Image

ഹസാരെസംഘം സമരം നിര്‍ത്തി

Published on 03 August, 2012
ഹസാരെസംഘം സമരം നിര്‍ത്തി
ന്യൂഡല്‍ഹി: രാജ്യത്ത് സമൂലമാറ്റം സൃഷ്ടിക്കാനുള്ള രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് അണ്ണ ഹസാരെസംഘം നിരാഹാരം അവസാനിപ്പിച്ചു.ഹസാരെസംഘത്തിലെ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, ഗോപാല്‍ റായ് എന്നിവരുടെ പത്തുദിവസത്തെയും ഹസാരെയുടെ ആറുദിവസത്തെയും നിരാഹാരസമരത്തിന്റെ സമാപനദിവസം കരസേനാ മുന്‍മേധാവി ജനറല്‍ വി.കെ.സിങ്ങിന്റെ സാന്നിധ്യം ശ്രദ്ധേയമായി. 

അദ്ദേഹമാണ് ഹസാരെയ്ക്കും സംഘാംഗങ്ങള്‍ക്കും കരിക്കിന്‍ വെള്ളം നല്‍കി നിരാഹാരം അവസാനിപ്പിച്ചത്. തങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കുകയാണെന്ന് വേദിയില്‍ അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ അണ്ണ ഹസാരെ, സംഘാംഗങ്ങള്‍ രൂപവത്കരിക്കുന്ന പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. 

രാജ്യത്ത് അടിമുടി അഴിമതി വ്യാപിച്ചിരിക്കയാണെന്ന് ജനറല്‍ വി.കെ.സിങ് പറഞ്ഞു. 'കള്ളപ്പണമാണ് മറ്റൊരു പ്രശ്‌നം. വിലക്കയറ്റം രൂക്ഷമായി. രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞു. രാജ്യത്ത് സര്‍ക്കാര്‍തന്നെ ഇല്ലാതായി. നമ്മള്‍ ദിശ നഷ്ടപ്പെട്ടവരായി മാറി. വര്‍ഷങ്ങള്‍ക്കുമുമ്പ് ജയപ്രകാശ് നാരായണ്‍ അഴിമതിക്കെതിരെ പോരാടി. അതേ അവസ്ഥയിലാണ് രാജ്യം ഇപ്പോഴും. ഈ രാജ്യത്തെ യുവാക്കള്‍ മുന്നോട്ടുവന്നാല്‍ രാജ്യത്തിന്റെ വിധിതന്നെ മാറ്റിമറിക്കാനാവും. 

രാജ്യത്ത് രാഷ്ട്രീയബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അണ്ണ ഹസാരെയുടെ തീരുമാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു.' ഇതായിരുന്നു വി.കെ.സിങ്ങിന്റെ വാക്കുകള്‍. സേനയിലെ അഴിമതി ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും തിരികൊളുത്തിയ അദ്ദേഹത്തിന്റെ പ്രസംഗം ഏറെ കരഘോഷത്തോടെയാണ് ഹസാരെ അനുയായികള്‍ സ്വീകരിച്ചത്. 

ഹസാരെസംഘം സമരം നിര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക