Image

സ്വര്‍ഗ്ഗത്തിന്റെ വാതില്‍ (മീട്ടു റഹ്‌മത്ത്‌ കലാം)

Published on 31 July, 2012
സ്വര്‍ഗ്ഗത്തിന്റെ വാതില്‍ (മീട്ടു റഹ്‌മത്ത്‌ കലാം)
തലമുറകള്‍ കൈമാറിവന്ന സമ്പത്തുകളുടെ കാര്യത്തില്‍ സമ്പന്നരാണ്‌ ഭാരതീയര്‍. യോഗയും നാട്യശാസ്‌ത്രവും ആയുര്‍വേദവും ഒക്കെ അങ്ങനെ രാജ്യത്തിന്റെ അന്ത:സുയര്‍ത്താന്‍ വക നല്‌കുന്ന അമൂല്യ നിധികളില്‍ ചിലതുമാത്രം. ഒരു വശത്ത്‌ അഭിമാനിക്കാനുള്ള ഇത്തരം കാര്യങ്ങള്‍ ഉണ്ടെങ്കിലും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണുകിട്ടാതിരിക്കാനെന്ന പോലൊരു കറുത്ത പൊട്ടും പാരമ്പര്യമായിത്തന്നെ നാം കൈവരിച്ചിട്ടുണ്ട്‌. അന്തവിശ്വാസം എന്ന ആ ഇരുട്ടിന്റെ കാഠിന്യംകൊണ്ട്‌ തന്നെയാകാം ശാസ്‌ത്രലോകം സൂര്യനെപ്പോലെ ഉദിച്ചുയരുമ്പോഴും അസ്‌തമയത്തിന്റെ പ്രതീതി മുന്നേറാനുള്ള പല ചുവടുവെയ്‌പുകളിലും തടസ്സത്തിന്റെ നേര്‍രൂപമായി നമുക്ക്‌ മുന്നില്‍ ഗര്‍ജ്ജനത്തോടെ നില്‍ക്കുന്നത്‌.

അന്ധമായ വിശ്വാസം എന്തിനോടു വെച്ചാലും അതിനെ അന്ധവിശ്വാസമായി കണക്കാക്കാം. എങ്കിലും ഈ വാക്കുകൊണ്ട്‌ പൊതുവെ ഉദ്ദേശിക്കുന്നത്‌ സമൂഹത്തിലെ ചില മിഥ്യാധാരണകളും ആചാരുഷ്‌ഠാനങ്ങളും ഒക്കെയാണ്‌. ഏതു മതസ്ഥരായാലും സ്വന്തം സൃഷ്‌ടാവിനെ അറിഞ്ഞ്‌ തെറ്റുകളില്‍ നിന്ന്‌ മാറി ഭക്തിയോടെ പരസ്‌പര സ്‌നേഹത്തോടെ ജീവിക്കുക എന്നതിന്റെ മാനദണ്‌ഡം തന്നെ ഒരു വിശ്വാസമാണ്‌.

പല പേരുകളില്‍ നമ്മള്‍ വിളിച്ചിട്ടും ഉത്തരം തന്നു പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ധൈര്യം തരുന്ന സര്‍വ്വശക്തനിലുള്ള വിശ്വാസം. അതൊരിക്കലും അന്ധമാകില്ല. ഖുര്‍ആനും ഗീതയും ബൈബിളും നല്‍കുന്നതിനപ്പുറം ഒരു മഹത്‌സന്ദേശം തരാന്‍ ഒരു ഗുരുവിനും ആത്മീയാചാര്യനും മനുഷ്യദൈവമെന്ന വാദവുമായി നടക്കുന്നവര്‍ക്കും കഴിയില്ല. ഈ മഹദ്‌ ഗ്രന്ഥങ്ങള്‍ പഠിച്ചുകൊണ്ട്‌ സാഹോദര്യത്തിന്റെ സന്ദേശം അനുയായികള്‍ക്ക്‌ പകരുന്നവരാണ്‌ ഉത്തമനായ ഗുരു. അല്ലാതെ അന്തരീക്ഷത്തില്‍ നിന്ന്‌ ഭസ്‌മവും കുങ്കുമവും ശിവലിംഗവും റോസാദളങ്ങളും മുല്ലപ്പൂവും കേവലം മൂന്നാംകിട മാജിക്കുകൊണ്ട്‌ കാണിച്ചുതരുന്നവരുടെ പിന്നാലെ പോകുന്ന ഭാരതീയരില്‍ ഭൂരിഭാഗം ബിരുദധാരികളാണെന്ന്‌ കേള്‍ക്കുമ്പോള്‍ ചിരിവരുന്നു. കേവല ബിരുദധാരികള്‍ വിദ്യാസമ്പരല്ല, അവര്‍ക്ക്‌ വിവരമുണ്ടായിരിക്കണമെന്നില്ല. സാമാന്യബോധം പോലും അവര്‍ക്കില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഖേദം തോന്നുന്നു. ഇടക്കാലത്ത്‌ കപട സ്വാമിജിമാരുടെ അറസ്റ്റ്‌ ഒരു ട്രെന്‍ഡ്‌ ആയിരുന്നു. ജാമ്യം പോലും കിട്ടാതെ ഇന്നും അഴിയുടെ ഭംഗി ആസ്വദിച്ചു കഴിയുന്ന അക്കൂട്ടര്‍ ഇപ്പോഴത്തെ അഴുകിയ വാര്‍ത്തകളുടെ ദുര്‍ഗന്ധത്തിനിടയില്‍ കിടന്നു ജനം മറന്നുതുടങ്ങി. പൂര്‍വ്വാധികം ശക്തിയോടെ പുതിയ കെണിയുമായി വന്നാലും രണ്ടു കൈയും നീട്ടി ഞങ്ങളെ ഒന്നുകൂടി പറ്റിക്കൂ, ഞങ്ങള്‍ അങ്ങനെയൊന്നും പഠിക്കില്ല എന്നു പറയുന്ന മണ്ടന്മാര്‍ നമുക്കിടയില്‍ തന്നെ ഉണ്ടല്ലോ. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ്‌ നമ്മളെന്ന്‌ പലരും തെളിയിച്ചതാണ്‌. ചില മനുഷ്യദൈവങ്ങളുടെ അമാനിഷീക പ്രകടനങ്ങള്‍ സ്വയം കാണിച്ചുകൊണ്ട്‌ ഡോ.എം.ഡബ്ല്യു പണ്‌ഡിറ്റ്‌ ഒരിക്കല്‍ ഇത്‌ വെറും ജാലവിദ്യയാണ്‌, ആത്മീയതയുടെ പേരില്‍ കബളിപ്പിക്കപ്പെടരുതെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടും നമ്മള്‍ നന്നായില്ല. ആര്‍.കെ മലയത്ത്‌ എന്ന പ്രൊഫഷണല്‍ മജീഷ്യന്‌ കീഴില്‍ നിലമ്പൂരില്‍ ഇത്തരം ജാലവിദ്യകള്‍ മുന്നു ദിവസത്തെ കോഴ്‌സിലൂടെ പഠിക്കാന്‍ അയ്യായിരം രൂപ മുടക്കി ഇപ്പോഴും ആളുകള്‍ എത്തുന്നുണ്ട്‌ എന്നത്‌ കബളിപ്പിക്കാന്‍ ഇനിയും ആളെ കിട്ടും എന്ന ധൈര്യംകൊണ്ടു തന്നെയാണ്‌. മനുഷ്യന്റെ ബലഹീനതയായ ചില അന്ധവിശ്വാസങ്ങളുടെ നേരേ തന്റെ രോഷം പ്രകടിപ്പിക്കാന്‍ ഏറ്റവും അധികം കഴിഞ്ഞ ഒരു വ്യക്തി എന്ന നിലയില്‍ പ്രശസ്‌തനാണ്‌ ഡോ. ഏബ്രഹാം ടി. കോവൂര്‍. പ്രേത-ഭൂത-പിശാചുകളെപ്പോലും വെല്ലുവിളിച്ച്‌ തോല്‍പ്പിക്കുകയും പുനര്‍ജന്മം പോലെ അടിസ്ഥാനമില്ലാത്ത പല കാര്യങ്ങളും ചങ്കൂറ്റത്തോടെ എതിര്‍ത്ത അദ്ദേഹത്തിന്റെ പുസ്‌തകത്തിലെ ഒരു അനുഭവ കഥ ഓര്‍മവരുന്നു. സി. കാര്‍ത്തികേയന്‍ എന്ന ആളും ഭാര്യയുമാണ്‌ കേന്ദ്രകഥാപാത്രങ്ങള്‍. ഇരുവരും മനുഷ്യദൈവാരാധകര്‍. ഒരിക്കല്‍ രോഗാവസ്ഥയില്‍ ഭാര്യ തന്റെ `ദൈവത്തെ' സ്വപ്‌നം കണ്ടുവെന്നും, ഉറക്കത്തില്‍ നിന്ന്‌ എഴുന്നേറ്റ്‌ ദൈവത്തിന്റെ ഫോട്ടോയില്‍ നോക്കിയപ്പോള്‍ ഭസ്‌മം കണ്ടുവെന്നും ഇത്‌ പതിവായി എന്നും പറഞ്ഞുനിര്‍ത്തിയ ഭര്‍ത്താവിനോട്‌ തെല്ലും അത്ഭുതപ്പെടാതെ കോവൂര്‍ പറഞ്ഞ മറുപടി എന്താണെന്നോ? ഭക്തിയുയുടെ ഏതോ ഒരു പ്രത്യേക മൂഡില്‍ എത്തുമ്പോള്‍ അയാളുടെ ഭാര്യ അവളറിയാതെ തന്നെ സ്വയം ഫോട്ടോയില്‍ ഭസ്‌മം തേയ്‌ക്കുന്നതാണെന്നും രോഗം മൂലം മാനസീകമായുണ്ടാകുന്ന പിരിമുറുക്കത്തെ ഭക്തിയിലൂടെ തളയ്‌ക്കാനുള്ള ഉപബോധമനസിന്റെ ശ്രമമാണത്രേ ഈ വിദ്യ. വിശീകരണം സത്യമാണെന്ന്‌ ബോധ്യപ്പെട്ടെങ്കിലും ഭാര്യയുടെ രോഗം വെച്ച്‌ പരീക്ഷിച്ചില്ല അയാള്‍.

മോഷ്‌ടാവിനെ പിടിക്കാന്‍ ലോകമലയാര്‍ കാവിലമ്മയ്‌ക്ക്‌ അട നേരുന്നതോടൊപ്പം ഉന്നത പോലീസ്‌ അധികാരികളെക്കൊണ്ട്‌ അന്വേഷിപ്പിക്കുകയും ചെയ്യുന്നതു പോലെയോ വര്‍ഷങ്ങളോളം കുട്ടികളില്ലാത്ത ദമ്പതികള്‍ മണ്ണാറശാലയില്‍ ഉരുളി കമഴ്‌ത്തിയിട്ട്‌ വിദഗ്‌ധ ചികിത്സ തേടുംപോലെയുള്ള ചില വിശ്വാസങ്ങള്‍.

മലയാളികള്‍ക്ക്‌ സുപരിചിതനായ ഒരു മനോരോഗി ഫാസില്‍ സംവിധാനം ചെയ്‌ത മണിച്ചിത്രത്താഴിലെ ശോഭന അവതരിപ്പിച്ച കഥാപാത്രമാണ്‌. ഗംഗയായും നാഗവല്ലിയായും മാറി മാറി സ്‌പ്‌ളിറ്റ്‌ പേഴ്‌സണാലിറ്റി എന്ന മനോരോഗത്തിന്റെ പ്രത്യേക അവസ്ഥയില്‍ അവളെ എത്തിച്ചത്‌ മുത്തച്ഛി പറഞ്ഞുകൊടുത്ത പഴങ്കഥകളും അന്ധവിശ്വാസങ്ങളുമാണ്‌. നമ്പൂതിരിയും സ്വാമിജിയും മുല്ലാക്കയും കത്തനാരുമൊക്കെ പ്രേതങ്ങളേയും ജിന്നുകളേയും പടിച്ചുകെട്ടുന്ന കഥകള്‍ അന്ധവിശ്വാസത്തിന്റെ വിത്ത്‌ വേഗത്തില്‍ ഇളം മനസുകളില്‍ വിതയ്‌ക്കും.

ഭൂമിയിലെ അടിപൊളി ജീവിതം മാത്രമല്ല ഇന്നത്തെ മനുഷ്യന്‌ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റ്‌ ഓണ്‍ലൈന്‍ ആയിട്ട്‌ ബുക്ക്‌ ചെയ്യാമെന്ന വാഗ്‌ദാനവുമായി ഒരു ആത്മീയ ഗുരു വന്നാലും ആദ്യമായി കബളിപ്പിക്കപ്പെടുക മലയാളി ആയിരിക്കും. `സ' എന്ന അക്ഷരം മാത്രമേ അറിയൂ എങ്കിലം ജാഡയോടെ ഞാന്‍ സാക്ഷരനാണെന്നു പറയുന്ന അതേ മലയാളി. അത്തരക്കാര്‍ ഒന്ന്‌ മനസിലാക്കുക. ഗംഗാ സ്‌നാനമോ, ഹജ്ജ്‌ തീര്‍ത്ഥാടനമോ നടത്തിയതുകൊണ്ട്‌ സ്വര്‍ഗ്ഗവാതില്‍ തുറക്കപ്പെടുകയില്ല.

ഓരോ മനുഷ്യനിലും ദൈവീകതയുടെ അംശമുണ്ട്‌. വിശന്നു വലയുന്നവന്‌ ഭക്ഷണം കൊടുക്കാനും കടക്കെണിയില്‍പെട്ട്‌ കിടപ്പാടം പോലും നഷ്‌ടപ്പെട്ടവന്‌ അഭയം നല്‍കാനും, പ്രതിസന്ധിയില്‍ തളര്‍ന്നിരിക്കുന്നവന്‌ വാക്കുകൊണ്ടെങ്കിലും ആശ്വാസം പകരുന്നവും കണ്‍കണ്ട ദൈവമാണ്‌. കര്‍മ്മമാണ്‌ ദൈവം. അര്‍ജുനന്‌ സാരോപദേശം നല്‍കി തേരാളിയായാണ്‌ ഭഗവാന്‍ കൃഷ്‌ണന്‍ ഇരുന്നത്‌. യുദ്ധം ചെയ്‌ത്‌ വിജയം കണ്ടത്‌ അര്‍ജുനനന്റെ പ്രയത്‌നമാണ്‌. `നീ വിതയ്‌ക്കുന്നതേ നീ കൊയ്യൂ' എന്ന്‌ യേശുക്രിസ്‌തു പറഞ്ഞിരിക്കുന്നത്‌ തന്നെയാണ്‌ അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവനെന്ന്‌ ഖുര്‍ആനില്‍ പ്രതിപാദിച്ചിരിക്കുന്നത്‌.

അന്ധവിശ്വാസത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ്‌ അന്യോന്യം സ്‌നേഹിച്ചും സഹായിച്ചും എങ്ങും സമാധാനം വിതച്ചും സന്തോഷത്തോടെ ഹ്രസ്വമായ ഈ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുക എന്ന ജന്മോദ്ദേശം തിരിച്ചറിയുക.
സ്വര്‍ഗ്ഗത്തിന്റെ വാതില്‍ (മീട്ടു റഹ്‌മത്ത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക