Image

യുഎസ് ഗുരുദ്വാരയിലെ വെടിവെയ്പ് ആഭ്യന്തര തീവ്രവാദമെന്ന് എഫ്ബിഐ

Published on 05 August, 2012
യുഎസ് ഗുരുദ്വാരയിലെ വെടിവെയ്പ് ആഭ്യന്തര തീവ്രവാദമെന്ന് എഫ്ബിഐ
വാഷിംഗ്ടണ്‍: യുഎസ് സംസ്ഥാനമായ വിസ്കന്‍സിന്നിലെ ഓക് ക്രീക്കില്‍ സിഖ് ആരാധനാകേന്ദ്രത്തിലുണ്ടായ വെടിവെയ്പ് ആഭ്യന്തര തീവ്രവാദ പ്രവര്‍ത്തിയാണെന്ന് എഫ്ബിഐ. അന്വേഷണം ഏറ്റെടുത്ത ശേഷമാണ് എഫ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

 ഓക് ക്രീക്ക് പോലീസുമായും മറ്റ് പ്രാദേശിക ഭരണകൂടവുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും എഫ്ബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് കുതിച്ചെത്തിയ പോലീസ് കൊലപാതകിയെ വധിച്ചിരുന്നു. വെള്ള ടീഷര്‍ട്ടും സൈനികരുടെ പാന്റ്സും ധരിച്ചെത്തിയ നാല്‍പതു വയസ് പ്രായമുള്ള കൊലയാളി ഗുരുദ്വാരയുടെ അടുക്കള വഴിയാണ് തോക്കുമായി അകത്ത് പ്രവേശിച്ചത്. 9/11 ആക്രമണത്തിന്റെ ടാറ്റൂവും ഇയാള്‍ പതിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വെടിവെയ്പ് നടക്കുമ്പോള്‍ നാനൂറോളം വിശ്വാസികള്‍ ഗുരുദ്വാരയ്ക്കുള്ളില്‍ ഉണ്ടായിരുന്നു.

 ആക്രമണത്തെ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ അപലപിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായും യുഎസ് അധികൃതരുമായും ഇന്ത്യന്‍ കോണ്‍സുലേറ്റ് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിസ്കന്‍സിന്നിന്റെ തെക്കു-കിഴക്കന്‍ ഭാഗത്തുള്ള നഗരമാണ് ഓക് ക്രീക്ക്. രണ്ടാഴ്ചയ്ക്കുള്ളില്‍ അമേരിക്കയിലുണ്ടാകുന്ന രണ്ടാമത്തെ വെടിവെയ്പാണിത്. നേരത്തെ ഒരു സിനിമാശാലയിലുണ്ടായ വെടിവെയ്പില്‍ 12 പേര്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക