Image

കണ്ണൂരില്‍ വി.ഐ.പി സന്ദര്‍ശനം നിയന്ത്രിക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്

Published on 03 August, 2012
കണ്ണൂരില്‍ വി.ഐ.പി സന്ദര്‍ശനം നിയന്ത്രിക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്
കണ്ണൂര്‍: സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജന്റെ അറസ്റ്റിനെത്തുടര്‍ന്ന് ജില്ലയിലുണ്ടായ സംഘര്‍ഷം നിയന്ത്രണവിധേയമായെന്ന് പോലീസ്. എന്നാല്‍, വി.ഐ.പി. സന്ദര്‍ശനം ജില്ലയില്‍ വീണ്ടും സംഘര്‍ഷത്തിന് വഴിയൊരുക്കും. ഇത് നിയന്ത്രിക്കണം. വി.ഐ.പി.കള്‍ വരുമ്പോള്‍ സംഘര്‍ഷമേഖലയില്‍നിന്ന് സേനയ്ക്ക് മാറേണ്ടിവരും. ഇത് ആ മേഖലയില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാനിടയാകും. വി.ഐ.പി.കള്‍ക്കുനേരെ അക്രമമുണ്ടാകാനുള്ള സാധ്യതയും നിലവിലുണ്ട്. ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.

ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും സേനാവിന്യാസം പൂര്‍ത്തിയായിട്ടുണ്ട്. കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് സബ്ഡിവിഷന്‍ പരിധിയില്‍ ജില്ലയില്‍നിന്ന് പുറത്തുള്ള സേനയെ ഉള്‍പ്പെടുത്തി പോലീസിന്റെ അംഗബലം കൂട്ടിയിട്ടുണ്ട്. കേന്ദ്രസേനയെ കണ്ണൂരിലും തലശ്ശേരിയിലുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇവരെ ഇതുവരെ ഉപയോഗിച്ചിട്ടില്ല. അടിയന്തരഘട്ടത്തിലേക്ക് തയ്യാറായി നില്‍ക്കാനാണ് ഇവര്‍ക്കുള്ള നിര്‍ദേശം. ഇതിനുപുറമെ സംഘര്‍ഷം രൂക്ഷമായ പയ്യന്നൂരിലേക്ക് പ്രത്യേകമായി ഒരു ഡിവൈ.എസ്.പി.യെയും നിയമിച്ചിട്ടുണ്ട്. പാലക്കാട് ഡിവൈ.എസ്.പി. ആയിരുന്ന മണികണ്ഠനെയാണ് ഇവിടേക്ക് നിയമിച്ചിട്ടുള്ളത്. 

തലശ്ശേരിയിലേക്ക് 140 അംഗ കേന്ദ്രസേനയെയും ജില്ലയ്ക്ക് പുറത്തുനിന്നുള്ള 100 പോലീസുകാരെയുമാണ് അധികമായി നിയമിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള 100 പേരെ ഇരിട്ടിയിലേക്കും 150 പേരെ തളിപ്പറമ്പിലേക്കും അധികമായി നിയമിച്ചിട്ടുണ്ട്. കണ്ണൂരില്‍ 125 കേന്ദ്രസേനാംഗങ്ങളാണുള്ളത്. കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമങ്ങളുടെ പേരില്‍ 157 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ അറസ്റ്റുചെയ്യുന്ന നടപടിയും തുടങ്ങിക്കഴിഞ്ഞു. 

എല്ലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലും വീഡിയോ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിനുപുറമെ പ്രത്യേകം വീഡിയോഗ്രാഫര്‍മാരെയും രഹസ്യമായി നിയോഗിച്ചിട്ടുണ്ട്. ഇതില്‍നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വീഡിയോ ക്യാമറയിലെ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി ഓരോ സി.ഐ. ഓഫീസില്‍നിന്നും തയ്യാറാക്കുന്ന വിവരങ്ങള്‍ എസ്.പി.ക്ക് കൈമാറുന്നുണ്ട്. പ്രതികളെ പിടിക്കുന്നതിനുള്ള വ്യാപകതിരച്ചിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റുചെയ്യുന്നത്. അതിനാല്‍ ജാമ്യം ലഭിക്കുക എളുപ്പമാകില്ല. വലിയ തുക കെട്ടിവെച്ചാലേ ഇവര്‍ക്ക് ജാമ്യം ലഭിക്കൂ.

വെള്ളിയാഴ്ച വിവിധ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളെല്ലാം ജില്ലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിണറായി വിജയന്‍, രമേശ് ചെന്നിത്തല, കെ.പി.എ.മജീദ് എന്നിവര്‍ സംഘര്‍ഷമേഖല സന്ദര്‍ശിച്ചിരുന്നു. ഇതിനുപുറമെ മന്ത്രിമാരും ജില്ലയിലുണ്ട്. ഇത് വിവിധ മേഖലകളിലെ സേനാപിന്മാറ്റത്തിന് ഇടയാക്കുന്നുണ്ട്. അതുകൊണ്ട് വി.ഐ.പി. സന്ദര്‍ശനം നിയന്ത്രിക്കണമെന്നാണ് ഡി.ജി.പി.യോട് എസ്.പി. ആവശ്യപ്പെട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക