Image

മാര്‍ ആലഞ്ചേരിക്ക്‌ വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മിഷനില്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 02 August, 2012
മാര്‍ ആലഞ്ചേരിക്ക്‌ വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മിഷനില്‍ സ്വീകരണം നല്‍കി
ഗാര്‍ഫീല്‍ഡ്‌, ന്യൂജേഴ്‌സി: സീറോ മലബാര്‍ സഭയുടെ തലവനും ഏറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ അത്യുന്നത കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ജൂലൈ 24 -ന്‌ (ചൊവ്വ) വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കി. തങ്ങളുടെ സഭയുടെ പിതാവിനെ സ്വീകരിക്കാനായി ഇടദിവസമായിരിന്നിട്ടുകൂടി മിഷന്‍ അംഗങ്ങള്‍ ഒന്നടംഗം ഒരുമിച്ചുകൂടി. കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ന്യൂജേഴ്‌സിയിലെ ഗാര്‍ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ മിഷന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ കര്‍ദിനാളാണ്‌ മാര്‍ ആലഞ്ചേരി. ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തോലിക്കാ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ്‌ മാര്‍. ജേക്കബ്‌ അങ്ങാടിയത്തും സീറോ മലബാര്‍ സഭയുടെ ചാന്‍സിലര്‍ റെവ. ഡോ. ആന്റണി കൊള്ളന്നൂരും സ്വീകരണങ്ങളില്‍ പങ്കുകൊണ്ടു.

അന്നേദിവസം ഉച്ചയോടുകൂടി മിഷനിലെ പള്ളിമേടയില്‍ എത്തിയ പിതാക്കന്മാരെയും റവ. ഡോ. ആന്റണി കൊള്ളന്നൂരിനെയും മിഷന്‍ ഡയറക്ടര്‍ ഫാ: പോള്‍ കോട്ടയ്‌ക്കല്‍, കൈക്കാരന്മാര്‍ ഫ്രാന്‍സിസ്‌ പള്ളുപ്പെട്ട, ജോയി ചാക്കപ്പന്‍, സെക്രട്ടറി ബാബു ജോസഫ്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ നേരത്തെ നിശ്ചയിച്ചതനുസ്സരിച്‌, മിഷന്‍ കമ്മിറ്റി അംഗങ്ങള്‍, മുന്‍ കൈക്കാരന്മാര്‍, സെക്രട്ടറിമാര്‍, യുവജന പ്രതിനിധികള്‍ എന്നിവരോടൊപ്പം മിലാന്‍ റെസ്റ്റോറന്റില്‍ ഒരുക്കിയിരുന്ന ഉച്ചവിരുന്നില്‍ പങ്കുകൊണ്ടു. അമേരിക്കയിലെ സീറോ മലബാര്‍ രൂപതയെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടത്തുവാനും രൂപത ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരങ്ങള്‍ ആരായുവാനും ഈ സന്ദര്‍ഭം ഉചിതമായി.

ഉച്ചവിരുന്നിനുശേഷം, ന്യൂവാര്‍ക്ക്‌ അതിരൂപതയുടെ `ദി അഡ്വക്കേറ്റ്‌' എന്ന പ്രസിദ്ധീകരണത്തിനുവേണ്ടി, ഗാര്‍ഫീല്‍ഡ്‌ മിഷനിലെ മതബോധന ഡയറക്ടര്‍ മിസ്‌. കാത്തി സ്‌ക്രുപ്‌സ്‌കിസുമായി അഭിമുഖ സംഭാഷണം നടത്തി. ഈ അഭിമുഖം പ്രസിദ്ധീകരിക്കുമ്പോള്‍ ന്യൂവാര്‍ക്ക്‌ അതിരൂപതയില്‍പ്പെട്ട വൈദികര്‍ക്കും അല്‌മായര്‍ക്കും സീറോ മലബാര്‍ സഭയെപ്പറ്റി കൂടുതല്‍ അറിയുവാന്‍ സാധിക്കും എന്ന്‌ മിസ്‌. സ്‌ക്രുപ്‌സ്‌കിസ്‌ പറഞ്ഞു.

തുടര്‍ന്ന്‌ മിഷനിലെ യുവജനങ്ങളുമായി ഏകദേശം രണ്ടര മണിക്കൂറുകളോളം ചര്‍ച്ചകള്‍ നടത്തി. തത്സമയം നടത്തിയ പ്രഭാഷണത്തില്‍ അമേരിക്കന്‍ ജീവിത സാഹചര്യങ്ങളിലും യുവജനങ്ങള്‍ കത്തോലിക്കാ വിശ്വാസത്തെ മുറുക്കെ പിടിച്ചു ജീവിക്കുന്നതിലും, സഭയോട്‌ ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കുന്നതിലും സന്തോഷം പ്രകടിപ്പിച്ചു. ഭാരതീയ സംസ്‌കാരവും കത്തോലിക്കാ വിശ്വാസവും ഒന്നിച്ചു കൊണ്ടുപോകുന്നതിനൊപ്പം, അമേരിക്കന്‍ മുഖ്യധാര പ്രവര്‍ത്തനങ്ങളിലും യുവജനങ്ങള്‍ പങ്കുകാരാകണം എന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുവജനങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ നര്‍മ്മം തുളുമ്പുന്ന ലളിത ഭാഷയില്‍ ഉത്തരങ്ങള്‍ നല്‍കി.

വൈകിട്ട്‌ ഏഴുമണിക്ക്‌ കര്‍ദിനാള്‍ പിതാവിനെയും മറ്റു വിശിഷ്ടാഥിതികളെയും പള്ളിമേടയില്‍നിന്നും
മുത്തുകുടകളും താലപ്പൊലിയുമായി അനേകം മിഷന്‍ അംഗങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി ദേവാലയത്തിലേക്ക്‌ ആനയിച്ചു. മിഷനിലെ കുട്ടികളുടെ മാര്‍ച്ചിംഗ്‌ ബാന്‍ഡ്‌ പ്രദക്ഷിണത്തിനു മാറ്റുകൂട്ടി. തുടര്‍ന്ന്‌ വലിയപിതാവിന്റെ മുഖ്യ കാര്‍മികത്വതിലും, ബിഷപ്പ്‌ അങ്ങാടിയത്തിന്റെ സഹകാര്‍മികത്വതിലും വിശുദ്ധ കുര്‍ബാന ആരംഭിച്ചു. കുര്‍ബാനയില്‍ റെവ. ഡോ. ആന്റണി കൊള്ളന്നൂര്‍, ഫാ: പോള്‍ കോട്ടയ്‌ക്കല്‍, ഫാ: നമ്പ്യാപറമ്പില്‍, ഫാ: തദേവുസ്‌ അരവിന്ദത്ത്‌, ഫാ: റിജോ ജോണ്‍സണ്‍, ഫാ: ഈരാളി എന്നിവരും സഹകാര്‍മ്മികരായിരുന്നു. കുര്‍ബാനമദ്ധ്യേ നല്‍കിയ വചന സന്ദേശത്തില്‍ വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമനെപ്പോലെയും, വിശുദ്ധ അലഫോന്‌സാമ്മയെപ്പോലെയും പരീക്ഷണങ്ങളില്‍ തളരാതെ ദൈവവിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട്‌ മുന്നോട്ടു നീങ്ങുവാനായി മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്‌തു. മിഷന്‍ ഗായകസംഘം വിശുദ്ധ കുര്‍ബാന കൂടുതല്‍ ഭക്തിസാന്ദ്രമാകി.

കുര്‍ബാനയ്‌ക്കുശേഷം നടന്ന പൊതുയോഗത്തില്‍ കൈക്കാരന്‍ ജോയി ചാക്കപ്പന്‍ സ്വാഗതം ആശംസിച്ചു. പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ തന്നോട്‌ കാണിച്ച ഊഷ്‌മളമായ സ്‌നേഹത്തിനു മാര്‍. ആലഞ്ചേരി മിഷന്‍ അംഗങ്ങള്‍ക്കും, ഇതിന്റെ സംഘാടകര്‍ക്കും, പ്രത്യേകിച്ച്‌ മിഷന്‍ ഡയറക്ടര്‍ ഫാ: പോള്‍ കൊട്ടിക്കലിനും നന്ദി പറഞ്ഞു. മിഷന്‍ സെക്രട്ടറി ബാബു ജോസഫ്‌ പരിപാടികള്‍ നിയന്ത്രിച്ചു. പൊതുയോഗത്തില്‍ മിഷനിലെ കുട്ടികളുടെ ഗായക സംഘം `വോയിസ്‌ ഓഫ്‌ ഹെവന്‍' ഗാനമാലപിച്ചു. കൈക്കാരന്‍ ഫ്രാന്‍സിസ്‌ പള്ളുപ്പെട്ട ഏവര്‍ക്കും നന്ദി പറഞ്ഞു. സിറിയക്ക്‌ കുര്യന്‍ (പബ്ലിസിറ്റി) അറിയിച്ചതാണിത്‌.
മാര്‍ ആലഞ്ചേരിക്ക്‌ വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മിഷനില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക