Image

കടവില്‍ കോറെപ്പിസ്‌ക്കോപ്പയുടെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.

ബിജു ചെറിയാന്‍ Published on 31 July, 2012
കടവില്‍ കോറെപ്പിസ്‌ക്കോപ്പയുടെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
മേരിലാന്റ്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര അതിരൂപതയുടെ ഭദ്രാസന സെക്രട്ടറിയും, മലങ്കര സഭയിലെ സീനിയര്‍ വൈദീകരിലൊരാളും മികച്ച വാഗ്മിയുമായ വെരി.റവ. ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പയുടെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ബാള്‍ട്ടിമോര്‍ സെന്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ലളിതവും പ്രൗഢവുമായ ചടങ്ങുകളോടെ ആഘോഷിച്ചു. ജൂണ്‍ 16-#ാ#ം തീയതി ഞായറാഴ്ച നടത്തപ്പെട്ട ചടങ്ങുകളില്‍ മലങ്കര അതിഭദ്രാസനാധിപനും പാത്രിയാര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോമ തീത്തോസ് തിരുമനസ്സുകൊണ്ട് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഭദ്രാസനത്തിലെ വൈദിക ശ്രേഷ്ഠരായ റവ.ഡോ. പോള്‍ പറമ്പത്ത്(ഫിലാഡല്‍ഫിയ സെന്റ് പോള്‍സ് ചര്‍ച്ച് വികാരി), റവ.ഫാ. വര്‍ഗീസ് പോള്‍(വികാരി, സെന്റ് മേരീസ് ചര്‍ച്ച് വൈറ്റ് പ്ലെയിന്‍സ്) സാമൂഹ്യാപ്രവര്‍ത്തകര്‍, എക്യൂമെനിക്കല്‍ നേതാക്കള്‍, സുഹൃത്തുക്കള്‍ അഭ്യൂദയകാംക്ഷികള്‍ തുടങ്ങി നിരവധി പേര്‍ ആഘോഷ പരിപാടികളില്‍ പങ്കു ചേര്‍ന്നു.

അഭിവന്ദ്യ തീത്തോസ് തിരുമനസ്സിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബ്ബാനക്കുശേഷം സുവര്‍ണ്ണജൂബിലി നിറവില്‍ എത്തിയ വന്ദ്യ കടവില്‍ കോറെപ്പിസ്‌ക്കോപ്പയെ അനുമോദിക്കുവാന്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് അദ്ധ്യക്ഷത വഹിച്ചു. യോഗാരംഭമായി ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന മോര്‍ ഇഗ്നാത്തിയോസ് സഖാഇവാസ് ഒന്നാമന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രത്യേക ആശംസാസന്ദേശം റവ.ഡോ.പോള്‍ പറമ്പത്ത് വായിക്കുകയുണ്ടായി. പരിശുദ്ധ സഭയുടെ വിവിധ മേഖലകളില്‍ തികഞ്ഞ ദൈവാശ്രയത്തില്‍ അര്‍പ്പണബോധത്തോടെ കടവില്‍ ഏബ്രഹാം കോറെപ്പിസ്‌ക്കോപ്പ നല്‍കി വരുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നും, അദ്ദേഹത്തിന്റെ ശുശ്രൂഷകള്‍ ഇനിയുമേറെക്കാലം സഭയുടെ വളര്‍ച്ച താങ്ങാകുവാന്‍ സ്വര്‍ഗീയ അനുഗ്രഹങ്ങള്‍ ലഭ്യമാകട്ടെയെന്നും പാത്രീയര്‍ക്കീസ് ബാവ തിരുമനസ്സുകൊണ്ട് ആശംസിച്ചു. അമേരിക്കന്‍ ആര്‍ച്ച് ഡയോസിസ് വൈദീക സെക്രട്ടറി, ഭദ്രാസന സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹം നല്‍കിവരുന്ന ഉജ്ജ്വല നേതൃത്വത്തെ ബാവ തിരുമനസ്സുകൊണ്ട് പ്രത്യേകം ശ്ലാഘിക്കുകയുണ്ടായി.

ഒരു മാതൃകാ വൈദീകനായ കടവില്‍ കോറെപ്പിസ്‌ക്കോപ്പ പരിശുദ്ധ സഭക്കും ഭദ്രാസനത്തിനും, സമൂഹത്തിനും മുതല്‍ക്കൂട്ടാണെന്നും, അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ത്വരിതമായ വളര്‍ച്ചക്കും ഐക്യത്തിനുമായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ജൂബിലേറിയന്റെ മേല്‍ അനുഗ്രഹ വര്‍ഷമുണ്ടാകട്ടെയെന്ന് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത ആശംസിച്ചു. മികച്ച സംഘാടകന്‍, സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍, ഫാമിലി& മാര്യേജ് കൗണ്‍സിലര്‍, ഭദ്രാസനത്തിലെ വിവിധ ചുമതലകള്‍ എന്നീ നിലകളിലുള്ള അച്ചന്റെ നിസ്തുല സംഭാവനകള്‍ മെത്രാപ്പോലീത്ത തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ വിവരക്കുകയുണ്ടായി. ഭദ്രാസനത്തിന്റെ പേരില്‍ പ്രത്യേക പ്രശംസാഫലകവും, വാഴ്ത്തിയ കുരിശുമാലയും മെത്രാപ്പോലീത്ത കോറെപ്പിസ്‌ക്കോപ്പക്ക് സമ്മാനിച്ചു.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, എക്യൂമെനിക്കല്‍ പ്രവര്‍ത്തകനും മുന്‍ പ്രസിഡന്റുമായ ശ്രീ. ഏബ്രഹാം ജോഷ്വാ, സാമൂഹ്യ പ്രവര്‍ത്തകനും ഫോമാ ജനറല്‍ സെക്രട്ടറിയുമായ ബിനോയി തോമസ്, റവ.ഡോ.പോള്‍ പറമ്പത്ത്, റവ.ഫാ.വര്‍ഗീസ് പോള്‍(അരമന മാനേജര്‍), ഡീക്കന്‍ അനി സ്‌ക്കറിയ (യൂത്ത് അസോസിയേഷന്‍), തുടങ്ങിയ ആശംസകള്‍ നേര്‍ന്നു. സെന്റ് തോമസ് ഇടവകയെ പ്രതിനിധീകരിച്ച് ശ്രീ. ജോയി ജോണ്‍, ശ്രീമതി. സാറാമ്മ ഏബ്രഹാം എന്നിവരും ആശംസ പ്രസംഗം ചെയ്യുകയുണ്ടായി. ഇടവകയുടെ പാരിതോഷികം ട്രഷറര്‍ ശ്രീ. ജോര്‍ജ് വര്‍ഗീസ് ചടങ്ങില്‍ സമ്മാനിച്ചു. ശ്രീമതി സബിനി മോഹന്‍ സ്വാഗതവും സെക്രട്ടറി ശ്രീ. ജയന്‍ ജേക്കബ് കൃതജ്ഞതയും അര്‍പ്പിച്ചു. അനുമോദനങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ചെയ്ത ലഘുപ്രസംഗത്തില്‍ അരനൂറ്റാണ്ടുകാലം വൈദീകശുശ്രൂഷയിലൂടെ പരിശുദ്ധ സഭയെ സേവിക്കുവാന്‍ ലഭ്യമായ വൈദീക അനുഗ്രഹങ്ങള്‍ക്കായി പ്രത്യേകം സ്‌ത്രോത്രമര്‍പ്പിച്ചു. അഭിവന്ദ്യ തീത്തോസ് തിരുമനസ്സിന്റെ ഭദ്രാസന ഭരണത്തിന്‍ കീഴില്‍ പരിശുദ്ധ സഭക്ക് അമേരിക്കന്‍ മണ്ണില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ത്വരിത വളര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും വൈദിക സെക്രട്ടറി, ഭദ്രാസന സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്യുവാന്‍ നല്‍കിയ അവസരത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടവക ജനങ്ങളുടെ സ്‌നേഹ ബഹുമാനങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും പ്രത്യേകം കൃതജ്ഞത അറിയിച്ചു. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു. ഇടവകക്കുവേണ്ടി ബിജു ചെറിയാന്‍
പാരോച്ചാലിന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.
കടവില്‍ കോറെപ്പിസ്‌ക്കോപ്പയുടെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക