Image

മിഷനറി പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ പങ്കാളികളാകണം : അറ്റ്‌ലാന്‍റ ദേശീയ യുവജന കണ്‍വന്‍ഷനില്‍ മാര്‍ ആലഞ്ചേരി

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 August, 2012
മിഷനറി പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ പങ്കാളികളാകണം :  അറ്റ്‌ലാന്‍റ ദേശീയ യുവജന കണ്‍വന്‍ഷനില്‍ മാര്‍ ആലഞ്ചേരി
അറ്റ്‌ലാന്റ: അറ്റ്‌ലാന്‍റയില്‍ നടന്ന ആറാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന സീറോ മലബാര്‍ നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് യുവജന പങ്കാളിത്തം കൊണ്ട് പ്രത്യേക ശ്രദ്ധ നേടി. അമേരിക്കയില്‍ സീറോ മലബാര്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തികൊണ്ടുവരുവാന്‍ യുവജനങ്ങള്‍ സന്നദ്ധരാകണമെന്നു അഭി. കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. മാര്‍. ആലഞ്ചേരിയുമായി യുവജനങ്ങള്‍ സംഘടിപ്പിച്ച പ്രത്യേക സംവാദവേളയായിരുന്നു വേദി. യുവാക്കള്‍ക്ക് ആത്മീയ അറിവ് പകരുന്നതായിരുന്നു യൂത്ത് സംഘടിപ്പിച്ച ഈ ചോദ്യോത്തരവേള

സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷനോടൊപ്പം ഇതാദ്യമായാണ് യുവജനകണ്‍വന്‍ഷനും ഒപ്പം ദിവസം നടക്കുന്നത്. രൂപതാ പ്രൊക്യുറേറ്ററും, രൂപതാ യൂത്ത് അപ്പോസ്ടലേറ്റ് ഡയറക്ടറുമായ ഫാ. വിനോദ് മഠത്തിപറമ്പില്‍ ആണ് സീറോ മലബാര്‍ നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സിന് ആത്മീയ നേതൃത്തം നല്‍കിയത്. പൂര്‍ണ്ണമായും യുവജന നേതൃത്വത്തിലും ആശയത്തിലുമാണ് യൂത്ത് കണവന്‍ഷന്‍ നടന്നത്. ആറുനൂറോളം യുവതീ യുവാക്കള്‍ നാല് ദിവസത്തെ സംഗമത്തില്‍ പങ്കെടുത്തു.

പതിമൂന്നുപേരടങ്ങിയ രൂപതാ യൂത്ത് അപ്പോസ്ടലേറ്റ് കോഓര്‍ഡിനേറ്ററുമാരുടെ നേതൃത്വമാണ് യുവജന കണ്‍വന്‍ഷന് ചുക്കാന്‍ പിടിച്ചത്. ആത്മീയമായും സാമൂഹികമായും യുവജനങ്ങളെ പ്രബുദ്ധരാക്കുന്ന വിവധ പരിപാടികള്‍ ജൂലൈ 26 മുതല്‍ 29 വരെ നടന്ന ഈ കൂട്ടായ്മയില്‍ നടന്നു.

ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ ജോസ് പൊരുന്നേടം, മാര്‍. ചാക്കോ തോട്ടുമാരിയില്‍, അറ്റ്‌ലാന്റാ ബിഷപ് ലൂയീസ് റാഫേല്‍ സറാമ എന്നിവരും യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ദിവസേന വി. കുബാനയും, യുവജനങ്ങള്‍ നേതൃത്വം നല്‍കിയ ക്വയറും ഉണ്ടായിരുന്നു.

പ്രശസ്ത ക്രിസ്തീയ പ്രഭാഷകനും വാഗ്മിയുമായ ക്രിസ്റ്റഫര്‍ വെസ്റ്റ് നയിച്ച 'തിയോളജി ഓഫ് ദി ബോഡി' എന്ന യൂത്ത് ഫോര്‍മേഷന്‍ ക്ലാസ് യുവാള്‍ക്ക് ആത്മീയമായി കരുത്തേകുന്നതായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളെ ആസ്പദമാകിയുള്ള ഈ ക്ലാസുകള്‍ വര്‍ത്തമാന കാലത്തില്‍ ജീവിതത്തില്‍ പ്രതേക ശ്രദ്ധയര്‍ഹിക്കുവായാണ്. സുവിശേഷ പ്രഘോഷകനായ മാരിയോ സെയിന്റ് ഫ്രാന്‍സിസിസ്, 'യേശുവില്‍ ജീവിക്കുക' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണങ്ങളും ശ്രദ്ധേയമായി. ഇന്ത്യയിലുള്‍പ്പെടെ യുവാക്കള്‍ക്കായി സുവിശേഷവല്‍ക്കരണം നടത്തി പ്രസിദ്ധനാണ് മാരിയോ സെയിന്റ് ഫ്രാന്‍സിസിസ്.

സഭയെയും, സഭാചരിത്രത്തെയും, ആരാധനാക്രമത്തെയും, ദൈവശാസ്ത്രത്തെപറ്റിയും അറിവ് പകരുവാന്‍ ചിക്കാഗോ രൂപതയിലെ യൂത്ത് അപ്പോസ്ടലേറ്റ് കഴിഞ്ഞ വര്‍ഷം ആരംഭിച്ച 'സീറോ സ്റ്റഡി' എന്ന പഠനകളരിയും യുവജന സംഗമത്തില്‍ നടന്നു. വിവധ ഇടവകകളിലെ യുവപ്രതിഭകള്‍, 'സീറോ ഷോ കേസ് ' എന്ന പേരില്‍ അവതരിപ്പിച്ച വിവിധ സ്‌റ്റേജ് പ്രോഗ്രാമ്മുകളും ദേശീയ യുവ സംഗമത്തിനു ചാരുതയേകി. കായിക വിനോദത്തിനു വേണ്ടി നടത്തിയ ഡോഡ്ജ് ബോള്‍ ടൂര്‍ണമെന്റും ആവേശകരമായി.

പ്രശസ്ത ക്രിസ്തീയ റോക്ക് ഗായകനായ മാറ്റ് മാര്‍ നയിച്ച മ്യൂസികല്‍ കണ്‍സേര്‍ട്ടായിരുന്നു യുവജന സംഗമത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. സംഗീതത്തിലൂടെ ദൈവത്തെ സ്തുതിക്കുക എന്ന ആശയത്തിലൂടെ ക്രിസ്തീയ ലോകത്ത് പ്രശസ്തനാണ് അമേരിക്കന്‍ ഗായകനായ മാറ്റ്. യുവാക്കളുടെ ആരവത്തോടെ മുന്നേറിയ മാറ്റിന്റെ പ്രകടനം വേദിയുടെ ഹരമായി. ഗാനരചയിതാവ്, സ്പിരിച്വല്‍ ലീഡര്‍, പ്രഭാഷകന്‍, ക്രിസ്തീയ എഴുത്തുകാരന്‍ എന്നീ നിലകളിലും മാറ്റ് പ്രശസ്തനാണ്.
മിഷനറി പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ പങ്കാളികളാകണം :  അറ്റ്‌ലാന്‍റ ദേശീയ യുവജന കണ്‍വന്‍ഷനില്‍ മാര്‍ ആലഞ്ചേരി
Chaco roopatah youth apostalate CoOrdinators with Cardinal , Chicago Bishop and Yoth Director leaders
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക