Image

കോലോത്തുംതൊടിക്ക് പെരുന്നാള്‍രാവ്

Published on 04 August, 2012
കോലോത്തുംതൊടിക്ക് പെരുന്നാള്‍രാവ്
അരീക്കോട്: ചെറിയ പെരുന്നാളിന് ഇനിയും രണ്ടാഴ്ച ബാക്കിയുണ്ടെങ്കിലും കോലോത്തുംതൊടി വീട്ടിലും കുനിയില്‍ പ്രദേശത്തും ശനിയാഴ്ച ആഹ്‌ളാദത്തിന്റെ പൂത്തിരി കത്തുകയായിരുന്നു. രാജ്യം ഉറ്റുനോക്കിയ ലണ്ടന്‍ ഒളിമ്പിക്‌സിലെ നടത്ത മത്സരത്തില്‍ ഇര്‍ഫാന്റെ മികച്ച പ്രകടനം അവര്‍ ആഘോഷമാക്കി.

മത്സരം തുടങ്ങും മുമ്പ് രാത്രി ഏഴിനും ഏഴേ മുക്കാലിനും വീട്ടിലേക്ക് വിളിച്ച ഇര്‍ഫാന്‍ കാലാവസ്ഥ കുഴപ്പമില്ലെന്നും നല്ല പ്രതീക്ഷയുണ്ടെന്നും സഹോദരി നിസാദയെ അറിയിച്ചിരുന്നു. സാധാരണ കുടുംബത്തില്‍നിന്ന് സ്വപ്രയത്‌നത്താല്‍ ലോക കായിക മാമാങ്കത്തില്‍ മാറ്റുരക്കാന്‍ കഴിഞ്ഞ 22 കാരനായ ഇര്‍ഫാന്റെ കുടുംബം 12 ഇഞ്ച് വലിപ്പമുള്ള ടി.വിയിലാണ് മത്സരം കണ്ടത്. ലളിതജീവിതം നയിക്കുന്ന മുസ്തഫയുടെയും സുലൈഖയുടെയും മകനായ ഇര്‍ഫാന് മിതത്വവും തികഞ്ഞ ആത്മവിശ്വാസവും അതിലുപരി കഠിനാധ്വാനവുമാണ് നടത്തത്തില്‍ ലോകത്തിലെ പത്താമനായിത്തീരാന്‍ സഹായിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുനിയില്‍ ന്യു ബസാറിലെ ഇര്‍ഫാന്റെ വീട്ടുമുറ്റത്ത് വലിയ സ്‌ക്രീനില്‍ നാട്ടുകാര്‍ ആവേശപൂര്‍വം ആര്‍ത്തുവിളിച്ച് കൈയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇര്‍ഫാന്റെ 66 വയസ്സുള്ള വല്യുമ്മ ആമിനയടക്കം നാല്‍പതോളം കുടുംബാംഗങ്ങളും ബന്ധുക്കളും മത്സരം കാണാന്‍ വീട്ടിലെത്തി.

അത്രയും ആഹ്‌ളാദവും ആവേശവും പ്രാര്‍ഥനകളും നിറഞ്ഞ ദിവസമായിരുന്നതെന്ന് ഇര്‍ഫാന്റെ സഹോദരിമാര്‍ പറഞ്ഞു. നടത്തത്തില്‍ എക്കാലത്തെയും സുഹൃത്തായ കോട്ട പുത്തന്‍പീടികക്കല്‍ സല്‍മാന്‍ ബംഗളൂരുവില്‍നിന്ന് ഇര്‍ഫാന്റെ വീട്ടില്‍ എത്തിയിരുന്നു. അരീക്കോട് എസ്.ഐ ടി. മനോഹരന്റെ നേതൃത്വത്തില്‍ പൊലീസുകാരും മത്സരം വീക്ഷിക്കാനെത്തി.

കോലോത്തുംതൊടിക്ക് പെരുന്നാള്‍രാവ്
ഇര്‍ഫാന്റെ പ്രകടനം വീക്ഷിക്കുന്ന കുനിയില്‍ പ്രദേശത്തുകാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക