെ സംഘം പിരിച്ചുവിടുന്നത്‌.

താന്‍ തെരഞ്ഞെടുപ്പ്‌ മത്സരിക്കുന്നില്ലെന്ന്‌ 75 കാരനായ ഹസാരെ വ്യക്‌തമാക്കുന്നു. എന്നാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാം. അതേസമയം, പുതിയ രാഷ്‌ട്രീയ കക്ഷിക്ക്‌ പേരും പ്രകടന പത്രികയും നിര്‍ദ്ദേശിക്കണമെന്ന്‌ സംഘാംഗമായ അരവിന്ദ്‌ കേജ്രിവാള്‍ ജനങ്ങളോട്‌ ആവശ്യപ്പെട്ടു.

അഴിമതിക്കും കള്ളപ്പെണത്തിനുമെതിരെയും ജന്‍ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ടും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ നടത്തിയ നിരാഹാര സമരത്തോടെയാണ് അന്നാ ഹസാരെയും സംഘവും ജനശ്രദ്ധയാകര്‍ഷിച്ചത്. പതിനാറു ദിവസം നീണ്ടുനിന്ന അന്നത്തെ നിരാഹാര സമരത്തില്‍ അന്നു കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ച ഹസാരെ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ഉറപ്പും നേടിയിരുന്നു. രാജ്യം ഒന്നടങ്കം ഹസാരെയുടെ സമരത്തിന് പിന്തുണയുമായി എത്തിയതോടെയാണ് ഹസായെുടെ സമരം വിജയിച്ചത്.

എന്നാല്‍ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ഹസാരെ സംഘം വീണ്ടും സമരം നടത്തിയെങ്കിലും ജനപങ്കാളിത്തം കുറഞ്ഞതിനാല്‍ പരാജയപ്പെട്ടു. സംഘത്തെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും എത്തിയില്ല. പത്തുദിവസം കൊണ്ട് സമരം നിര്‍ത്തിയ ഹസാരെ സംഘം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സുചന നല്‍കിയിരുന്നു.

അതേസമയം, ലോക്പാല്‍ ബില്ലിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ലോക്‌സഭ ബില്‍ പാസ്സാക്കിയെങ്കിലും ഇതുവരെ രാജ്യസഭയില്‍ എത്തിയിട്ടില്ല. മാത്രമല്ല, ബുധനാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. സര്‍ക്കാരിന് താല്‍പര്യമില്ലാത്തതാണ് ഇതിന് കാരണമെന്നും ഹസാരെ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക