Image

പക്കോമിയോസ്‌ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനം അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 02 August, 2012
പക്കോമിയോസ്‌ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനം അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനം ദുഖാചരണവും അനുശോചന യോഗവും ചേര്‍ന്നു. ഓഗസ്റ്റ്‌ ഒന്നാം തീയതി ബുധനാഴ്‌ച വൈകിട്ട്‌ ന്യൂയോര്‍ക്കിലെ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയിലും അനുസ്‌മരണ സമ്മേളനത്തിലും അനേകം വൈദീകരും വിശ്വാസികളും സംബന്ധിച്ചു.

വെരി റവ. പി.എസ്‌. സാമുവേല്‍ കോര്‍എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലങ്കര കത്തോലിക്കാ ബിഷപ്പ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌ മുഖ്യപ്രസംഗം നിര്‍വഹിച്ചു. ബഥനി ആശ്രമാംഗമായിരുന്ന പക്കോമിയോസ്‌ തിരുമേനിയുടെ എളിയ ജീവതവും, ഉയര്‍ന്ന ചിന്തകളും ഓര്‍ത്തഡോക്‌സ്‌ സഭയില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ല എന്ന്‌ യൗസേബിയോസ്‌ മെത്രാപ്പോലീത്ത അനുസ്‌മരിച്ചു. നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌ തിരുമേനി സംസ്‌കാര ശുശ്രൂഷകള്‍ക്കായി കേരളത്തില്‍ പോയതിനാല്‍ അനുശോചന സന്ദേശം ഭദ്രാസന ചാന്‍സലറായ റവ.ഫാ. തോമസ്‌ പോള്‍ അറിയിച്ചു.

യാതൊരു സ്വകാര്യ സമ്പാദ്യവും നടത്താന്‍ തയ്യാറാകാത്ത പക്കോമിയോസ്‌ മെത്രാപ്പോലീത്തയുടെ ജീവിതം ഒരു തുറന്ന പുസ്‌തകമായിരുന്നു എന്നും മറ്റ്‌ സഭാ നേതാക്കള്‍ക്ക്‌ ഈ ജീവിതം ഒരു മാതൃകയാണെന്നും മുന്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ. ജോണ്‍ തോമസ്‌ പറഞ്ഞു. പ്രഭു കുടുംബത്തില്‍ പിറന്നുവെങ്കിലും ദരിദ്രനായിരിപ്പാന്‍ കാംക്ഷിച്ച പക്കോമിയോസ്‌ തിരുമേനി യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ നല്ല ഓട്ടം തികച്ച്‌ കടന്നുപോയെന്ന്‌ ഭദ്രാസന കൗണ്‍സില്‍ അംഗം അജിത്‌ വട്ടശേരി പറഞ്ഞു. എളിമയില്‍ പൊതിഞ്ഞ ഇടപെടലുകളും, മലങ്കര സഭയുടെ അഖണ്‌ഡതയ്‌ക്കും, ഉള്‍ഭരണ സ്വാതന്ത്ര്യത്തിനും വേണ്ടി മുഖംനോക്കാതെ പ്രതികരിക്കാനും തിരുമേനി കാണിച്ച ആര്‍ജ്ജവം സ്ഥലകാലങ്ങള്‍ക്ക്‌ അതീതമായി നിലനില്‍ക്കുമെന്ന്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായ കോരസണ്‍ വര്‍ഗീസ്‌ പ്രസ്‌താവിച്ചു.

വെരി റവ. പൗലോസ്‌ ആദായി കോര്‍എപ്പിസ്‌കോപ്പ, ഭദ്രാസന കൗണ്‍സില്‍ അംഗം ഫിലിപ്പോസ്‌ ഫിലിപ്പ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി അംഗം വര്‍ഗീസ്‌ പോത്താനിക്കാട്‌, പോള്‍ ഏബ്രഹാം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കോരസണ്‍ വര്‍ഗീസ്‌ (മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ മാനേജിംഗ്‌ കമ്മിറ്റി അംഗം) അറിയിച്ചതാണിത്‌.
പക്കോമിയോസ്‌ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനം അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക