Image

ഖത്തര്‍ ഫൗണ്ടേഷനില്‍ എക്‌സി. വൈസ് പ്രസിഡന്റായി മലയാളി ശാസ്ത്രജ്ഞന്‍

Published on 02 August, 2012
ഖത്തര്‍ ഫൗണ്ടേഷനില്‍ എക്‌സി. വൈസ് പ്രസിഡന്റായി മലയാളി ശാസ്ത്രജ്ഞന്‍
ദോഹ: ഖത്തര്‍ ഫൗണ്ടേഷനിലെ ഗവേഷണ, വികസന വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മലയാളി ശാസ്ത്രജ്ഞന്‍ നിയമിതനായി. എറണാകുളം സ്വദേശി ഡോ. തോമസ് സക്കറിയയാണ് ഫൗണ്ടേഷന്റെ സുപ്രധാന വകുപ്പുകളിലൊന്നായ ഗവേഷണ, വികസന വകുപ്പിന്റെ ചുമതലക്കാരില്‍ ഒരളായി എത്തുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോ. തോമസ് ഇപ്പോള്‍ യു.എസ് ഊര്‍ജ വകുപ്പിന് കീഴിലെ ഓക്‌റിഡ്ജ് നാഷനല്‍ ലബോറട്ടറിയില്‍ (ഒ.ആര്‍.എന്‍.എല്‍) ശാസ്ത്ര, സാങ്കേതിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടറാണ്. സെപ്തംബര്‍ ഒന്നിന് ഡോ. തോമസ് ചുമതലയേല്‍ക്കുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു.

ശാസ്ത്ര, സാങ്കേതിക, ഗവേഷണ രംഗങ്ങളിലെ ഡോ. തോമസ് സക്കറിയയുടെ അനുഭവസമ്പത്ത് ഫൗണ്ടേഷന് മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഫൗണ്ടേഷനിലെ ഗവേഷണ, വികസന വിഭാഗം പ്രസിഡന്റ് ഫൈസല്‍ അല്‍ സുവൈദി അഭിപ്രായപ്പെട്ടു.

എറണാകളും ചര്‍ച്ച് ലാന്റിംഗ് റോഡില്‍ പാലമറ്റം പി.ടി സക്കറിയയുടെയും ചിന്നമ്മ സക്കറിയയുടെയും മകനായ ഡോ. തോമസ് മഹാരാജാസ് കോളജിലാണ് പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

തുടര്‍ന്ന് കര്‍ണാടകയിലെ സൂറത്കല്ലിലുള്ള റീജിയനല്‍ ടെക്‌നിക്കല്‍ കോളജില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം നേടി. പിന്നീട് ഓക്‌സ്‌ഫോര്‍ഡിലെ മിസിസ്സിപ്പി സര്‍വ്വകലാശാലയില്‍ നിന്ന് മെറ്റീരിയല്‍ സയന്‍സില്‍ എം.എസും ന്യൂയോര്‍ക്കിലെ ക്‌ളാര്‍ക്‌സണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് സയന്‍സില്‍ പിഎച്ച്.ഡിയും എടുത്തു. 1987ല്‍ മെറ്റല്‍സ് ആന്റ് സെറാമിക് ഡിവിഷനില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായാണ് ഡോ. തോമസ് ഒ.ആര്‍.എന്‍.എല്ലില്‍ ചേര്‍ന്നത്. 1998ല്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് മാത്തമാറ്റിക്‌സ് ഡിവിഷന്റെ ഡയറക്ടറും 2000ല്‍ ഡെപ്യൂട്ടി അസോസിയേറ്റ് ലബോറട്ടറി ഡയറക്ടറുമായി.

ഇതിനിടെ 1995ല്‍ ഒരു വര്‍ഷത്തിലധികം മദ്രാസ് ഐ.ഐ.ടിയില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമുനഷ്ഠിച്ചിരുന്നു. എ.എഫ് ഡേവിസ് വെള്ളിമെഡല്‍, വില്ല്യം സ്പ്രാരജന്‍ സ്മാരക അവാര്‍ഡ് എന്നിവയടക്കം ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം ദേശീയ, അന്തര്‍ദേശീയ തലങ്ങളിലുള്ള നിരവധി ശാസ്ത്ര ഉപദേശക സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ വെല്‍ഡിംഗ് സൊസൈറ്റിയില്‍ അംഗമായ ഇദ്ദേഹം ശാസ്ത്രസംബന്ധിയായ നൂറോളം പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

കൊച്ചിയിലെ അറിയപ്പെടുന്ന എഞ്ചിനീയറും സംരംഭകനുമായിരുന്നു ഡോ. തോമസിന്റെ പിതാവും കൂത്താട്ടുകളും സ്വദേശിയുമായ പി.ടി സക്കറിയ. കോലഞ്ചേരി സ്വദേശിനിയായ മാതാവ് ചിന്നമ്മ എറണാകുളത്തെ ടോക് എച്ച് പബ്‌ളിക് സ്‌കൂള്‍, ജോര്‍ജിയന്‍ സ്‌കൂള്‍ എന്നിവയുടെ സ്ഥാപക പ്രിന്‍സിപ്പലാണ്. ഭാര്യ സിന്ധുവും ഒ.ആര്‍.എന്‍.എല്ലിലെ ഉദ്യോഗസ്ഥയാണ്. ന്യൂയോര്‍ക്കിലുള്ള ഡോ. നിയ സക്കറിയ, ഷോണ്‍ സക്കറിയ എന്നിവരാണ് മക്കള്‍.

ഖത്തര്‍ ഫൗണ്ടേഷനില്‍ എക്‌സി. വൈസ് പ്രസിഡന്റായി മലയാളി ശാസ്ത്രജ്ഞന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക