Image

കാര്‍ണിവല്‍ ഗ്ലോറിയിലെ മീഡിയാ സെമിനാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 30 July, 2012
കാര്‍ണിവല്‍ ഗ്ലോറിയിലെ മീഡിയാ സെമിനാര്‍
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ മലയാളം മരിക്കുന്നുവോ? ഭാഷാസ്‌നേഹികളെ മാത്രമല്ല, മലയാള നാട്ടില്‍ നിന്ന്‌ കുടിയേറിയിട്ടുള്ള ആരിലും ഭീതിയുണര്‍ത്തുവാന്‍ പ്രാപ്‌തമായ ചോദ്യമാണിത്‌. അതുപോലെ തന്നെ സാധാരണ മലയാളികള്‍ കൗതുകത്തോടെ നോക്കിക്കാണുന്ന ഒരു സംഗതിയാണ്‌ കൂണുപോലെ മുളച്ചുവരുന്ന പത്രക്കാര്‍. സാമൂഹ്യ പ്രവര്‍ത്തകരൊക്കെയും ഇപ്പോള്‍ പത്രക്കാരായി മാറിക്കൊണ്ടിരിക്കുന്ന അസാധാരണമായ കാഴ്‌ചയാണ്‌ ഇപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ കണ്ടുവരുന്നത്‌.

ഈ രണ്ട്‌ കൗതുകങ്ങളും ഫോമയുടെ ക്രൂസ്‌ കണ്‍വെന്‍ഷനിലെ മീഡിയാ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അമേരിക്കയിലെ മലയാള മാധ്യമ രംഗത്തെ പ്രഗത്ഭരായ ജോര്‍ജ്‌ ജോസഫും, ജോര്‍ജ്‌ തുമ്പയിലും ചെയര്‍പേഴ്‌സണ്‍സ്‌ ആയിട്ടുള്ള മീഡിയാ സെമിനാര്‍ കമ്മിറ്റി, പുതുമയാര്‍ന്ന ഈ ചര്‍ച്ചയുടെ അവതരണത്തിനായി തെരഞ്ഞെടുത്തതാവട്ടെ മലയാള പത്രത്തറവാട്ടിലെ ഇളം തലമുറക്കാരേയും. മലയാള മനോരമ ഓണ്‍ലൈന്‍ സീനിയര്‍ കണ്ടന്റ്‌ കോര്‍ഡിനേറ്റര്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ ചര്‍ച്ചകള്‍ക്ക്‌ തുടക്കംകുറിക്കും. അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഡോ. ഡി. ബാബു പോള്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും.

രാജു പള്ളം (ഏഷ്യാനെറ്റ്‌ യു.എസ്‌.എ), ജോസ്‌ ഏബ്രഹാം (മലയാളം ടെലിവിഷന്‍), ഫിലിപ്പ്‌ മഠത്തില്‍ (ബോം ടിവി), സഖറിയാ കരുവേലി (എം.സി.എന്‍), ജെ. മാത്യൂസ്‌ (ജനനി), ഡോ. സാറാ ഈശോ (ജനനി), സണ്ണി പൗലോസ്‌ (ജനനി), ജോര്‍ജ്‌ കാക്കനാട്ട്‌ (ആഴ്‌ചവട്ടം), ജോസ്‌ ചേന്നിക്കര (മലയാളി സംഗമം), ജോയിച്ചന്‍ പുതുക്കുളം (ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം), മധു രാജന്‍ (അശ്വമേധം), രാജു മൈലപ്ര (അശ്വമേധം), സജി ഏബ്രഹാം (കേരള ഭൂഷണം) എന്നിവര്‍ വിവിധ മീഡിയകളെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചകളില്‍ പങ്കെടുക്കും.

കണ്‍വെന്‍ഷന്റെ അഞ്ചാംദിനം ഞായറാഴ്‌ച രാവിലെ 10 മുതല്‍ 12 വരെ ഗ്രീന്‍ റൂമിലാണ്‌ മീഡിയാ സെമിനാര്‍ നടക്കുന്നത്‌.

'അമേരിക്കന്‍ മലയാളി മാധ്യമരംഗം മരണമണിക്ക്‌ കാതോര്‍ക്കുന്നുവോ?', `വാളെടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാടുകളോ' എന്ന്‌ പേരിട്ടിരിക്കുന്ന ഈ രണ്ട്‌ ചര്‍ച്ചകളിലേക്കും കാര്‍ണിവല്‍ ഗ്ലോറിയില്‍ എത്തുന്ന എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ചെയര്‍പേഴ്‌സണ്‍മാര്‍ അറിയിച്ചു.
കാര്‍ണിവല്‍ ഗ്ലോറിയിലെ മീഡിയാ സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക