Image

ജെയിംസ് ഹോംസിനെതിരെ കൊലക്കുറ്റം ചുമത്തി; റോസ് ലെവിന്‍സോണ്‍ യാഹു വിട്ടു

Published on 30 July, 2012
ജെയിംസ് ഹോംസിനെതിരെ കൊലക്കുറ്റം ചുമത്തി; റോസ് ലെവിന്‍സോണ്‍ യാഹു വിട്ടു
കൊളറാഡോ: കൊളറാഡോയിലെ സിനിമാ തിയറ്ററില്‍ വെടിവെയ്പ്പ് നടത്തി 12 പേരെ വധിച്ച കേസിലെ മുഖ്യപ്രതി ജെയിംസ് ഹോംസിനെതിരെ കോടതി കൊലക്കുറ്റമടക്കം 142 ഓളം കുറ്റങ്ങള്‍ ചുമത്തി. 12 പേരെ വധിച്ചതിന് 24 കൊലക്കുറ്റങ്ങളും 58 പേരെ ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് 116 ഓളം വധശ്രമ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഹോംസിന് പരമാവധി ശിക്ഷയായ വധശിക്ഷ വരെ ലഭിക്കാം. കോടതിയില്‍ ഹാജരാക്കിയ ഹോംസ് നിശബ്ദനായുരുന്നു. കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന പോലെയായിരുന്നു ഹോംസിന്റെ പെരുമാറ്റമെന്ന് ഡെന്‍വര്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ജോണ്‍ ഇന്‍ഗോള്‍ഡ് പറഞ്ഞു. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരരും പരിക്കേറ്റവരുടെ ബന്ധുക്കളും കോടതിയില്‍ വാദം കേള്‍ക്കാനായി എത്തിയിരുന്നു. ബാറ്റ്മാന്‍ ഷര്‍ട്ട് ധരിച്ചാണ് ഭൂരിഭാഗംപേരും കോടതിയില്‍ എത്തിയത്.

റോസ് ലെവിന്‍സോണ്‍ യാഹു വിട്ടു


സാന്‍ഫ്രാന്‍സിസ്‌കോ: ഇടക്കാല യാഹു സിഇഒ ആയിരുന്ന റോസ് ലെവിന്‍സോണ്‍ യാഹുവിന്റെ പടിയിറങ്ങി. ഗൂഗിള്‍ എക്‌സിക്യൂട്ടീവ് മരിസ മേയര്‍ യാഹു സിഇഒ ആയി ചുമലയേറ്റതിനെത്തുടര്‍ന്നാണ് ലെവിന്‍സോണ്‍ യാഹുവിന്റെ പടിയിറങ്ങുന്നത്. 2010ലാണ് ലെവിന്‍സോണ്‍ വന്‍ ശമ്പളത്തില്‍ യാഹു സിഇഒ ആയി ചുമതലയേറ്റത്. നിക്ഷേപ സ്ഥാപനമായ ഫ്യൂസ് ക്യാപ്പിറ്റലിന്‍രെ മാനേജിംഗ് ഡയറക്ടറായിരുന്നു ലെനിന്‍സോണ്‍ അതുവരെ.

വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തില്‍ ഒബാമയ്ക്ക് ഉറച്ച വിശ്വാസം

വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായി രംഗത്തുള്ള റിപ്പബ്ലിക്കന്‍ അംഗം മിറ്റ് റോംനിക്കെതിരെ വിജയിക്കാനാവുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഉറച്ച വിശ്വാസം. അതേസമയം, തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്ന് അദ്ദേഹം സമ്മതിച്ചു. തിരഞ്ഞെടുപ്പ് ഇന്നു നടന്നാല്‍ അത് വിജയിക്കാനാവുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പിന് 99 ദിവസം ബാക്കി നില്‍ക്കുകയാണ്. എല്ലാ ദിവസവും വിജയത്തെക്കുറിച്ച് ഇങ്ങനെ പറയാനാവുമെങ്കില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാവും. - ന്യൂയോര്‍ക്കിലെ പ്രചാരണവേളയില്‍ ഒബാമ പറഞ്ഞു. രണ്ടാം കാലയളവില്‍ താന്‍ മുന്നോട്ടു വച്ച നയപരിപാടികള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് വിശ്വാസം. യൂറോപ്പിന് സ്ഥിരത നല്‍കുകയും ഒപ്പം വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക രംഗം, ഊര്‍ജം, ഇമിഗ്രേഷന്‍ പരിഷ്‌കരണം തുടങ്ങിയ രംഗങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനുമായാല്‍ വരും ദശകങ്ങളില്‍ അമേരിക്കയുടെ കുതിപ്പിന് തടസമുണ്ടാകുമെന്ന തോന്നല്‍ ഉണ്ടാവില്ലെന്നും ഒബാമ വിശദീകരിച്ചു. നവംബര്‍ ആറിനാണു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

ന്യുയോര്‍ക്കിലെ പ്ലാസ ഹോട്ടലില്‍ സഹാറയ്ക്ക് ഓഹരി മേധാവിത്വം

ന്യൂയോര്‍ക്ക്: ന്യുയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഹോട്ടല്‍ പ്ലാസയുടെ നിയന്ത്രണം ഇനി സഹായ ഗ്രൂപ്പിന്റെ കൈകളില്‍. ഹോട്ടല്‍ പ്ലാസയുടെ ഓഹരികളില്‍ പ്രധാന പങ്ക് സഹാറ സ്വന്തമാക്കി. 570 ദശലക്ഷം ഡോളറിനാണ് 105 വര്‍ഷം പഴക്കമുള്ള, ന്യുയോര്‍ക്ക് നഗരത്തിന്റെ മുഖമുദ്രയായ ഹോട്ടല്‍ പ്ലാസയുടെ നിയന്ത്രണം സഹാറ സ്വന്തമാക്കിയത്. 

ഇസ്രയേലി റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ എല്‍ദ് പ്രൊപ്പര്‍ട്ടീസ്, സൗദി ആസ്ഥാനമായുള്ള കിംഗ്ഡം ഹോള്‍ഡിംഗ്‌സ് കമ്പനികളായിരുന്നു ഹോട്ടലിന്റെ മുഖ്യ പങ്ക് ഓഹരികള്‍ കൈയ്യടക്കിവച്ചിരുന്നത്. യിസ്താക് ഷുവയുടെ ഉടമസ്ഥതയിലുള്ള എല്‍ദ് പ്രൊപ്പര്‍ട്ടീസിന് 1.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 60 ശതമാനം ഓഹരികളുണ്ടായിരുന്നു. എട്ടു വര്‍ഷം മുന്‍പ് 675 ദശലക്ഷം ഡോളറിനാണ് ഷുവ ഈ ഓഹരി സ്വന്തമാക്കിയത്. അറ്റകുറ്റപ്പണി നടത്തി ഹോട്ടല്‍ മറിച്ചുവില്‍ക്കുന്നതുവഴി ഷുവ 500 മില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി കോടീശ്വരനായ അല്‍വലീദ് ബിന്‍ തലാലിന്റെ കിംഗ്ഡത്തിന് 25 ശതമാനം ഓഹരികളാണുണ്ടായിരുന്നത്. ഇത് തുടര്‍ന്നും നിലനില്‍ക്കും. 1999 മുതല്‍ ഹോട്ടലിന്റെ ദൈന്യംദിന ചുമതല വഹിച്ചിരുന്ന ഫെയര്‍മോണ്ട് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട് ഗ്രൂപ്പ് തന്നെയായിരുന്നു തുടര്‍ന്നും നടത്തിപ്പ് ചുമതയല വഹിക്കുക.

ജെയിംസ് കാമറൂണ്‍ ഇനി കര്‍ഷകന്‍

ന്യൂയോര്‍ക്ക്: അവതാര്‍, ടൈറ്റാനിക് തുടങ്ങിയ സിനിമകളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ഹോളിവുഡ് സംവിധായകന്‍ ജയിംസ് കാമറൂണ്‍ സംവിധായകന്റെ കുപ്പായമഴിച്ചുവെച്ച് ഇനി കര്‍ഷകന്റെ റോളില്‍. സംഗതി സിനിമയിലൊന്നുമല്ല, യഥാര്‍ഥ ജീവിതത്തില്‍ത്തന്നെ. കൃഷിക്കായി ന്യൂസീലന്‍ഡില്‍ 1.6 കോടി ഡോളര്‍ (88 കോടി രൂപ) മുടക്കി 2500 ഏക്കര്‍ സ്ഥലം വാങ്ങിയിരിക്കുകയാണ് ഇദ്ദേഹം. അവതാറിന്റെ തുടര്‍ചിത്രങ്ങളായ അവതാര്‍ 2, അവതാര്‍ 3 എന്നിവ ഒരുക്കുന്നതിനൊപ്പം കൃഷിയിലും അത്ഭുതങ്ങള്‍ വിരിയിക്കാനാണു കാമറൂണിന്റെ ശ്രമം. ഭൂമിയിലെ ഏറ്റവും ആഴമുള്ള പ്രദേശമായ മരിയാന ട്രഞ്ചിലേക്ക് ഒറ്റയ്ക്കു യാത്രചെയ്തും കാമറൂണ്‍ ഈയിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ജെയിംസ് ഹോംസിനെതിരെ കൊലക്കുറ്റം ചുമത്തി; റോസ് ലെവിന്‍സോണ്‍ യാഹു വിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക