Image

ടി.പി വധം:കുറ്റപത്രം ആഗസ്ത് 10ന് കോടതിയില്‍ സമര്‍പ്പിക്കും

Published on 03 August, 2012
ടി.പി വധം:കുറ്റപത്രം ആഗസ്ത് 10ന് കോടതിയില്‍ സമര്‍പ്പിക്കും
കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധവും 2009ല്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചതും ഗൂഢാലോചനയും ഒരൊറ്റ കുറ്റപത്രമായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.കേസിന്റെ കെട്ടുറപ്പിന് ഇതാണ് കൂടുതല്‍ ഗുണകരമെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ട് സംഭവവും ഒറ്റ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രണ്ട് കേസുകളും ഒന്നാക്കി മാറ്റും. 2009ല്‍ നടന്ന വധശ്രമവും കഴിഞ്ഞ മെയ്മാസം നടന്ന കൊലപാതകവും നേരത്തേ രണ്ട് കേസായിട്ടാണ് രജിസ്റ്റര്‍ചെയ്തത്. കൊലപാതകം, വധശ്രമത്തിന്റെ തുടര്‍ച്ചയായിനടന്ന സംഭവമായതിനാല്‍ ഒറ്റക്കേസാക്കുന്നതാണ് നല്ലതെന്നാണ് പോലീസ് പറയുന്നത്. 

എന്നാല്‍, കേസിലെ പ്രതികളെ ഒളിപ്പിച്ച സംഭവത്തിലും സിംകാര്‍ഡ്‌കേസിലും വെവ്വേറെ കുറ്റപത്രങ്ങള്‍ തയ്യാറാക്കും. കുറ്റപത്രം അവസാനഘട്ടത്തിലാണ്. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ പട്ടിക തയ്യാറായിട്ടുണ്ട്. കൊടിസുനി, ടി.കെ.രജീഷ്, കിര്‍മാണി മനോജ്, എം.സി.അനുപ്, ഷിനോജ്, മുഹമ്മദ്ഷാഫി, സിജിത്ത് എന്നിവരാകും പ്രതിപ്പട്ടികയില്‍ ആദ്യസ്ഥാനത്തുണ്ടാവുക. 

ആഗസ്ത് 10ന് വടകര ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ 40പേരാണുണ്ടാവുക. സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗങ്ങളായ പി.മോഹനന്‍, കാരായി രാജന്‍ തുടങ്ങി ബാക്കിയുള്ളവരെ രണ്ടാംഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തും. കുറ്റപത്രം സമര്‍പ്പിച്ചശേഷം ഉന്നതതല ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു.

സ്‌ഫോടകവസ്തു നിയമം കൂടി ഉള്ളതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുമുമ്പ് പ്രോസിക്യൂഷന്റെ അനുമതി തേടും. നാലുദിവസത്തിനുള്ളില്‍ത്തന്നെ കുറ്റപത്രം പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറും. ഡിവൈ.എസ്.പി.മാരായ ജോസി ചെറിയാന്‍, എ.പി.ഷൗക്കത്തലി, കെ.വി.സന്തോഷ്, സോജന്‍, സി.ഐ.ബെന്നി എന്നിവര്‍ ചേര്‍ന്നാണ് കുറ്റപത്രം തയ്യാറാക്കുന്നത്. എന്നാല്‍, അന്വേഷണം സാങ്കേതികമായി െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിച്ചതിനാല്‍ കൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി.സന്തോഷായിരിക്കും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.

കേസിന്റെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായി സി.കെ.ശ്രീധരനെയും അഡ്വ. പി.കുമാരന്‍കുട്ടിയെയും നിയമിച്ചിട്ടുണ്ട്. കേസിന്റെ വിചാരണയ്ക്കായി പ്രത്യേകകോടതി രൂപവത്കരിക്കുന്ന കാര്യവും സംസ്ഥാനസര്‍ക്കാറിന്റെ പരിഗണനയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക