Image

അനുഗ്രഹവര്‍ഷത്തിന്റെ കാല്‍ നൂറ്റാണ്ടിലൂടെ റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ മിഷന്‍

ജോയിച്ചന്‍ പുതുക്കുളം Published on 01 August, 2012
അനുഗ്രഹവര്‍ഷത്തിന്റെ കാല്‍ നൂറ്റാണ്ടിലൂടെ റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ മിഷന്‍
ന്യൂയോര്‍ക്ക്‌: കേരളത്തില്‍ നടന്ന രണ്ടു കുടിയേറ്റങ്ങളാണ്‌ മലയാളികളുടെ സാമൂഹ്യവ്യസ്ഥിതിക്ക്‌ മാറ്റംവരുത്തിയത്‌. ആദ്യത്തേത്‌ ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യ പകുതിയില്‍ മദ്ധ്യ തിരുവിതാംകൂറില്‍ നിന്നും മലബാര്‍ മേഖലയിലേക്ക്‌ നടന്ന ക്രൈസ്‌തവ കുടിയേറ്റം. അചഞ്ചലമായ ദൈവ വിശ്വാസവും എന്തിനേയും നേരിടുന്നതിനുള്ള ആത്മധൈര്യവും മാത്രമായിരുന്നു അവരുടെ കൈമുതല്‍. യേശുവിന്റേയും മാതാവിന്റേയും ചിത്രങ്ങള്‍ മാറോട്‌ ചേര്‍ത്ത്‌ മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച്‌ അവര്‍ ആദ്യം നിര്‍മിച്ചത്‌ ദേവാലയങ്ങളായിരുന്നു. പ്രാര്‍ത്ഥനയും, വിശ്വാസവും കൂട്ടായ്‌മയും അവരെ സമൃദ്ധിയിലേക്ക്‌ നയിച്ചു.

രണ്ടാം കുടിയേറ്റ കഥ ആരംഭിക്കുന്നത്‌ ആയിരത്തി തൊള്ളായിരത്തിന്റെ രണ്ടാം പകുതിയില്‍ സമൃദ്ധിയുടെ ശാദ്വലഭൂമി തേടി ഏഴാം കടലിനക്കരെ എത്തിയ മലയാളികളില്‍ നിന്നാണ്‌. തങ്ങളുടെ പാരമ്പര്യത്തിലുള്ള വിശ്വാസവും നെഞ്ചോടു ചേര്‍ത്ത്‌ പിടിച്ച ബൈബിളും പ്രതികൂല സാഹചര്യങ്ങളിലും പടിച്ചുനില്‍ക്കാന്‍ അവര്‍ക്കു കരുത്തായി.

അമേരിക്കയിലുള്ള മലയാളികളുടെ കുടിയേറ്റത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ന്യൂയോര്‍ക്കിലെ പ്രകൃതി രമണീയമായ റോക്ക്‌ലാന്റ്‌ കൗണ്ടിയിലും മലയാളികള്‍ എത്തിച്ചേര്‍ന്നു. ക്രമേണ പ്രവാസികളുടെ എണ്ണം കൂടിവന്നപ്പോള്‍ വീടുകളില്‍ ഒന്നിച്ചുചേര്‍ന്നുള്ള ആരാധനകള്‍ നടന്നു തുടങ്ങി. പല സ്ഥലങ്ങളിലും സന്ദര്‍ശകരായി എത്തിയ വൈദീകര്‍ വീടുകളില്‍ ബലിയര്‍പ്പിച്ചു പോന്നു.

സ്വന്തം മാതൃഭാഷയില്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരാനുള്ള റോക്ക്‌ലാന്റിലെ സീറോ മലബാര്‍ ജനതയുടെ അന്വേഷണത്തിന്റെ പൂര്‍ത്തീകരണമായിരുന്നു രണ്ടരപ്പതിറ്റാണ്ടിനപ്പുറം ഫാ. ജോര്‍ജ്‌ കളപ്പുര സി.എം.ഐ, ഹാവസ്‌ട്രോയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ചര്‍ച്ചില്‍ ആരംഭിച്ച മലയാളം കുര്‍ബാന. അമേരിക്കയിലെ തന്നെ ആദ്യത്തെ സീറോ മലബാര്‍ കൂട്ടായ്‌മകളില്‍ ഒന്നായ റോക്ക്‌ലാന്റ്‌ മിഷന്റെ തുടക്കം അവിടെ നിന്ന്‌ ആരംഭിക്കുന്നു. പിന്നീട്‌ അളുകള്‍ കൂടിയപ്പോള്‍ സൗകര്യാര്‍ത്ഥം സ്‌പ്രിംങ്‌ വാലിയിലുള്ള സെന്റ്‌ ജോസഫ്‌ ചാപ്പലിലും, ഓറഞ്ച്‌ബര്‍ഗ്‌ സൈക്യാട്രിക്‌ സെന്ററിലെ ഔവര്‍ ലേഡി ക്യൂന്‍ ഓഫ്‌ പീസ്‌ ചാപ്പലിലും ജോര്‍ജ്‌ അച്ചന്‍ കുര്‍ബാന അര്‍പ്പിച്ചു പോന്നു.

മത്തായി വര്‍ഗീസ്‌ ആവിമൂട്ടില്‍, ജോസഫ്‌ ഇല്ലിപ്പറമ്പില്‍, ജേക്കബ്‌ ചൂരവടി, ഏബ്രഹാം തലപ്പള്ളില്‍, ചാക്കോ കിഴക്കേക്കാട്ടില്‍, മാത്യു മാണി, വര്‍ഗീസ്‌ ഏബ്രഹാം, ടോമി വെട്ടം, ജോയ്‌സ്‌ വെട്ടം, ഷാജിനോന്‍ വെട്ടം, തോമസ്‌ പോടുകുന്നേല്‍, അലക്‌സ്‌ സൂസന്‍ എന്നിവരായിരുന്നു ആദ്യകാല ശുശ്രൂഷകള്‍ക്ക്‌ മേല്‍നോട്ടം വഹിച്ചിരുന്നത്‌.

ഷിക്കാഗോ രൂപത സ്ഥാപിതമാകുന്നതിനു മുന്നോടിയായി ന്യൂയോര്‍ക്ക്‌ റീജിയണിലെ സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി ഫാ. ജോസ്‌ കണ്ടത്തിത്തുടി 1999-ല്‍ നിയമിതനായി. അദ്ദേഹം തന്റെ പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തത്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയിലെ നാനുവെറ്റ്‌ സെന്റ്‌ ആന്റണീസ്‌ ദേവാലയവും ന്യൂജേഴ്‌സിയിലെ ന്യൂമില്‍ ഫോര്‍ഡ്‌ അസന്‍ഷന്‍ ദേവാലയവുമായിരുന്നു. റോക്ക്‌ലാന്‍ഡ്‌ മിഷനെ `സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ മിഷന്‍' എന്ന്‌ നാമകരണം ചെയ്‌ത്‌ എല്ലാ ശനിയാഴ്‌ചകളും രാവിലെ 9 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും ആരംഭിച്ചത്‌ ജോസച്ചനായിരുന്നു.

ഞായറാഴ്‌ചകളില്‍ ഓറഞ്ച്‌ബര്‍ഗ്‌ സൈക്യാട്രിക്‌ സെന്റര്‍ ചാപ്പലിലും പതിവായി ബലിയര്‍പ്പണം നടന്നുപോന്നു. റോക്ക്‌ലാന്റ്‌ മിഷനെ സംബന്ധിച്ചിടത്തോളം ജോസച്ചന്റെ നേതൃത്വം ആത്മീയ ഉണര്‍വിന്റെ കാലഘട്ടമായിരുന്നു. അദ്ദേഹത്തിന്റെ ദിവ്യബലിയില്‍ സംബന്ധിക്കുവാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ധാരാളം ആളുകള്‍ എത്തിയിരുന്നു.

ബ്രോങ്ക്‌സ്‌ കേന്ദ്രീകരിച്ച്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മിഷന്‍ 2002-ല്‍ സ്ഥാപിതമായപ്പോള്‍ ഫാ. ജോസ്‌ കണ്ടത്തിക്കുടി പ്രഥമ വികാരിയായി നിയമിക്കപ്പെട്ടു.

ജോസച്ചന്റെ അഭാവത്തില്‍, അദ്ദേഹം പ്രോജ്വലിപ്പിച്ച വിശ്വാസതീക്ഷണത കെടാതെ കൊണ്ടുപോകുവാന്‍ മിഷന്‍ ഡയറക്‌ടറായി നിയമിതനായ ഫാ. ഏബ്രഹാം വല്ലയില്‍ സി.എം.ഐയ്‌ക്ക്‌ സാധിച്ചു. സൈക്യാട്രിക്‌ സെന്റര്‍ ചാപ്പലില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ആരംഭിച്ചത്‌ വല്ലയില്‍ അച്ചനായിരുന്നു. മാന്നാനം കെ.ഇ. കോളജ്‌ മുന്‍ പ്രിന്‍സിപ്പലായിരുന്ന വല്ലയില്‍ അച്ചന്‍ 2006-ല്‍ നാട്ടിലേക്ക്‌ മടങ്ങിയപ്പോള്‍ ഫാ. ആന്റണി കുടുക്കാംതടം മിഷന്‍ ഡയറക്‌ടറായി നിയമിതനായി. വിശ്വാസമൂല്യങ്ങളും, സീറോ മലബാര്‍ പാരമ്പര്യവും മുറുകെപ്പിടിച്ച അദ്ദേഹം വെള്ളിയാഴ്‌ചകളില്‍ വൈകുന്നേരം കുര്‍ബാനയും വി. യൂദാസ്‌ തദേവൂസിന്റെ നൊവേനയും ആരംഭിച്ചു. ഏബ്രഹാം വല്ലയില്‍ അച്ചന്റെ കാലംമുതല്‍ ആന്റണിയച്ചന്റെ കാലംവരെ മാസത്തിലൊരിക്കല്‍ യുവജങ്ങള്‍ക്കായി ബലിയര്‍പ്പിക്കാന്‍ എത്തിയിരുന്ന ബഹുമാനപ്പെട്ട ഏബ്രഹാം ഒരപ്പാങ്കല്‍ അച്ചനെ ഈ അവസരത്തില്‍ നന്ദിയോടെ സ്‌മരിക്കുന്നു.

ആന്റണിയച്ചന്‍ തന്റെ പ്രേഷിത ദൗത്യവുമായി 2010-ല്‍ വടക്കേ അമേരിക്കയിലെക്ക്‌ മടങ്ങിയപ്പോള്‍ റോക്ക്‌ലാന്റ്‌ മിഷന്റെ ഭാഗ്യതാരമായി ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ നിയമിതനായി. പ്രശസ്‌ത ഗാനരചയിതാവും കവിയുമായ അദ്ദേഹം റോക്ക്‌ലാന്റ്‌ മിഷനെ ആത്മീയവും ഭൗതീകവുമായ ഉന്നതിയിലേക്ക്‌ അനുദിനം നയിച്ചുകൊണ്ടിരിക്കുന്നു. മിഷന്‍ ഡയറക്‌ടറായി നിയമിതനായ തദേവൂസച്ചന്റെ പ്രഥമ ശ്രദ്ധ സ്വന്തമായൊരു ദേവാലയം എന്നതായിരുന്നു. കാലാകാലങ്ങളായി സ്വന്തമായൊരു ദേവാലയം എന്ന സ്വപ്‌നംപേറി നടന്ന ഇടവക ജനത്തിന്‌ ഫുള്‍ടൈം വികാരിയായി കടന്നുവന്ന തദേവൂസ്‌ അച്ചന്‍ പുതിയ ഉണര്‍വ്വായി. വര്‍ഷങ്ങളായി സൈക്ര്യാട്രിക്‌ സെന്ററിലെ ചാപ്പല്‍ മിഷനു ലഭിക്കുമെന്ന്‌ ന്യൂയോര്‍ക്ക്‌ അതിരൂപതയില്‍ നിന്ന്‌ ഉറപ്പ്‌ ലഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത്‌ സാധ്യമായിരുന്നില്ല. തദേവൂസ്‌ അച്ചന്‍ ചുരുങ്ങിയ കാലംകൊണ്ട്‌ നിരന്തരമായി ന്യൂയോര്‍ക്ക്‌ അതിരൂപയുമായി ആശയവിനിമയം നടത്തിയതിന്റെ ഫലമായി സ്വന്തമല്ലെങ്കിലും സ്വന്തമെന്നപോലെ ഉപയോഗിക്കുന്നതിനായി വെസ്ലി ഹില്‍സിലുള്ള സെന്റ്‌ ബോണിഫസ്‌ ദേവാലയം സീറോ മലബാര്‍ മിഷനുമായി പങ്കുവെയ്‌ക്കാന്‍ ന്യൂയോര്‍ക്ക്‌ അതിരൂപത തീരുമാനിച്ചു. ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ രണ്ടു കമ്യൂണിറ്റിയുടേയും പാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്‌തു. ഏറെക്കാലമായി കൊണ്ടുനടന്ന സ്വന്തമായൊരു ദേവാലയം എന്ന സ്വപ്‌നം പൂവണിയുന്ന ധന്യമുഹൂര്‍ത്തമായ ഓഗസ്റ്റ്‌ ഒന്നിനായി കാത്തിരിക്കുകയാണ്‌ റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ മിഷന്‍.

ഓഗസ്റ്റ്‌ ഒന്നാം തീയതി വൈകുന്നേരം ആറുമണിക്ക്‌ ദേവാലയ സമര്‍പ്പണത്തിനും കൃതജ്ഞതാ ബലിക്കുമായി ദേവാലയത്തിലെത്തുന്ന അഭി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ അലഞ്ചേരി, ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ന്യൂയോര്‍ക്ക്‌ അതിരൂപതാ വികാരി ജനറാള്‍ ബിഷപ്‌ ഡെന്നീസ്‌ സാമിവന്‍, ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി തുണ്ടത്തില്‍ എന്നിവരേയും മറ്റ്‌ വിശിഷ്‌ട വ്യക്തികളേയും താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ കൊടി തോരണങ്ങളാല്‍ അലംകൃതമായ വീഥിയിലൂടെ ദേവാലയത്തിലേക്ക്‌ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും, ദേവാലയ സമര്‍പ്പണവും നടക്കും. തിരുകര്‍മ്മങ്ങള്‍ക്കുശേഷം സോഷ്യല്‍ ഹാളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സ്വീകരണം നല്‍കും. അത്താഴ വിരുന്നോടുകൂടിപരിപാടികള്‍ സമാപിക്കും. ഈ ധന്യമുഹൂര്‍ത്തത്തില്‍ പങ്കെടുത്ത്‌ അനുഗ്രഹീതരാകുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി മിഷന്‍ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ അറിയിക്കുന്നു.

ദേവാലയ സമര്‍പ്പണവും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ നല്‍കുന്ന സ്വീകരണവും വന്‍ വിജയമാക്കുവാന്‍ അലക്‌സ്‌ തോമസ്‌ ചെയര്‍മാനായി ജയിംസ്‌ കണാച്ചേരില്‍, ജോസഫ്‌ വാണിയപ്പള്ളില്‍, സന്തോഷ്‌ മണലില്‍, ജോസഫ്‌ ഏബ്രഹാം, ട്രീസ മാര്‍ട്ടിനസ്‌, റോയ്‌ ആന്റണി, ജയിന്‍ ജേക്കബ്‌, ജോളി ജോസഫ്‌, ഷാജിമോന്‍ വെട്ടം, ജോണ്‍ ദേവസ്യ, ജോസ്‌ അക്കക്കാട്ടില്‍, സോഫിയ മണലില്‍, ജോര്‍ജ്‌ കണ്ടന്‍ചിറ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൈക്കാരന്മാരായ ജേക്കബ്‌ ചുരവടിയും ഡൊമിനിക്‌ വയലുങ്കലും നേതൃത്വം നല്‍കിവരുന്നു. റോയ്‌ ആന്റണ (ചെയര്‍മാന്‍ പബ്ലിസിറ്റി) അറിയിച്ചതാണിത്‌.
അനുഗ്രഹവര്‍ഷത്തിന്റെ കാല്‍ നൂറ്റാണ്ടിലൂടെ റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ മിഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക