Image

ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞന് യൂറി മില്‍നര്‍ പുരസ്‌കാരം;യുഎസ് എഴുത്തുകാരന്‍ ജോര്‍ജ് വിഡാല്‍ അന്തരിച്ചു

Published on 01 August, 2012
ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞന് യൂറി മില്‍നര്‍ പുരസ്‌കാരം;യുഎസ് എഴുത്തുകാരന്‍ ജോര്‍ജ് വിഡാല്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞന്‍ അശോകെ സെന്നിന് ന്യൂയോര്‍ക്കിലെ യൂറി മില്‍നെര്‍ ഫണ്ടമെന്റല്‍ ഫിസിക്‌സ് പുരസ്‌കാരം. പുരസ്‌കാരത്തുകയുടെ വലിപ്പം കണക്കിലെടുത്താല്‍ ഏറ്റവും വലിയ പുരസ്‌കാരമാണിത്. മൂന്ന് മില്യണ്‍ ഡോളര്‍(ഏകദേശം 16 കോടി രൂപ) ആണ് പുരസ്‌കാരത്തുക. അലഹാബാദിലെ ഹരീഷ് ചന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രഫസറാണ് അശോകെ സെന്‍. സെന്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കാണ് റഷ്യന്‍ ഭൗതികശാസ്ത്ര വിദ്യാര്‍ഥിയും പിന്നീട് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റുകളിലെ നിക്ഷേപകനുമായിരുന്ന യൂറി മില്‍നറുടെ പേരില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം സമ്മാനിക്കുന്നത്. യുവ ഭൗതിക ശാസ്ത്രജ്ഞരുടെ സംഭാവനകള്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. അശോകെ സെന്നിനെ 2001ല്‍ ഇന്ത്യ പത്മശ്രീയും 1994ല്‍ എസ്എസ് ഭട്‌നാഗര്‍ പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. 

ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കളെവെച്ച് രൂപീകരിക്കുന്ന ജൂറിയായിരിക്കും അടുത്ത വര്‍ഷത്തെ പുരസ്‌കാര ജേതാക്കളെ നിശ്ചയിക്കുക. സമ്മാനത്തുക വിജയികള്‍ക്കിടയില്‍ തുല്യമായി വീതിക്കുമെന്നായിരുന്നു പുരസ്‌കാരം ലഭിച്ചപ്പോള്‍ പുരസ്‌കാര ജേതാക്കളിലൊരാളും മാസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫിസിക്‌സിലെ പ്രഫസറുമായ അലന്‍ എച്ച് ഗുത്ത് കരിതിയത്. എന്നാല്‍ പുരസ്‌കാര ജേതാക്കള്‍ക്കെല്ലം മൂന്ന് മില്യണ്‍ ഡോളര്‍ വീതം ലഭിക്കുമെന്നറിഞ്ഞപ്പോള്‍ അദ്ദേഹവും ഞെട്ടിപ്പോയി. നോബേല്‍ സമ്മാനത്തുകപോലും 1.2 മില്യണ്‍ ഡോളറായിരിക്കെ ഇത്രയും വലിയൊരു പുരസ്‌കാരം ലഭിച്ചാല്‍ ആരായാലും ഞെട്ടിപ്പോകും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഫേസ്ബുക്ക്, ട്വിറ്റര്‍, സ്‌പോട്ടിഫൈ തുടങ്ങിയ കമ്പനികളില്‍ കനത്ത നിക്ഷേപം നടത്തി സിലിക്കണ്‍വാലിയിലെ അത്ഭുതമായി മാറിയ മില്‍നെര്‍(50)ക്ക് 12 ബില്യണ്‍ നിക്ഷേപവും ഒരു ബില്യണ്‍ ഡോളറിന്റെ സ്വകാര്യ അസ്തിയുമുണ്ട്.

യുഎസ് എഴുത്തുകാരന്‍ ജോര്‍ജ് വിഡാല്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രമുഖ യുഎസ് എഴുത്തുകാരന്‍ ജോര്‍ജ് വിഡാല്‍(86) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ലോസാഞ്ചല്‍സിലെ വസതിയിലായിരുന്നു അന്ത്യം. ന്യുമോണിയബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇരുപത്തിയഞ്ചോളം നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിഡാലിന്റെ Burr and Myra Breckenridge, ഏറെക്കാലം ബെസ്റ്റ് സെല്ലറായിരുന്നു. ഇരുന്നൂറോളം പ്രബന്ധങ്ങളും നിരവധി നാടകങ്ങളും രചിച്ചിട്ടുണ്ട്. രണ്ടു തവണ കോണ്‍ഗ്രസ് സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം മികച്ച കമന്റേറ്റര്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.

പ്രചാരണത്തിന് ഐഫോണ്‍ ആപ്ലിക്കേഷനുമായി ഒബാമയും

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി ബറാക് ഒബാമ ക്യാംപ് ഐഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് നൂറു ദിവസങ്ങള്‍ക്ക് താഴെ മാത്രമുള്ളപ്പോഴാണ് സൈബര്‍ പ്രചാരണവുമായി ഒബാമ വരുന്നത്. ഒബാമ ക്യാംപെയിനിന്റെ സെന്‍ട്രല്‍ ഡാറ്റാബേസില്‍ നിന്ന് വോട്ടര്‍മാര്‍ക്ക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ വളണ്ടിയര്‍മാക്ക് തങ്ങളുടെ അടുത്തുള്ള വോട്ടര്‍മാരുടെ പട്ടിക കാണാനും വോട്ടഭ്യര്‍ഥന നടത്താനും കഴിയും. മെയ് അവസാനവാരത്തില്‍ തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ മിറ്റ് റോംനി തന്റെ പ്രചാരണത്തിനുള്ള ഐഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു.

സുരേന്ദ്രപ്രസാദ് മഹാപത്രയ്ക്ക് ജാമ്യം

ന്യൂയോര്‍ക്ക്: ഹോട്ടലിലെ വനിതാ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നെന്ന പരാതിയില്‍ യുഎസില്‍ അറസ്റ്റിലായ മുതിര്‍ന്ന ഇന്ത്യന്‍ ഐഎഫ്എസ് ഓഫീസര്‍ സുരേന്ദ്ര പ്രസാദ് മഹാപത്രയെ ജാമ്യത്തില്‍ വിട്ടു. വെള്ളിയാഴ്ച ജാമ്യം ലഭിച്ച മഹാപത്ര ശനിയാഴ്ച ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കൗണ്‍സിലിലെത്തി. വിചാരണാ നടപടികളുടെ ഭാഗമായി മഹാപത്ര ഇന്ന് പെന്‍സില്‍വാനിയ കോടതിയില്‍ ഹാജരാകും. ജൂലായ് 24നാണ് പെന്‍സില്‍വാനിയയിലെ മാതാമോറാസ് നഗരത്തിലെ ഹോട്ടല്‍ ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് മഹാപത്രയെ അറസ്റ്റ്‌ചെയ്തത്. എന്നാല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സംഭവത്തെക്കുറിച്ച് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവു പ്രതികരിക്കാന്‍ വിസമ്മതിച്ചു. അതേസമയം, നയതന്ത്ര പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ മഹാപത്രയ്ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.1985 ബാച്ചിലെ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ് മഹാപത്ര. മഹാപത്രയുള്‍പ്പെടെ 30 ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശീലന കോഴ്‌സിനായി യു.എസ്സിലെത്തിയത്. 

ഒബാമയുടെ അമ്മയും കറുത്തവരുടെ പിന്മുറക്കാരി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വെള്ളക്കാരിയായ അമ്മ അമേരിക്കയിലെ ആദ്യത്തെ കറുത്ത വര്‍ഗ അടിമയുടെ പിന്‍തലമുറക്കാരിയെന്നു യുഎസിലെ വംശാവലി കമ്പനി ആന്‍സസ്റ്ററി.കോം അവകാശപ്പെട്ടു. ഒബാമ ജനിച്ചത് അമേരിക്കയിലെന്നും കറുത്ത വര്‍ഗക്കാരനായ പിതാവ് കെനിയക്കാരനെന്നും നേരത്തേ വെളിപ്പെടുത്തിയതാണ്. ഡിഎന്‍എ വിശകലനവും വിവാഹ, സ്വത്ത് രേഖകളും വച്ചുള്ള പഠനത്തില്‍ നാലു നൂറ്റാണ്ടിനു മുന്‍പ് വെര്‍ജീനിയ ബ്രിട്ടിഷ് കോളനിയില്‍ ജീവിച്ച ജോണ്‍ പഞ്ച് എന്ന യുഎസിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ അടിമയുടെ 11-ാം തലമുറയിലെ കൊച്ചുമകളാണ് ഒബാമയുടെ അമ്മയായ സ്റ്റാന്‍ലി ആന്‍ ഡണ്‍ഹാം എന്നു തെളിഞ്ഞു.

ജോണ്‍ പഞ്ച് 1640ല്‍ വീട്ടുവേലയ്ക്കു നിന്നിടത്തുനിന്ന് ഒളിച്ചുപോയതിനു ജീവപര്യന്തം അടിമവേലയ്ക്കു ശിക്ഷിക്കപ്പെട്ടയാളാണ്. അടിമവേല നിയമവിധേയമാക്കി നിയമം പാസാക്കുംമുന്‍പേ ജോണ്‍ പഞ്ച് അടിമയായിരുന്നു. അതിനാല്‍ നിയമാനുസരണം തന്നെ അടിമയാക്കപ്പെട്ട ആദ്യത്തെ ചിലരില്‍ ഒരാളാണ് അദ്ദേഹമെന്നാണ് അനുമാനം. ജോണ്‍ പഞ്ചിനു വെള്ളക്കാരി സ്ത്രീയില്‍ കുട്ടികളുണ്ടായി. സ്ത്രീയുടെ സ്വതന്ത്രപദവി മക്കള്‍ക്കു ലഭിച്ചപ്പോള്‍ രേഖകളില്‍ കുടുംബപ്പേര് പഞ്ച് എന്നത് അല്‍പം മാറ്റി ബഞ്ച് എന്നാക്കി. ഈ കുടുംബപ്പേര് ഡണ്‍ഹാം കുടുംബവംശാവലിയിലുണ്ട്. 'ബഞ്ചുമാര്‍ വിവാഹിതരായി വെര്‍ജീനിയയിലെ പ്രമുഖ ഭൂവുടമകളായി. ക്രമേണ വെള്ളക്കാരായി അറിയപ്പെടുകയും ചെയ്തു.

കുട്ടിയെ തട്ടിയെടുത്തതിന് 24 വര്‍ഷത്തിനുശേഷം തടവ്

ന്യൂയോര്‍ക്ക്: ആശുപത്രിയില്‍ നിന്നു നവജാത പെണ്‍ശിശുവിനെ തട്ടിയെടുക്കുകയും 24 വര്‍ഷം സ്വന്തം മകളെപ്പോലെ വളര്‍ത്തുകയും ചെയ്ത സ്ത്രീയെ 12 വര്‍ഷം തടവിനു ശിക്ഷിച്ചു. സ്ഥിരമായി ഗര്‍ഭം അലസുന്ന സാഹചര്യമുണ്ടായപ്പോള്‍ മാനസികനില തെറ്റിയ ആന്‍ പാറ്റ്‌വെ നഴ്‌സിന്റെ വേഷം ധരിച്ചു ഹാലെം ആശുപത്രിയിലെത്തി മൂന്നാഴ്ച മാത്രമായ കര്‍ലിന വൈറ്റ് എന്ന പെണ്‍കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു. 1987 ഓഗസ്റ്റ് നാലിന് ആയിരുന്നു സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളോടു തന്റെ തെറ്റ് പാറ്റ്‌വെ ഏറ്റുപറഞ്ഞു. പക്ഷേ, കുഞ്ഞിനെ കാണാതായ സംഭവം തങ്ങളില്‍ ഏല്‍പ്പിച്ച മുറിവു ചില്ലറയായിരുന്നില്ലെന്നു മാതാപിതാക്കള്‍ പറഞ്ഞു. പാറ്റ്‌വെ യഥാര്‍ഥ മാതാവാണോ എന്നു സംശയം തോന്നിയ കര്‍ലിന വൈറ്റ് തന്നെയാണ് യഥാര്‍ഥ മാതാപിതാക്കളെ കണെ്ടത്താന്‍ മുന്‍കൈ എടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക