Image

യു.ഡി.എഫ് എംഎല്‍എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം തുടങ്ങി

Published on 05 August, 2012
യു.ഡി.എഫ് എംഎല്‍എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം തുടങ്ങി
പാലക്കാട്: പരിസ്ഥിതി സംരക്ഷണത്തിന്റെ രാഷ്ട്രീയവുമായി യു.ഡി.എഫിന്റെ ആറംഗ എംഎല്‍എമാരുടെ സംഘം നെല്ലിയാമ്പതിയില്‍ സന്ദര്‍ശനം തുടങ്ങി. പാട്ടക്കരാര്‍ ലംഘനങ്ങളുടെ നിജസ്ഥിതി അറിയാനാണ് വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്. ഹൈബി ഈഡന്‍, വി.ടി.ബല്‍റാം, എം.വി.ശ്രേയാംസ്കുമാര്‍, കെ.എം. ഷാജി എന്നിവരും സംഘത്തിലുണ്ട്. ചെറുനെല്ലി എസ്റേറ്റിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. എസ്റേറ്റ് കൈവശക്കാരുമായും ആദിവാസികളുമായും തൊഴിലാളികളുമായും സംഘം കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം പാടഗിരി ഫോറസ്റ് ഗസ്റ്ഹൌസില്‍ പൊതുജനങ്ങളില്‍നിന്നും പരാതി കേള്‍ക്കും. തുടര്‍ന്ന് വനം ഉദ്യോഗസ്ഥരുടെ വാദം സംഘം കേള്‍ക്കും. വിവിധ സാമൂഹിക പരിസ്ഥിതി സംഘടനകളും എം.എല്‍.എ സംഘത്തെ കണ്ട് ചര്‍ച്ച നടത്തും. ഉച്ചയ്ക്കുശേഷം രാജാക്കാട്, മാങ്കോട് എസ്റേറ്റുകളും സന്ദര്‍ശിക്കും. എം.എം.ഹസന്‍ ചെയര്‍മാനായ യു.ഡി.എഫ് ഉപസമിതി നെല്ലിയമ്പതി സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ് എംഎല്‍എ സംഘം ഇവിടെ സന്ദര്‍ശനം നടത്തുന്നത്. ഈ സന്ദര്‍ശനത്തിനിടെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ യ്ക്കെതിരെ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് എം.എല്‍.എ മാരുടെ സന്ദര്‍ശനം. ഇന്നലെ രാത്രിയോടെ നെല്ലിയാമ്പതിയിലെത്തിയ സംഘം കവയിത്രി സുഗതകുമാരിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ ചെറുകിട കര്‍ഷകരുടെയും എസ്റേറ്റ് കൈവശക്കാരുടെയും നേതൃത്വത്തില്‍ എംഎല്‍എമാരെ തടയുമെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക