Image

മലങ്കര അതിഭദ്രാസനം ആഘോഷിച്ച ഇരുപത്തിയേഴാമതു കുടുംബമേള

ജോയിച്ചന്‍ പുതുക്കുളം Published on 03 August, 2012
മലങ്കര അതിഭദ്രാസനം ആഘോഷിച്ച ഇരുപത്തിയേഴാമതു കുടുംബമേള
ന്യൂയോര്‍ക്ക്‌: ``ഒത്തിരി നാളത്തെ ഒരുക്കം ! ഒരുപാടു കാത്തിരിപ്പ്‌ ! ഈ വര്‍ഷത്തെ കുടുംബസംഗമം `ദേ പോയി, ദാ വന്നു' എന്ന്‌ കേള്‍ക്കാറുള്ളതുപോലെ വളരെ വളരെ പെട്ടെന്നായിരുന്നല്ലോ തീര്‍ന്നുപോയത്‌''; സുറിയാനി സഭയുടെ മലങ്കര അതിഭദ്രാസനത്തിന്റെ ഈ വര്‍ഷത്തെ കുടുംബമേള കഴിഞ്ഞു പിരിഞ്ഞുപൊയ്‌ക്കൊണ്ടിരുന്ന ആള്‍ക്കൂട്ടത്തില്‍നിന്നും ഉയര്‍ന്നുകേട്ട ഒരു പ്രതികരണമാണിത്‌. സ്വന്തം കുടുംബത്തില്‍ നടക്കുന്ന ഒരു വലിയ ചടങ്ങില്‍ സംബന്ധിയ്‌ക്കാനെന്നപോലെയായിരുന്നു ഭദ്രാസനത്തിന്റെ മക്കള്‍ ഇത്തവണ മെരിലാണ്ടിലെ എമിറ്റ്‌സ്‌ബര്‍ക്ഷ്‌ മൗണ്ട്‌ സെന്റ്‌ മേരീസ്‌ യൂണിവേഴ്‌സിറ്റി കാമ്പസ്സിലേക്ക്‌ കടന്നെത്തിയത്‌. പ്രതീക്ഷക്കപ്പുറമായിരുന്നു എല്ലാ പരിപാടികളും അരങ്ങേറിയത്‌. കടലും കരയും കടന്നു സ്വന്തം ആത്മീയമക്കളെ തേടിവന്ന ആറു വന്ദ്യ പിതാക്കന്മാര്‍, അമേരിക്കയുടെ നാനാഭാഗത്തുനിന്നും എത്തിയ മുപ്പതിലധികം വന്ദ്യ വൈദികര്‍ ,പതിനഞ്ചോളം ബഹു.ശെമ്മാശ്ശന്മാര്‍ , പിന്നെ ആകെ ആള്‍ക്കൂട്ടം. ഇവരെയെല്ലാം മുഖാമുഖം കണ്ടുപരിചയപ്പെടാനും ഒന്നു `ഹലോ' പറയാനും നാലു ദിവസം ഏറെ കമ്മിയായിരുന്നു.

ജൂലൈ 26 വ്യാഴാഴ്‌ച ഉച്ച തിരിഞ്ഞ്‌ രണ്ടര മണി മുതല്‍ അഞ്ചരവരേയും രജിസ്റ്റ്രേഷന്റെ തെരക്കായിരുന്നു. ആറുമണിക്ക്‌ സന്ധ്യാപ്രാര്‍ഥനയും ഡിന്നറും തുടര്‍ന്നു ചിരിയ്‌ക്കു മാലപ്പടക്കം കൊളുത്തിയ`കോമഡി ടാക്കീസ്‌' എന്ന കലാപരിപാടിയും നടന്നു. ജൂലൈ 27 വെള്ളിയാഴ്‌ച കോണ്‍ഫറന്‍സിന്റെ പ്രഥമ സമ്മേളനം കോട്ടയം ഭദ്രാസനത്തിന്റെ അഭി.ഡോ.തോമസ്‌ മോര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്തയാല്‍ ഉത്‌ഘാടനം ചെയ്യപ്പെട്ടു. വളരെ വിജ്ഞാനപ്രദമായ തന്റെ ഉത്‌ഘാടനപ്രസംഗത്തില്‍ , സമ്മേളനത്തിനായി എത്തിയിരിക്കുന്ന എല്ലാവര്‍ക്കും സ്വന്തം കുടുംബത്തിലെത്തിച്ചേര്‍ന്നിരിക്കുന്ന പ്രതീതിയോടെ എല്ലാ കാര്യങ്ങളിലും സംബന്ധിച്ചു സംതൃപ്‌തിയടയുവാന്‍ ഇടയാകട്ടെയെന്നു തിരുമേനി ആമുഖമായി ആശംസിച്ചു. ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരിയ്‌ക്കുമ്പോള്‍ മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനു മുമ്പായി തങ്ങളെത്തന്നെ നിയന്ത്രിക്കുന്നവരായി നാം ആയിത്തീരണമെന്നും , ഭരിക്കുന്നവനായാല്‍ സ്വയത്തെ ഭരിക്കുന്നതിലൂടെയാണു ഏറ്റവും നല്ല ഭരണം കാഴ്‌ചവക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ പ്രത്യാശ കൈവിടാതിരിക്കുക. നീതിപരമായ ഉള്‍ക്കാഴ്‌ച ഹൃദയഭംഗി വരുത്തുമെന്നും ,ആ ഹൃദയഭംഗി സ്വഭാവത്തെ രൂപപ്പെടുത്തുമെന്നും, ആ സ്വഭാവം കുടുംബത്തില്‍ സമ്പൂര്‍ണമായ അഭിപ്രായ ഐക്യം ക്രമപ്പെടുത്തുമെന്നും , ആ ഐക്യം ദേശത്തിനും , ലോകത്തിനാകമാനവും സമാധാനവും സ:ന്തുഷ്ടിയും പ്രദാനം ചെയ്യുവാന്‍ കാരണമായിത്തീരുമെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. അഭി.യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ സുധീരമായ നേതൃത്വത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ വളര്‍ച്ച ഏവരാലും ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും , ഭദ്രാസനത്തിനും ആത്മീയമക്കള്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നെന്നും പ്രസ്‌താവിച്ചു.

ഭദ്രാസന സെക്രട്ടറിയും, ജനറല്‍ കണ്‌വീനറന്മാരിലൊരാളുമായ വെരി.റവ.ഏബ്രഹാം കടവില്‍ കോറെപ്പിസ്‌കൊപ്പാ സ്വാഗതപ്രസംഗത്തില്‍ ഭദ്രാസനത്തിന്റെ നാളിതുവരെയുള്ള വളര്‍ച്ചയെക്കുറിച്ചും , ഭാവിപരിപാടികളെക്കുറിച്ചും വിവരിക്കുകയും ആര്‍ക്കും പിന്തിരിപ്പിക്കാനാവാത്തവിധം ഭദ്രാസനത്തിന്റെ പുരോഗതി ത്വരിതഗതിയിലാണെന്നും , ഭദ്രാസന കൗണ്‍സിലും ജനങ്ങളും കയ്യോടു കൈ ചേര്‍ന്ന്‌ വി.സഭയുടെ ഭിത്തിയെ ബലപ്പെടുത്തുവാന്‍ പ്രതിഞ്‌ജാബദ്ധരാണെന്നും പ്രസ്‌താവിച്ചപ്പോള്‍ കരഘോഷങ്ങളുയര്‍ന്നു പൊങ്ങി. ഭദ്രാസനപ്രതിനിധികള്‍ ഈയിടെ സഭയുടെ പരമാദ്ധ്യക്ഷനായ പരി.പാത്രിയര്‍ക്കീസ്‌ ബാവായെ ജര്‍മ്മനിയില്‍ സന്ദര്‍ശിച്ചതും സ്‌നേഹവാത്സല്യങ്ങള്‍ക്കു പാത്രമായതുമോര്‍ത്തുകൊണ്ട്‌, പിതാവിന്റെ ആഗ്രഹവും നിഷ്‌കര്‍ഷയുമനുസരിച്ച്‌ സമീപഭാവിയില്‍ തന്നെ അമേരിക്കയിലൊരു സെമിനാരിയും, പാത്രിയാര്‍ക്കല്‍ സെന്ററും നിലവില്‍ വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തന്റെ അദ്ധ്യക്ഷപ്രസംഗത്തിനുമുമ്പായി പരി. പാത്രിയര്‍ക്കീസ്‌ ബാവാ ഫാമിലി കോണ്‍ഫറന്‍സിനുവേണ്ടിയും, ഭദ്രാസനത്തിലെ തന്റെ മക്കള്‍ക്കെല്ലാവര്‍ക്കു വേണ്ടിയും നല്‌കിയ അനുഗ്രഹാശ്ശിസ്സുകളുടെ കല്‌പ്പന ആര്‍ച്ചുബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ സദസ്സിനു മുമ്പില്‍ വായിച്ചു. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ആപ്‌തവാക്യമായ `ആശയില്‍ സന്തോഷിപ്പീന്‍, കഷ്ടതയില്‍ സഹിഷ്‌ണത കാണിപ്പീന്‍ , പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പീന്‍ - റോമര്‍ 12:12' എന്ന വേദവാക്യം തെരഞ്ഞെടുക്കാനുള്ള കാരണം , ഏതു സാഹചര്യത്തിലും ഭദ്രാസനത്തില്‍ ഐക്യത നിലനില്‌ക്കണമെന്നുള്ള തന്റെ അദമ്യമായ ആശയെപ്രതിയാണെന്നു വിവരിച്ചു. സഭയെ സ്‌നേഹിക്കാനും കരുതാനും സമര്‍പ്പണത്തോടും കര്‍ത്തവ്യബോധത്തോടും പ്രവര്‍ത്തിക്കുന്ന ഭദ്രാസനത്തിലെ എല്ലാ വൈദികരേയും ,അല്‌മായക്കാരേയും ചുറുചുറുക്കോടെ സഭയുടെ ഭാവി-നുകത്തെ വഹിക്കുവാന്‍ മുമ്പോട്ടുവന്നുകൊണ്ടിരിക്കുന്ന ശെമ്മാശ്ശന്മാരേയും യുവജനങ്ങളേയും തിരുമേനി അഭിനന്ദിച്ചു. സഭയെ സേവിക്കുവാന്‍ താത്‌പര്യമുള്ള ആളുകള്‍ കൂടുതലായി വൈദികവൃത്തിയിലേയ്‌ക്ക്‌ കടന്നുവരുവാന്‍ തിരുമേനി അഹ്വാനം ചെയ്യുക|ണ്ടായി. ഭദ്രാസനത്തിലെ എല്ലാ വിഷയങ്ങളിലും തന്നോടു സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഭദ്രാസനകൗണ്‍സിലംഗങ്ങളേയും ഹൃദയംഗമായി അഭിനന്ദിച്ചു. എല്ലാ ആത്മീയ പ്രസ്ഥാനങ്ങളും ഭദ്രാസനത്തില്‍ സജീവമെന്നും ചിട്ടയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ താനേറെ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തിന്റെ ഭാഗമായി സന്നിഹിതരായിരുന്ന മോര്‍ തീമോത്തിയോസ്‌ തിരുമേനി, മോര്‍ തീത്തോസ്‌ തിരുമേനി, മോര്‍ ക്രിസോസ്റ്റമസ്‌ തിരുമേനി, മോര്‍ സില്‌വാനോസ്‌ തിരുമേനി എന്നീ പിതാക്കന്മാരോട്‌ എല്ലാ ഭദ്രാസന കൗണ്‍സിലംഗങ്ങളും ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി. ഭദ്രാസനത്തിന്റെ ഏക ഔദ്യോദിക പ്രസിദ്ധീകരണമായ മലങ്കരദീപം സൂവനീര്‍ 2012 ചീഫ്‌ എഡിറ്റര്‍ ശ്രീ മനോജ്‌ ജോണിന്റെ അവതരണപ്രസംഗത്തിനുശേഷം അഭി.തോമസ്‌ മോര്‍ തീമോത്തിയോസ്‌ തിരുമേനി , അഭി.മര്‍ക്കോസ്‌ മോര്‍ ക്രിസോസ്റ്റമസ്‌ തിരുമേനിക്ക്‌ നല്‌കിക്കൊണ്ട്‌ പ്രസാധനം നടത്തി.

മറ്റു പ്രധാന പ്രാസംഗികരായിരുന്ന അഭി.മര്‍ക്കോസ്‌ മോര്‍ ക്രിസോസ്റ്റമസ്‌, അഭി.ആയൂബ്‌ മോര്‍ സില്‌വാനോസ്‌ എന്നീ മെത്രാപ്പോലീത്താമാരും , റവ.ഫാ.ജേക്കബ്‌ ജോസഫ്‌ , കമാണ്ടര്‍ ഡോ.റോയി തോമസ്‌ , ഭദ്രാസന കൗണ്‍സിലംഗം ഡോ.സാജു സ്‌കറിയാ, കോപ്‌റ്റിക്‌ സഭയുടെ റവ.ഫാ.ആന്റണി മെസ്സെ, ഡോ.ക്രിസ്റ്റഫര്‍ വെന്ന്യാമിന്‍ എന്നിവരും സമ്മേളനത്തിന്റെ ആപ്‌തവാക്യത്തെ അടിസ്ഥാനപ്പെടുത്തി പ്രചോദനാത്മകമായി സംസാരിക്കുകയുണ്ടായി.

അഭി.യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയാല്‍ രചിയ്‌ക്കപ്പെട്ട പരിശുദ്ധ കുര്‍ബ്ബാന (HOLY QURBONO) എന്ന പുസ്‌തകം മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സണ്ടേസ്‌ക്കൂള്‍ അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിയ്‌ക്കയുടെ ആഭിമുഖ്യത്തില്‍ സമ്മേളനത്തില്‍ വച്ച്‌ അഭി.ആയൂബ്‌ മോര്‍ സില്‌വാനോസ്‌ തിരുമേനി, അഭി.ഡോ. തോമസ്‌ മോര്‍ തീമോത്തിയോസ്‌ തിരുമേനിക്ക്‌ നല്‌കിക്കൊണ്ട്‌ പ്രസിദ്ധീകരിച്ചു. തദവസരത്തില്‍ സണ്ടേസ്‌ക്കൂള്‍ അസ്സോസിയേഷന്റെ ഡയറക്ടര്‍ ഡോ.റ്റി.വി.ജോണ്‍ അവതരണ പ്രസംഗം നിര്‍വ്വഹിച്ചു.

പരി.പാത്രിയര്‍ക്കീസ്‌ ബാവായുടെ പ്രതിനിധിയായി ഡമാസ്‌ക്കസില്‍ നിന്നുമെത്തിയ പാത്രിയാര്‍ക്കല്‍ ഓഫീസ്‌ ഡയറക്ടര്‍ അഭി. മോര്‍ ദീവന്നാസ്യോസ്‌ യൂഹാനോന്‍ കവാഖ്‌, സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ വടക്കു കിഴക്കന്‍ ഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പ്‌ അഭി.മോര്‍?സിറില്‍ അഫ്രേം കരീം എന്നീ തിരുമേനിമാരെ സമ്മേളനം സഹര്‍ഷം സ്വീകരിച്ചു. ഈ അഭി.പിതാക്കന്മാരും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയുണ്ടായി.

വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും വൈകുന്നേരം വിവിധദേവാലയങ്ങളില്‍ നിന്നെത്തിയ കലാകാരന്മാരുടെയും കലാകാരികളുടെയും ധാരാളം കലാപരിപാടികള്‍ അരങ്ങേറിയത്‌ സമ്മേളനത്തിനു ഏറെ കൊഴുപ്പും മധുരിമയുമേകി. സമ്മേളനത്തിനിടെ യുവജനങ്ങളുടെ പ്രത്യേക സെഷനുകള്‍ , വി.ബി.എസ്‌ സെഷനുകള്‍ ; സണ്ടേസ്‌ക്കൂള്‍, വിമന്‍സ്‌ ലീഗ്‌, സെന്റ്‌ പോള്‍സ്‌ മെന്‍സ്‌ ഫെലോഷിപ്പ്‌ എന്നിവയുടെ യോഗങ്ങള്‍ , ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ , എല്ലാ പ്രായത്തില്‌പ്പെട്ടവര്‍ക്കുമുള്ള കായിക മത്സരങ്ങള്‍ എന്നിവ നടക്കുന്നുണ്ടായിരുന്നു. ശനിയാഴ്‌ച നടന്ന സണ്ടേസ്‌ക്കൂള്‍ കുട്ടികളുടെ പ്രത്യേക വി.ബി.എസ്‌. അവതരണം ഏറ്റം ആകര്‍ഷകമായിരുന്നു. ഈ വര്‍ഷത്തെ സമ്മേളനത്തിനു പ്രധാന അവതാരകനായിരുന്നത്‌ ഭദ്രാസന ജോയിന്റ്‌ സെക്രട്ടറി റവ.ഫാ.പോള്‍ തോട്ടക്കാട്ട്‌ ആയിരുന്നു. സമ്മേളനത്തിലെത്തിയ ഏവര്‍ക്കും , ഇതു വിജയകരമാക്കിത്തീര്‍ക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും ട്രഷറാറും ജനറല്‍ കണ്‌വീനറുമായ ശ്രീ സാജു പൗലൂസ്‌ സി.പി.എ. നന്ദിയറിയിച്ചു. ഇത്രയുമേറെ ജനങ്ങളെ ഈ സമ്മേളനത്തിലേയ്‌ക്ക്‌ കൊണ്ടുവരുവാന്‍ അങ്ങേയറ്റം പരിശ്രമിച്ച എല്ലാ കൗണ്‍സിലംഗങ്ങളും , പ്രത്യേകാല്‍ ഭദ്രാസന ട്രഷറാര്‍ ശ്രീ സാജു പൗലൂസ്‌ സി.പി.എ., ജോയിന്റ്‌ ട്രഷറാര്‍ ശ്രീ സാജു മാറോത്ത്‌, റജിസ്‌ട്രേഷന്റെ ചുമതല വഹിച്ച കൗന്‍സിലര്‍ ശ്രീ ജിജോ ജോസഫ്‌ എന്നിവരും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.

ഈ വര്‍ഷത്തെ കുടുംബസംഗമത്തിനു വിവിധനിലകളില്‍ ചുമതല വഹിച്ച കൗണ്‍സില്‍ അംഗങ്ങള്‍:
Very Rev.Abraham O.Kadavil Corepiscopos (Diocesan Secretary & General Convenor) , Rev.Fr.Paul Thotakat (Jt.Secretary &Program Coodinator), Saju Paulose C.P.A.(Treasurer & General Convenor), Saju Marroth (Jt.Treasurer & Publicity), Very Rev.Mathews Edathara Corepiscopos (Fund Raising), Rev.Fr.Mathews Kavumkal (Cultural Program), Rev.Fr.Varghese Marunninal (Holy qurbono Coordinator), Babby Thariath (Registration), Jijo Joseph (Registration), Babu VadakkEdath(Cultural Program), Jose Palackathadom (Transportation), Kurian George CPA(Facility & Sports), Saju Skariah(Fund Raising), Shaji Peter (Procession), Shomy Mathew (Council Member) യൂത്തിന്റെ പ്രോഗ്രാം ചുമതല വഹിച്ചിരുന്നത്‌ MGSOSA  വൈസ്‌ പ്രസിഡണ്ട്‌ റവ.ഫാ.ബിജോ മാത്യുവും , സെക്രട്ടറി റവ.ഡീ.ഷെറില്‍ മത്തായിയുമാണ്‌. ജൂലൈ 29 ഞായറാഴ്‌ച അഭി.ഡോ.തോമസ്‌ മോര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തിലും , അഭി.യല്‍ദോ മോര്‍ തീത്തോസ്‌, അഭി.മര്‍ക്കോസ്‌ മോര്‍ ക്രിസോസ്റ്റമസ്‌ എന്നീ തിരുമേനിമാരുടെയും സഹകരണത്തിലും വി.കുര്‍ബ്ബാന അര്‍പ്പിയ്‌ക്കപ്പെട്ടു. കൂടിവന്ന അനേകം വൈദികര്‍ക്കും, ശെമ്മാശ്ശന്മാര്‍ക്കും ദേവാലയം തിങ്ങിനിറഞ്ഞു നിന്നിരുന്ന വിശ്വാസികള്‍ക്കും എന്നും ഓര്‍മ്മിക്കാന്‍ തക്കവണ്ണമുള്ള ഒരു സുദിനമായിരുന്നു. വിഭവസമൃദ്ധമായ ബാങ്ക്വറ്റിനു ശേഷം അടുത്ത സംഗമത്തിനു കാണാമെന്നുള്ള പ്രതീക്ഷയില്‍ ഏവരും പരസ്‌പരം യാത്രാമംഗളമേകി.

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ ഷെവ. ബാബു ജേക്കബ്‌ നടയില്‍ പത്രക്കുറിപ്പിലൂടെ അറിയിച്ച വാര്‍ത്തയാണിത്‌.
മലങ്കര അതിഭദ്രാസനം ആഘോഷിച്ച ഇരുപത്തിയേഴാമതു കുടുംബമേള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക