Image

പ്രമേഹ മരണങ്ങള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നതായി പഠനം

Published on 03 August, 2012
പ്രമേഹ മരണങ്ങള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നതായി പഠനം
ന്യൂഡല്‍ഹി: പ്രമേഹം മരണങ്ങള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്‌. 2030ഓടെ ഈ രോഗം ബാധിച്ചവരുടെ മരണ നിരക്ക്‌ നിലവിലുള്ളതില്‍ നിന്ന്‌ ഇരട്ടിയായി വര്‍ധിക്കുമെന്ന്‌ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 285 മില്യന്‍ ജനങ്ങളാണ്‌ പ്രമേഹത്തിന്‍െറ പിടിയിലായിരിക്കുന്നത്‌. രണ്ട്‌ ദശാബ്ദത്തിനുള്ളില്‍ ഇത്‌ 438 മില്യനായി വര്‍ധിക്കും. ലോകത്തെ മൊത്തം മുതിര്‍ന്ന ജനസംഖ്യയുടെ 7.8 ശതമാനവും (25ല്‍ രണ്ട്‌ പേര്‍) പ്രമേഹ രോഗികളാണെന്നാണ്‌ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. നടപ്പുവര്‍ഷം മാത്രം ഈ മാരക രോഗം പിടിപെട്ട്‌ 4.6 മില്യന്‍ ആളുകള്‍ മരണത്തിന്‌ കീഴടങ്ങുമെന്നും ഇതില്‍ പറയുന്നു. രോഗത്തെക്കുറിച്ച അജ്ഞതയാണ്‌ മരണ നിരക്ക്‌ കുത്തനെ ഉയരാന്‍ കാരണമെന്ന്‌ പ്രമേഹ രോഗ വിദഗ്‌ധന്‍ ഡോ. ഖാലിദ്‌ അല്‍ഗുഫൈലി ചൂണ്ടിക്കാട്ടുന്നു. വളരെ വൈകി മാത്രമാണ്‌ രോഗം പിടികൂടിയ വിവരം പലരും തിരിച്ചറിയുന്നത്‌. മിക്ക സമ്പന്ന രാജ്യങ്ങളിലും ടൈപ്‌ടു പ്രമേഹമാണ്‌ കൂടുതലായി കണ്ടുവരുന്നത്‌. 95 പേരിലും കണ്ടുവരുന്ന ഇത്തരം പ്രമേഹം കൃത്യമായി നിയന്ത്രിക്കാന്‍ പറ്റുമെന്ന്‌ ഡോ. ഖാലിദ്‌ പറഞ്ഞു.

ഭക്ഷണ ക്രമം, വ്യായാമം, ജീവിത ശൈലി എന്നിവയില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്തിയാല്‍ പ്രമേഹം കുറയ്‌ക്കാം. കഠിനമായ ദാഹം, നിരന്തരമുള്ള മൂത്രശങ്ക, ക്ഷീണം, ശരീര ഭാരത്തിലെ ഏറ്റക്കുറച്ചില്‍ തുടങ്ങിയവയാണ്‌ പ്രമേഹത്തിന്‍െറ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട്‌ കാഴ്‌ചക്കുറവ്‌ അടക്കമുള്ള ലക്ഷണങ്ങളും പ്രകടമാവും. സാധാരണയായി 40നും 59നും ഇടയിലാണ്‌ പ്രമേഹം കൂടുതലായി കണ്ടുവരുന്നതെങ്കിലും ഈ രോഗത്തിന്‍െറ വിത്തുകള്‍ വളരെ ചെറുപ്പം മുതല്‍ തന്നെ ശരീരത്തില്‍ ഉണ്ടാകുമെന്നും ഡോ. ഖാലിദ്‌ അല്‍ഗുഫൈലി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക