Image

അനുഗ്രഹമാരിയാല്‍ കുടുംബമേള ചരിത്രസംഭവമായി

ജോയിച്ചന്‍ പുതുക്കുളം Published on 31 July, 2012
അനുഗ്രഹമാരിയാല്‍  കുടുംബമേള ചരിത്രസംഭവമായി
ന്യൂയോര്‍ക്ക്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിയ്‌ക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 27 മത്‌ ഫാമിലി & യൂത്ത്‌ കോണ്‍ഫറന്‍സ്‌ ചരിത്രത്തിന്റെ ഏടുകളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട മഹാസംഭവമായി സമംഗളം പര്യവസാനിച്ചു. വടക്കേ അമേരിയ്‌ക്കയുടെയും കാനഡായുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ നൂറുകണക്കിനു സുറിയാനി സഭാമക്കള്‍ നാലു ദിവസങ്ങളായി മെരിലാണ്ടിലെ എമിറ്റ്‌സ്‌ബര്‍ക്ഷില്‍ ആചരിച്ച കൂട്ടായ്‌മ വലിയോരു കുടുംബത്തിന്റെ കൂടിച്ചേരലും , ഉത്സവസമാനമായ ആഘോഷത്തിമിര്‍പ്പുമായിരുന്നു.

സുറിയാനിസഭയിലെ ഇത്രയുമധികം ആത്മീയ പിതാക്കന്മാരും വൈദികശ്രേഷ്‌ഠരും ഒരുമിച്ച്‌ സംബന്ധിച്ച മറ്റൊരു ഫാമിലി കോണ്‍ഫറന്‍സ്‌ അമേരിയ്‌ക്കന്‍ അതിഭദ്രാസനത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. എല്ലാ പ്രായപരിധികളിലുള്‍പ്പെട്ടവര്‍ക്കും ആസ്വാദ്യകരങ്ങളായ വിവിധ കലാവിഭവങ്ങളും അതോടൊപ്പംതന്നെ ആത്മപ്രദീപ്‌തിയേകിയ പ്രബോധനങ്ങളും ഏവര്‍ക്കും നവ്യാനുഭൂതി പ്രദാനംചെയ്‌തു. കുടുംബമേളയുടെ മൂന്നാം ദിവസം നടന്ന ഘോഷയാത്രയ്‌ക്കു മുമ്പായി, പൊരിഞ്ഞ വെയിലിനെ മാറ്റി നിര്‍ത്തിക്കൊണ്ട്‌ പ്രകൃതി പോലും സഹകരിച്ച്‌ അനുഗ്രഹത്തിന്റെ ചാറല്‌മഴ എത്തിച്ചുകൊടുത്തപ്പോള്‍ പങ്കെടുത്തവര്‍ക്ക്‌ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത ഒരു ജൈത്രയാത്രയുടെ പ്രതീതിയുണര്‍ത്തി. ജൂലൈ 29 ഞായറാഴ്‌ച വിശ്വാസികളെക്കൊണ്ട്‌ നിറഞ്ഞു കവിഞ്ഞ ദൈവാലയത്തില്‍ നടന്ന വി.കുര്‍ബ്ബാനയും തുടറ്‌ന്നുള്ള ബാങ്ക്വറ്റും കഴിഞ്ഞപ്പോള്‍ ഈ വര്‍ഷത്തെ കുടുംബമേള ഇത്രവേഗം തീര്‌ന്നു പോയല്ലോ എന്നൊരു ചേതോവികാരം ഏവരുടെയും മുഖങ്ങളില്‍ നിഴലിച്ചു നിന്നു.
അനുഗ്രഹമാരിയാല്‍  കുടുംബമേള ചരിത്രസംഭവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക