Image

ചേര്‍ത്തലയില്‍ എക്‌സൈസിന്റെ ജീപ്പിനു തീയിട്ടു

Published on 04 August, 2012
ചേര്‍ത്തലയില്‍ എക്‌സൈസിന്റെ ജീപ്പിനു തീയിട്ടു
ചേര്‍ത്തല: ചേര്‍ത്തലയില്‍ എക്‌സൈസ് സംഘത്തിന്റെ ജീപ്പിനു തീയിട്ടു. ഇന്നു പുലര്‍ച്ചെയാണു സംഭവം. തീപിടിത്തത്തില്‍ എക്‌സൈ സ് റേയ്ഞ്ച് ഓഫീസിന്റെ മേല്‍ക്കൂരയും കത്തിനശിച്ചു.

ചേര്‍ത്തല സെന്റ്‌മേരീസ് പാലത്തിനുസമീപമുള്ള എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ ജീപ്പിനാണു തീയിട്ടത്. തീപിടിത്തത്തില്‍ ജീപ്പ് പൂര്‍ണ്ണമായും കത്തിനശിച്ചു. ജീപ്പ് ഇട്ടിരുന്ന ഷെഡിന്റെ മുകളിലെ ഷീറ്റും തീപിടിച്ചു പൊട്ടിയനിലയിലാണ്. സംഭവം നടക്കുമ്പോള്‍ റെയ്ഞ്ച് ഓഫീസില്‍ രണ്ട് എക്‌സൈസ് ഗാര്‍ഡുമാര്‍ ഉണ്ടായിരുന്നതായി പറയുന്നു. 

തീയിട്ടശേഷം കൈലിമുണ്ടുടുത്ത ഒരാള്‍ ഇരുട്ടില്‍ ഓടിമറയുന്നതു കണ്ടതായി എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു. റെയ്ഞ്ച് ഓഫീസിന്റെ വടക്കുവശമുള്ള ഷെഡിലാണു ജീപ്പ് ഇട്ടിരുന്നത്. ജീപ്പിന് തീപിടിക്കുന്നതു കണ്ടാണു ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡുകള്‍ എത്തിയത്. ഉടന്‍ തന്നെ ഇലക്ട്രിക് സര്‍ക്യൂട്ടുകള്‍ ഓഫാക്കുകയും ചേര്‍ത്തല അഗ്നിശമനസേനയെ വിവരമറിയിക്കുകയുമായിരുന്നു. ചേര്‍ത്തലയില്‍ നിന്നെത്തിയ രണ്ടു യൂണിറ്റ് അഗ്നിശമനസേനയാണ് തീയണച്ചത്. ഒരു ഓട്ടോറിക്ഷയും ജീപ്പിനുസമീപമുണ്ടായിരുന്നു. വേഗം തന്നെ തീയണച്ചതിനാല്‍ തീപടരുന്നത് ഒഴിവാക്കാനായി. 

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 44 പുതിയ ജീപ്പുകളില്‍ ഒന്നാണ് ഇത്. കഴിഞ്ഞമാസമാണ് ഇതു ചേര്‍ത്തലയില്‍ എത്തുന്നത്. ഏഴു ലിറ്റര്‍ വിദേശമദ്യവുമായി ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന തൈക്കല്‍ സ്വദേശിയെ പ്രത്യേക സ്‌ക്വാഡ് ഇന്നലെ പിടികൂടിയിരുന്നു. ഈ ഓട്ടോറിക്ഷ ജീപ്പിനു സമീപം കിടന്നിരുന്നു. തീപിടിത്തത്തില്‍ ഓട്ടോറിക്ഷയ്ക്കു കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. ചേര്‍ത്തല എസ്‌ഐ അജയ്‌മോഹന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി തെളിവെടുപ്പു നടത്തി. മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതാണെന്നാണു സംശയിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക