Image

നെല്ലിയാമ്പതി വിഷയം: എം.എം. ഹസന്‍ ഉപസമിതി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു

Published on 05 August, 2012
നെല്ലിയാമ്പതി വിഷയം: എം.എം. ഹസന്‍ ഉപസമിതി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു
ന്യൂഡല്‍ഹി: നെല്ലിയാമ്പതിയില്‍ എസ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ യുഡിഎഫ് രൂപീകരിച്ച ഉപസമിതിയുടെ കണ്‍വീനര്‍ സ്ഥാനം എം.എം. ഹസന്‍ രാജിവെച്ചു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഹസന്‍ രാജിക്കാര്യം അറിയിച്ചത്.

വി.ഡി. സതീശന്റെയും ടി.എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ ഒരു സംഘം യുഡിഎഫ് എംഎല്‍എമാര്‍ വീണ്ടും നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോട ഉപസമിതിയുടെ വിശ്വാസ്യത നഷ്ടമായെന്നും ഈ സാഹചര്യത്തിലാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെ ആക്ഷേപത്തോടെ ഉപസമിതിയുടെ വിശ്വാസ്യത നഷ്ടമായി. ഇത് യുഡിഎഫ് നേതൃത്വത്തോടുള്ള വെല്ലുവിളിയാണെന്ന് മനസിലാക്കിയതിനാലാണ് രാജിവെയ്ക്കുന്നത്. ഉപസമിതിയുടെ കണ്‍വീനര്‍ ചുമതലയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് തീരുമാനിച്ചതായും രാജി മാത്രമാണ് പ്രതിവിധിയെന്നും ഹസന്‍ പറഞ്ഞു. കമ്മറ്റിയിലെ ബാക്കിയുള്ളവരുടെ കാര്യം തനിക്കറിയില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. പി.സി. ജോര്‍ജ് നടത്തിയ അഭിപ്രായപ്രകടനങ്ങളോട് യോജിക്കുന്നില്ലെന്നും ഹസന്‍ വ്യക്തമാക്കി.

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനത്തിന് യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ അംഗീകാരമില്ലെന്നും ഹസന്‍ പറഞ്ഞു. ഹസന്റെ രാജിയോടെ വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നമായി മാറിയിരിക്കുന്ന സ്ഥിതിയാണ്.വരും നാളുകളില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇത് ഏറെ വിവാദങ്ങള്‍ക്കും ഇടയാക്കും. അതേസമയം കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. ഡല്‍ഹിയില്‍ തന്നെയുള്ള മുഖ്യമന്ത്രിയോടും കെപിസിസി അധ്യക്ഷനോടും ചോദിക്കേണ്ട ചോദ്യമാണിതെന്നും പാവപ്പെട്ട തന്നോടു ചോദിച്ച് വിഷമിപ്പിക്കേണ്ട കാര്യമുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക