Image

ഇല്ലിനോയിയില്‍ ബസപകടം; ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; തിയേറ്റര്‍ വെടിവയ്പ്: ഹോംസിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു

Published on 03 August, 2012
 ഇല്ലിനോയിയില്‍ ബസപകടം; ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; തിയേറ്റര്‍ വെടിവയ്പ്: ഹോംസിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു
ഇല്ലിനോയി: ഇല്ലിനോയിയില്‍ നിയന്ത്രണം വിട്ട ഡബിള്‍ ഡെക്കര്‍ ബസ് കോണ്‍ക്രീറ്റ് പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റു. കൊളംബിയയിലെ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിനിയായ അതിഥി അവ്ഹാദ്(24) ആണ് അപകടത്തില്‍ മരിച്ചത്. കൊളംബിയയിലെ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുമ്പോഴാണ് അപകടം. എന്നാല്‍ ഇവര്‍ എവിടെയാണ് താമസിച്ചിരുന്നത് എന്നതിനെക്കുറിച്ച് വിശദീകരണങ്ങളൊന്നുമില്ല.

ഷിക്കാഗോയില്‍ നിന്ന് കന്‍സാസ് സിറ്റിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടസമയത്ത് ബസില്‍ 64 യാത്രക്കാരുണ്ടായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഇന്റര്‍‌സ്റ്റേറ്റ് 55 പാത താല്‍ക്കാലികമായി അടച്ചു. ടയര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് ബസ് നിയന്ത്രണം വിട്ടതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

തിയേറ്റര്‍ വെടിവയ്പ്: ഹോംസിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു

ഡെന്‍വര്‍: കോളറാഡോ സിനിമാ തീയേറ്ററില്‍ 12 പേരെ കൂട്ടക്കൊല ചെയ്ത യുവാവിനെക്കുറിച്ച് താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി യുവാവിനെ ചികിത്സിച്ച മനശാസ്ത്രജ്ഞ ലിന്‍ ഫെന്റണ്‍ വെളിപ്പെടുത്തി. കോളറാഡോ വാഴ്‌സിറ്റിയില്‍ ന്യൂറോസയന്‍സില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന ജെയിംസ് ഹോംസാണ്(24) അക്രമി. ഇയാള്‍ക്ക് എതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

ഹോംസിന്റെ മാനസികനിലയെക്കുറിച്ചും അയാള്‍ അപകടകരമായ പ്രവര്‍ത്തനം നടത്താനുള്ള സാധ്യതയെക്കുറിച്ചും യൂണിവേഴ്‌സിറ്റിക്കു ജൂണില്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് ഫെന്റണ്‍ വ്യക്തമാക്കി. എന്നാല്‍ അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു. ജൂലൈ 20ന് അറോറ സെഞ്ച്വറി തീയേറ്ററില്‍ ബാറ്റ്മാന്‍ സിനിമയുടെ പ്രദര്‍ശനവേളയില്‍ ഹോംസ് നടത്തിയ വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയില്‍ അടുത്തകാലത്ത് നടക്കുന്ന വലിയ കൂട്ടക്കൊലകളില്‍ ഒന്നാണിത്. പരിക്കേറ്റ പലരും ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല.

ഏഷ്യന്‍ വംശജരുടെ വോട്ടുറപ്പാക്കാന്‍ റോംനിയുടെ സംഘത്തില്‍ ഇന്ത്യന്‍ വംശജന്‍

വാഷിംഗ്ടണ്‍: നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏഷ്യന്‍ വംശജരുടെ വോട്ടുറപ്പാക്കാനായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി തന്റെ പ്രചാരണ സംഘത്തില്‍ ഇന്ത്യന്‍ വംശജനെ ഉള്‍പ്പെടുത്തി. ഫ്‌ളോറിഡ ആസ്ഥാനനമായ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയറിന്റെ സിഇഒയും ഇന്ത്യന്‍ വംശജനുമായ അക്ഷയ് ദേശായിയെയാണ് റോംനി പ്രചാരണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്, ഏഷ്യന്‍ വംശജരുടെയും പസഫിക് ഐലന്‍ഡുകാരുടെയും വോട്ടുറപ്പാക്കാനായി രൂപീകരിച്ച റോംനി കമ്മ്യൂണിറ്റിയുടെ ഏഴംഗ സമിതിയിലേക്കാണ് അക്ഷയ് ദേശായി തെരഞ്ഞെടുക്കപ്പെട്ടത്. റോംനിയ്ക്കായി ഏഷ്യന്‍ വംശജരുടെ വോട്ടുറപ്പാക്കാനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവുമുണ്‌ടെന്ന് ദേശായി പറഞ്ഞു.

ചെരിപ്പില്‍ ബുദ്ധന്റെ ചിത്രം: യു.എസില്‍ വ്യാപക പ്രതിഷേധം

വാഷിംഗ്ടണ്‍: ബുദ്ധന്റെ ചിത്രം ആലേഖനം ചെയ്ത പാദരക്ഷകള്‍ ഉത്പാദിപ്പിച്ച യുഎസ് കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഐക്കണ്‍ ഷൂ കമ്പനിയാണ് വിവാദം സൃഷ്ടി­ച്ചത്. ടിബറ്റന്‍ വംശജരടക്കമുള്ള ബുദ്ധമതവിശ്വാസികള്‍ കമ്പനിക്ക് പ്രതിഷേധക്കത്തെഴുതി. ഐക്കണ്‍ കമ്പനിയുടെ 'ഫേസ്ബുക്ക്' പേജ് പ്രതിഷേധലേഖനങ്ങള്‍കൊണ്ട് നിറയുകയുംചെയ്തു. ബുദ്ധദേവനെ ആരാധിക്കുന്നവരാണ് ഞങ്ങള്‍. പാദരക്ഷകളില്‍ ബുദ്ധഭഗവാന്റെ ചിത്രങ്ങള്‍ പതിക്കുന്നത് വിശ്വാസികളോടുള്ള അനാദരവാണ്'­'ഇന്റര്‍നാഷണല്‍ കാംപയിന്‍ ഫോര്‍ ടിബറ്റ്' വക്താവ് എഴുതി. ടിബറ്റന്‍ പാര്‍ലമെന്റിലെ വടക്കേ അമേരിക്കന്‍ പ്രതിനിധി താഷി നംഗ്യാലും കമ്പനിയെ പ്രതിഷേധമറിയിച്ചു. വിവാദത്തോട് പ്രതികരിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.

 ഇല്ലിനോയിയില്‍ ബസപകടം; ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; തിയേറ്റര്‍ വെടിവയ്പ്: ഹോംസിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക