Image

മുഖത്ത് അടിയേറ്റ് സിപിഎം; താല്‍ക്കാലിക ആശ്വാസത്തില്‍ വിഎസ്

ജി.കെ Published on 03 August, 2012
മുഖത്ത് അടിയേറ്റ് സിപിഎം; താല്‍ക്കാലിക ആശ്വാസത്തില്‍ വിഎസ്
രാഷ്ട്രീയ കൊലപാതക കേസുകള്‍ സിപിഎമ്മിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് മാസം മൂന്നായി. ടി.പി.ചന്ദ്രശേഖരന്‍ വധത്തിനുശേഷം കേസുകള്‍ ഓരോന്നായി പാര്‍ട്ടിയെ വിടാതെ പിന്തുടരുകയായിരുന്നു. ഇപ്പോഴിതാ പാര്‍ട്ടിയുടെ ഏറ്റവും കരുത്തനായ ജില്ലാ സെക്രട്ടറിമാരില്‍ ഒരാള്‍ കൊലപാതക കേസില്‍ പെട്ട് ജയിലിന് അകത്തായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം ആരംഭിച്ചപ്പോഴെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അന്തിമ ലക്ഷ്യം പി.ജയരാജനാണെന്ന് പാര്‍ട്ടിക്ക് ആക്ഷേപമുണ്ടിയിരുന്നു. എന്നാല്‍ ടി.പി.വധത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനപ്പുറം പോകാന്‍ അന്വേഷണ സംഘത്തിനായിരുന്നില്ല. എന്നാല്‍ ആ കുറവ് തീര്‍ക്കും വധം ഷുക്കൂര്‍ വധം വീണു കിട്ടിയതോടെ തിരുവഞ്ചൂരിന്റെ പോലീസ് വീണ്ടും ജയരാജനിലേക്കുള്ള വഴി തുറക്കുകയായിരുന്നു.

തെളിയിക്കപ്പെട്ടാല്‍ മൂന്ന് മുതല്‍ ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഗൂഢാലോചന കുറ്റമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത് എങ്കിലും അതിലും ശക്തമായ തെളിവുകള്‍ ലഭിക്കാതെ ജയരാജനെപ്പോലെ മുന്‍ നിയമസഭാഗം കൂടിയായ, സിപിഎമ്മിന്റെ പ്രമുഖ സംസ്ഥാന കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മുതിരുമോ എന്ന ചോദ്യം പാര്‍ട്ടിക്കകത്തും അണികള്‍ക്കിടയിലും തന്നെ മുഴങ്ങുന്നുണ്ട്. ചില ഫോണ്‍വിളികളുടെയും മറ്റും അടിസ്ഥാനത്തില്‍ മാത്രമാണ് ഈ അറസ്റ്റെന്ന് പാര്‍ട്ടി വിശദീകരിക്കുമ്പോഴും പൊതുസമൂഹത്തിന്റെ സംശയനിഴലില്‍ നിന്ന് പാര്‍ട്ടി പൂര്‍ണമായും മാറിനില്‍ക്കാത്തതും അതുകൊണ്ടുതന്നെയാണ്.

രാഷ്ട്രീയ കൊലപാതകക്കേസില്‍ ജില്ലാ സെക്രട്ടറി തന്നെ ജയിലിലാകുന്ന പ്രതിസന്ധി പാര്‍ട്ടി സമീപകാലത്തൊന്നും നേരിട്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അതും രാജ്യത്ത് തന്നെ സിപിഎം ഏറ്റവും സുശക്തമായ ജില്ലകളിലൊന്നായ കണ്ണൂരിലെ പാര്‍ട്ടിയുടെ അമരക്കാരന്‍ തന്നെ ജയിലിലായി എന്നതാണ് ഇവിടെ ശ്രദ്ധേയമായ കാര്യം. ആ തലത്തിലുള്ള ഒരു നേതാവിലേക്ക് അന്വേഷണമോ അറസ്‌റ്റോ എത്താന്‍ ഇടയില്ലെന്നൊരു പൊതുധാരണ കൂടിയാണു ഇതോടെ പൊളിഞ്ഞത്. അതു സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ ആപല്‍സൂചനയാണുതാനും.

പോലീസ് നീക്കങ്ങള്‍ക്കെതിരെ പാര്‍ട്ടിയുടെ ശക്തമായ പ്രതിഷേധവും പ്രചാരണവും നേരിടേണ്ടിവരുമെന്നും രാഷ്ട്രീയ പ്രതികാരത്തോടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതു നാളെ തിരിച്ചടിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്‌ടെങ്കിലും ടിപി വധത്തിനു ശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ കേരളത്തില്‍ ഉയര്‍ന്നിരിക്കുന്ന പൊതുവികാരം പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാകും. ഇന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം പരിമിതപ്പെടുത്തണമെന്ന് പര്‍ട്ടിയില്‍ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരില്‍ നേരിട്ട തിരിച്ചടി സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി നേരിടുമെന്ന സന്ദേശം നല്‍കാന്‍ സംസ്ഥാന ഹര്‍ത്താല്‍ തന്നെ വേണമെന്ന് പാര്‍ട്ടിയിലെ ഭൂരിഭാഗവും അഭിപ്രായപെടുകയായിരുന്നു.

എന്തായാലും പാര്‍ട്ടിയിലെ ഈ പൊതുവികാരം തിരിച്ചറിഞ്ഞിട്ടാണോ എന്നറിയില്ല ഇക്കാര്യത്തില്‍ വി.എസും പാര്‍ട്ടി നിലപാടിനൊപ്പമാണ്. സാധാരണ പാര്‍ട്ടിക്കു വേണ്ടി പറയുമ്പോഴും ഒരു മുനവച്ച സംസാരം അദ്ദേഹത്തില്‍ നിന്നുണ്ടാകാറുണ്ട്. ഇത്തവണ അതും ഒഴിവാക്കി. കേന്ദ്ര കമ്മിറ്റി നല്ലനടപ്പു വിധിച്ച സാഹചര്യത്തില്‍ മറിച്ചൊരു നിലപാടെടുക്കുക അദ്ദേഹത്തിന് എളുപ്പമല്ല. ടി.പി. വധക്കേസ് പോലെ ഷുക്കൂര്‍ കേസ് വി.എസ്. പാര്‍ട്ടിക്കകത്ത് ആയുധമായി എടുത്തിരുന്നുമില്ല.

എങ്കിലും പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ നിരന്തരം തിരിയുന്ന മറ്റൊരു പ്രതിയോഗി അതുമൊരു ജില്ലാ സെക്രട്ടറി തന്നെ കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നു എന്നത് വി.എസിനെ മനസിലെങ്കിലും സന്തോഷിപ്പിക്കാതിരിക്കില്ല. കാരണം പണ്ട് സംസ്ഥാന കമ്മിറ്റിയില്‍ വിഎസിനെ വിഗ്രഹം ചുമക്കുന്ന കഴുത എന്ന് വിശേഷിപ്പിച്ചത് ഇതേ ജയരാജനാണ്. ഇതിനെല്ലാം പുറമെ കേന്ദ്ര കമ്മിറ്റിയില്‍ ഏറ്റു പറഞ്ഞ തെറ്റുകള്‍ വി.എസ് പൊതുസമൂഹത്തിന് മുന്നിലും ഏറ്റു പറയുമെന്ന് പാര്‍ട്ടി ആവര്‍ത്തിച്ചുറപ്പിക്കുകയും വി,എസ് മൗഭാഷണം തുടരുകയും ചെയ്തിരുന്നൊരു അസാധാരണ സാഹചര്യത്തിലാണ് ഇത്തരമൊരു നാടകീയ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

അതുകൊണ്ടു തന്നെ തല്‍ക്കാലത്തേങ്കിലും തന്റെ ഏറ്റു പറച്ചില്‍ മാധ്യമങ്ങളുടെയും പാര്‍ട്ടിയുടെയും മുമ്പാകെ പ്രധാനവിഷയമാകില്ല എന്നതും വി.എസിന് ആശ്വാസം പകരുന്ന ഘടകമാണ്. ഒപ്പം ജയരാജന്റെ അറസ്റ്റിനെ എതിര്‍ത്തതിലൂടെ താന്‍ പാര്‍ട്ടിക്ക് കീഴ്‌പ്പെട്ടുവെന്നൊരു സന്ദേശം നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്തായാലും പി.ജയരാജന്റെ അറസ്റ്റോട് സംസ്ഥാന രാഷ്ട്രീയം കൂടുതല്‍ കലങ്ങിമറിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനെ അതിജീവിക്കുന്നവരാരൊക്കെയെന്ന് കാത്തിരുന്നു കാണാം.

മുഖത്ത് അടിയേറ്റ് സിപിഎം; താല്‍ക്കാലിക ആശ്വാസത്തില്‍ വിഎസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക