Image

ലണ്ടനില്‍ ബ്രിട്ടീഷ് രാത്രി

Published on 05 August, 2012
ലണ്ടനില്‍ ബ്രിട്ടീഷ് രാത്രി
ലണ്ടന്‍: അത്‌ലറ്റിക്‌സില്‍ ബ്രിട്ടീഷ് രാത്രിയായിരുന്നു ശനിയാഴ്ച. മൂന്ന് സ്വര്‍ണമെഡലുകള്‍ സ്വന്തമാക്കി ബ്രിട്ടന്‍ സ്വന്തംനാട്ടിലെ ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സിലും കരുത്തുകാട്ടി. വനിതകളുടെ ഹെപ്റ്റാത്തലണില്‍ ജെസ്സീക്ക എന്നിസും പുരുഷന്മാരുടെ ലോങ്ജമ്പില്‍ ഗ്രെഗ് റുഥര്‍ഫോര്‍ഡും പതിനായിരം മീറ്ററില്‍ മുഹമ്മദ് ഫറായുമാണ്(മോ ഫറ) ബ്രിട്ടനെ പൊന്നണിയിച്ചത്. പതിനായിരം മീറ്ററില്‍ സ്വര്‍ണം നിലനിര്‍ത്താനെത്തിയ എത്യോപ്യന്‍ താരം കെനനീസെ ബെക്കലെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍, അമേരിക്കയുടെ ഗലെന്‍ റൂപ്പ് അപ്രതീക്ഷിത വെള്ളി നേടി.

പതിനായിരം മീറ്ററില്‍ ബെക്കലെ ലക്ഷ്യമിട്ടത് ഹാട്രിക് കിരീടമായിരുന്നു. എന്നാല്‍, സൊമാലിയന്‍ വംശജനായ ബ്രിട്ടീഷ് ദീര്‍ഘദൂര താരം മോ ഫറ (27 മിനിറ്റ് 30.42 സെ.) അവസാനലാപ്പില്‍ നടത്തിയ സ്പ്രിന്റില്‍ ബെക്കെലെയുടെ കണക്കൂകൂട്ടലുകള്‍ പാളി. മോയും പരിശീലന പങ്കാളിയുമായ റൂപ്പും (27:30.90) ചേര്‍ന്ന് നടത്തിയ കുതിപ്പില്‍ എത്യോപ്യന്‍ താരങ്ങള്‍ പിന്തള്ളപ്പെടുകയായിരുന്നു. കെനനീസെയുടെ സഹോദരന്‍ താരിക്കു ബെക്കലെ(27:31.44) വെങ്കലം നേടിയത് എത്യോപ്യക്ക് ആശ്വാസമായി. 

ജസീക്കയുടെയും റുഥര്‍ഫോര്‍ഡിന്റെയും സുവര്‍ണ നേട്ടങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് തിങ്ങിനിറഞ്ഞ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ മോയുടെ സ്വര്‍ണം ആതിഥേയരെ കോരിത്തരിപ്പിച്ചത്. ഹെപ്റ്റാത്ത്‌ലണില്‍ 6955 പോയന്‍േറാടെ പുതിയ ബ്രിട്ടീഷ് റെക്കോഡ് സ്ഥാപിച്ചാണ് ജെസ്സീക്ക എന്നിസ് സ്വര്‍ണം നേടിയത്. 6649 പോയന്‍േറാടെ ജര്‍മനിയുടെ ലില്ലി ഷ്വാര്‍സ്‌കോഫ് വെള്ളിയും റഷ്യയുടെ താത്യാന ചെര്‍നോവ (6628) വെങ്കലവും നേടി. 

ലോങ്ജമ്പില്‍ 8.31 മീറ്റര്‍ ചാടിയാണ് ഗ്രെഗ് റുഥര്‍ഫോര്‍ഡ് ബ്രിട്ടന്റെ മെഡല്‍ശേഖരം കൂട്ടിയത്. നിലവിലെ ജേതാവായ പാനമയുടെ ഇര്‍വിങ് സലാഡിനോ യോഗ്യതാറൗണ്ടില്‍ മൂന്ന് ചാട്ടങ്ങളും ഫൗളായതിനെത്തുടര്‍ന്ന് പുറത്തായിരുന്നു. ലോകചാമ്പ്യന്‍ഷിപ്പിലെ ജേതാവ് അമേരിക്കയുടെ ഡ്വെയ്റ്റ് ഫിലിപ്‌സ് ഇവിടെ മത്സരിച്ചിരുന്നില്ല. ലോകചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവ് ഓസ്‌ട്രേലിയക്കാരന്‍ മിച്ചല്‍ വാറ്റ് (8.16) വെള്ളിയും അമേരിക്കയുടെ വില്‍ ക്ലായെ (8.12) വെങ്കലവും നേടി. 

ലണ്ടനില്‍ ബ്രിട്ടീഷ് രാത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക